Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചിന്താ ജെറോം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായേക്കും; പാനൽ അവതരിപ്പിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

text_fields
bookmark_border
എം. വിജിൻ സെക്രട്ടറിയായേക്കും
Chinta Jerome
cancel
camera_alt

ചിന്താ ജെറോം

കൊല്ലം: ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തെരഞ്ഞെടുത്തേക്കുമെന്ന് സൂചന. കഴിഞ്ഞദിവസം ചേർന്ന ഡി.വൈ.എഫ്.ഐ. ഫ്രാക്ഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംഘടനയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായേക്കും. ആലപ്പുഴയിൽ നിന്നുള്ള രാഹുലിനെയാണ് പുതിയ ട്രഷററായി പരിഗണിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഫ്രാക്ഷൻ യോഗത്തിൽ ഇതുസംബന്ധിച്ച പാനൽ അവതരിപ്പിച്ചത്.

അടുത്തദിവസം ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ഈ പാനൽ ഔദ്യോഗികമായി അംഗീകരിക്കുമെന്നാണ് വിവരം. ഓഗസ്റ്റ് 19 മുതൽ 22 വരെ തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനമാണ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി തിരഞ്ഞെടുക്കേണ്ടത്. പൊതുവേ ഫ്രാക്ഷൻ ചേർന്ന് ഭാരവാഹികളെ നിശ്ചയിക്കുന്ന രീതിയാണ് സംഘടനയിൽ തുടർന്നുവരുന്നത്. എങ്കിലും പുതിയ തിരഞ്ഞെടുപ്പ് രീതി സംബന്ധിച്ച് കണ്ണൂരിൽ നിന്നുള്ള ഒരംഗം യോഗത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭാരവാഹികളാകുന്നതിന് 38 വയസ്സ് പ്രായപരിധി കർശനമാക്കിയിട്ടുള്ളത് എം. വിജിന് അനുകൂലമായെങ്കിലും, കൃത്യസമയത്ത് സംഘടനാ സമ്മേളനങ്ങൾ നടക്കാത്തതുകൊണ്ടാണ് പ്രായപരിധിയുടെ പേരിൽ പല പ്രമുഖരും ഒഴിവാക്കപ്പെടുന്നതെന്നായിരുന്നു വിമർശനം.

ഡി.വൈ.എഫ്.ഐ.യുടെ പ്രധാന ജില്ലാ ഭാരവാഹികളിലൊരാൾ നിർബന്ധമായും വനിതയായിരിക്കണമെന്ന മുൻ തീരുമാനത്തിൽ വെള്ളം ചേർത്തുവെന്ന തരത്തിലുള്ള വിമർശനങ്ങളും ഇതിനിടെ സംഘടനയ്ക്കുള്ളിൽ ഉയർന്നിരുന്നു. സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത ഈ തീരുമാനം ഭൂരിപക്ഷം ജില്ലകളിലും നടപ്പായില്ലെന്നാണ് ആക്ഷേപം. ആകെ നാല് വനിതാ ജില്ലാ പ്രസിഡന്റുമാർ മാത്രമാണ് വിവിധ ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ജില്ലയിലും സെക്രട്ടറി സ്ഥാനം വനിതകൾക്ക് ലഭിച്ചിട്ടുമില്ല. കണ്ണൂർ, പാലക്കാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് വനിതകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. എന്നാൽ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട്, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകളിൽ ട്രഷറർ സ്ഥാനം വനിതകൾക്ക് നൽകിയിട്ടുണ്ട്. എല്ലാ കമ്മിറ്റികളിലും കുറഞ്ഞത് 20 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും വെറും കമ്മിറ്റി അംഗങ്ങൾ എന്നതിലുപരി പ്രധാന ഭാരവാഹിത്വങ്ങളിലേക്ക് വനിതാ നേതാക്കളെ കൊണ്ടുവരണമെന്നുമാണ് സംഘടനയുടെ പുതിയ തീരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chinta Jerome Likely to Become DYFI’s First Woman State President
Next Story