ചിന്ത ജെറോമിന്‍റെ പി.എച്ച്.ഡി പ്രബന്ധം പരിശോധിക്കും; നാലംഗ ഉപസമിതിയെ നിയോഗിക്കാൻ തീരുമാനം
text_fieldsചിന്ത ജെറോം
തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് ചിന്ത ജെറോം പി.എച്ച്.ഡി ബിരുദത്തിന് കേരള സർവകലാശാലയിൽ സമർപ്പിച്ച പ്രബന്ധത്തിൽ വ്യാപക തെറ്റുകൾ ഉണ്ടെന്ന പരാതിയിൽ പരിശോധന നടത്താൻ നാലംഗ ഉപസമിതിയെ നിയോഗിക്കാൻ സിൻഡിക്കേറ്റ് തീരുമാനം. സിൻഡിക്കേറ്റംഗം ആർ.എസ്. ശശികുമാർ നൽകിയ പരാതിയിലാണ് പ്രാഥമിക പരിശോധനക്ക് തീരുമാനിച്ചത്.
മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്രത്തെ അധികരിച്ച് ചിന്താ ജെറോം തയാറാക്കിയ പ്രബന്ധത്തിനാണ് പി.എച്ച്.ഡി ബിരുദം നൽകിയത്. മലയാളത്തിലെ പ്രശസ്തമായ കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടെതാണെന്ന രീതിയിൽ പി.എച്ച്.ഡി പ്രബന്ധത്തിൽ തെറ്റായി എഴുതിയത് ഉൾപ്പെടെ നേരത്തെ പുറത്തുവന്നിരുന്നു. ആർ.എസ്. ശശികുമാർ വി.സി ഡോ. മോഹനൻ കുന്നുമ്മേലിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സമിതിയെ നിയോഗിച്ചത്. ചിന്ത കേരള സർവകലാശാലയിൽ സമർപ്പിച്ച 'നവലിബറൽ കാലഘട്ടത്തിലെ മലയാള വാണിജ്യ സിനിമകളുടെ പ്രത്യയശാസ്ത്ര അടിത്തറ' എന്ന പ്രബന്ധമാണ് വിവാദത്തിനാധാരം.
മലയാളത്തിലെ പ്രശസ്തമായ കവിതകളിലൊന്നായ ചങ്ങമ്പുഴയുടെ 'വാഴക്കുല' വൈലോപ്പിള്ളിയുടേതാണ് എന്നാണ് ചിന്താ ജെറോം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിലുള്ളത്. കേരള സര്‍വകലാശാല പ്രോവൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്‍റെ മേല്‍നോട്ടത്തിൽ തയാറാക്കിയ പ്രബന്ധം വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും തെറ്റ് കണ്ടുപിടിച്ചില്ല. 2021ൽ ചിന്തക്ക് കേരളസർവകലാശാല പി.എച്ച്.ഡി ബിരുദവും നൽകി. ചങ്ങമ്പുഴക്ക് പകരമായി ചേർത്തിട്ടുള്ള വൈലോപ്പിള്ളിയുടെ പേരും അക്ഷരത്തെറ്റോടെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

