ചിറ്റാർ കസ്റ്റഡി മരണം: മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ്
text_fieldsകൊച്ചി: പത്തനംതിട്ട ചിറ്റാറിൽ വനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത കുടപ്പനക്കുളം അരീക്കാവ് പടിഞ്ഞാറേ ചരുവിൽ മത്തായിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ട സംഭവത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി അന്വേഷണ സംഘം ഹൈകോടതിയെ അറിയിച്ചു.
മത്തായിയുടെ കസ്റ്റഡി മരണത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഭാര്യ ഷീബമോൾ നൽകിയ ഹരജിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പത്തനംതിട്ട എസ്.പി കെ.ജി. സൈമണിെൻറ വിശദീകരണം. ആദ്യം അസ്വാഭാവിക മരണത്തിനാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെങ്കിലും മനപ്പൂർവമല്ലാത്ത നരഹത്യ, അന്യായമായി തട്ടിക്കൊണ്ടുപോയി തടവിലാക്കൽ, തെളിവുനശിപ്പിക്കൽ, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എഫ്.ഐ.ആർ പരിഷ്കരിച്ചു.

