രണ്ടാനച്ഛന് ദത്തെടുക്കാൻ കുട്ടിയുടെ സ്വന്തം പിതാവിന്റെ അനുമതി വേണം -ഹൈകോടതി
text_fieldsകൊച്ചി: പ്രായപൂർത്തിയാകാത്ത ബാലനെ ദത്തെടുക്കാൻ രണ്ടാനച്ഛന് യഥാർഥ പിതാവിന്റെ അനുമതി വേണമെന്ന നിബന്ധനയിൽ ഇളവ് സാധ്യമല്ലെന്ന് ഹൈകോടതി. കുട്ടിയുടെ മാതാവും രണ്ടാനച്ഛനും നൽകിയ ഹരജി തള്ളിയാണ് ജസ്റ്റിസ് സി.എസ്. ഡയസിന്റെ ഉത്തരവ്. സ്വന്തം പിതാവിന്റെ അനുമതി ലഭിക്കുംവരെ കുട്ടിയെ ദത്തെടുക്കാൻ രണ്ടാനച്ഛനെ അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
17കാരനായ കുട്ടിയെ ദത്തെടുക്കാൻ അനുമതിക്കായി ദമ്പതികൾ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയെ സമീപിച്ചെങ്കിലും അപേക്ഷ തള്ളിയിരുന്നു. പിന്നീട് കോടതി വ്യവഹാരങ്ങളിലൂടെ കുട്ടിയുടെ സ്ഥിര സംരക്ഷണാവകാശം അമ്മക്ക് ലഭിച്ചു. കുട്ടിയുടെ പരിമിത അവകാശം പിതാവിന് കോടതി അനുവദിച്ചെങ്കിലും 2016നുശേഷം കുട്ടിയെ അവഗണിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നായിരുന്നു ഹരജിയിലെ വാദം.
തുടർന്ന് ദത്തെടുക്കാനായി രണ്ടാനച്ഛൻ ശിശുക്ഷേമ സമിതിയിൽ അപേക്ഷ നൽകി. എന്നാൽ, യഥാർഥ പിതാവ് ദത്തെടുക്കലിനെ എതിർത്തതോടെ ശിശുക്ഷേമ സമിതി അപേക്ഷ നിരസിച്ചു. തുടർന്നാണ് കുട്ടിയുടെ അമ്മയും രണ്ടാം ഭർത്താവും ഹൈകോടതിയെ സമീപിച്ചത്. ദത്തെടുക്കൽ നിയമപ്രകാരം സ്വന്തം പിതാവും രണ്ടാനച്ഛനും പരസ്പരം സമ്മതപത്രം ഒപ്പിട്ട് കുട്ടിയെ കൈമാറിയാൽ മാത്രമേ ദത്ത് സാധ്യമാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ മാനദണ്ഡങ്ങളും പൂർത്തീകരിച്ചാൽ ദത്ത് ഉത്തരവ് നൽകാൻ അധികാരമുള്ളത് ജില്ല മജിസ്ട്രേറ്റിന് മാത്രമാണ്.
ശിശുക്ഷേമ സമിതിക്കോ കേന്ദ്ര അതോറിറ്റിക്കോ ഇല്ല. ദത്ത് നൽകുന്ന നിമിഷം മുതൽ കുട്ടി നിയമപരമായ മാതാപിതാക്കൾക്കൊപ്പം കഴിയേണ്ടവരാണ്. കുട്ടിക്ക് പ്രായപൂർത്തിയാകും വരെയോ കസ്റ്റഡി ഉത്തരവ് റദ്ദാവുകയോ ഭേദഗതി ചെയ്യുന്നതുവരെയോ പിതാവിനുള്ള അവകാശം തുടരും.
ഇതിൽ ഇളവ് നൽകാൻ കേന്ദ്ര അതോറിറ്റിക്ക് കഴിയില്ല. നടപടിക്രമങ്ങളിൽ ഇളവനുവദിക്കാമെന്നല്ലാതെ മറ്റൊരാളുടെ അവകാശങ്ങളിൽ ഇളവ് നൽകാനുള്ള അധികാരം അതോറിറ്റിക്കില്ല. സിവിൽ കോടതിക്ക് മാത്രമേ ഇതിൽ തീരുമാനമെടുക്കാനാവൂവെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

