ചിത്തരഞ്ജൻ എം.എൽ.എ പരാതി നൽകിയ ഹോട്ടലിൽ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു
text_fieldsആലപ്പുഴ: പി.പി ചിത്തരഞ്ജൻ എം.എൽ.എ പരാതി പറഞ്ഞ ആലപ്പുഴ കണിച്ചുകുളങ്ങരയിലുളള ഹോട്ടലിൽ അപ്പത്തിനും മുട്ടറോസ്റ്റിനും വില കുറച്ചു. ഫാനിന്റെ സ്പീഡ് കൂട്ടിയാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ളൊരു അപ്പത്തിന് 15 രൂപയും സിംഗിൾ മുട്ട റോസ്റ്റിന് 50 രൂപയും ഈടാക്കിയെന്നായിരുന്നു എം.എൽ.എയുടെ പരാതി.
അഞ്ചു അപ്പത്തിനും രണ്ടു മുട്ടക്കറിക്കും അമിത വില ഈടാക്കിയെന്ന പി.പി ചിത്തരഞ്ജന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് വില കുറച്ചുവെന്ന് ഉടമസ്ഥൻ അറിയിക്കുകയായിരുന്നു.ഒരു അപ്പത്തിന് 15 രൂപ ഈടാക്കിയിരുന്നത് കുറച്ച് 10 രൂപയാക്കിയതായും മുട്ടറോസ്റ്റിന് 10 രൂപ കുറച്ച് 40 രൂപയാക്കിയതായും ഹോട്ടൽ ഉടമ അറിയിച്ചു.
ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജിനാണ് ചിത്തരഞ്ജൻ എം.എൽ.എ പരാതി നൽകിയത്. എസാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഷയം വലിയ ചര്‍ച്ചയായി മാറി. എം.എൽ.എ ഭക്ഷണം കഴിച്ചതിന് പണം നല്‍കിയില്ലെന്ന ചർച്ച വിവാദമായിരുന്നു. എന്നാല്‍ ഇക്കാര്യം ഹോട്ടല്‍ ഉടമകള്‍ നിഷേധിച്ചു.
'ഫാൻ സ്പീഡ് കൂട്ടിയിട്ടാൽ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അൽപം ഗ്രേവിയും നൽകിയതിന് 50 രൂപ. അതൊരു സ്റ്റാർ ഹോട്ടലല്ല. എസി ഹോട്ടലെന്നു പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടില്ല. ചില ഹോട്ടലുകളിൽ രണ്ടു കറികളുള്ള വെജിറ്റേറിയൻ ഊണ് കഴിക്കണമെങ്കിൽ 100 രൂപ നൽകണം. ഒരു ചായയ്ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നൽകുന്ന സാധാരണ ഹോട്ടലുകൾ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലർ കൊള്ളലാഭമുണ്ടാക്കാൻ കൃത്രിമ വിലക്കയറ്റം നടത്തുന്നത്'.- ഇതായിരുന്നു കണിച്ചുകുളങ്ങരയിലെ ഹോട്ടലിൽ കയറിയ ശേഷം എം.എൽ.എയുടെ പ്രതികരണം.
അതേസമയം, എം.എൽ.എയുടെ പരാതിക്ക് വിശദീകരണവുമായി ഹോട്ടൽ ഉടമ രംഗത്തെത്തിയിരുന്നു. തങ്ങളുടെ മുട്ടറോസ്റ്റിന് വ്യത്യാസമുണ്ടെന്നും അണ്ടിപ്പരിപ്പ് ചേർത്താണ് കറി ഉണ്ടാക്കിയതെന്നുമായിരുന്നു ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. ഭക്ഷണത്തിന്റെ വിലയടക്കം ഓരോ മേശയിലും മെനു കാര്‍ഡുണ്ടെന്നും ഗുണനിലവാരത്തിന് ആനുപാതികമായ വിലയാണ് ഈടാക്കുന്നതെന്നും ഹോട്ടല്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

