ചിൽഡ്രൻസ് ഹോം കേസ്: ഓടിരക്ഷപ്പെട്ട പ്രതി മണിക്കൂറിനുള്ളിൽ പിടിയിൽ
text_fieldsടോം തോമസ്, ഫെബിൻ റാഫി
വെള്ളിമാട്കുന്ന് : ബാലമന്ദിരത്തിലെ പെൺകുട്ടികളോടൊപ്പം പിടിയിലായ യുവാക്കളിൽ ഒരാൾ പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷെപ്പട്ടു. മണിക്കൂറുകൾക്കകം പിടിയിലായി. ശനിയാഴ്ച വൈകീട്ട് കോടതിയിൽ ഹാജരാക്കാനുള്ള നീക്കത്തിനിടെ ആറരയോടെ പ്രതികളിൽ ഒരാളായ ഫെബിൻ റാഫി ചേവായൂർ സ്റ്റേഷനിൽ നിന്ന് കടന്നു കളയുകയായിരുന്നു.
ബന്ധുക്കൾ എത്തിച്ച വസ്ത്രം മാറുന്നതിനിടെയാണ് സ്റ്റേഷന്റെ വനിത വിഭാഗത്തിനായി നിർമാണം നടക്കുന്ന ഭാഗത്തുകൂടെ ഫെബിൻ രക്ഷപ്പെട്ടത്. പൂളക്കടവ് ഭാഗത്തേക്ക് കടന്നത് റോഡിലുണ്ടായിരുന്നവർ കണ്ടു. ബസ് സ്റ്റാൻഡുകളിലേക്കും റെയിൽവേ സ്റ്റേഷനിലും പൊലീസ് പരിശോധന വ്യാപിപ്പിച്ചെങ്കിലും ഏഴരയോടെ ലോ കോളജ് വളപ്പിലെ കുറ്റിക്കാട്ടിൽ നിന്ന് പൊലീസും നാട്ടുകാരും ലോ കോളജ് വിദ്യാർഥികളും ചേർന്ന് പിടികൂടി.
പൊലീസ് വീഴ്ചയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പ്രതിയെ പിടികൂടിയതറിഞ്ഞ് പൊലീസിന് അഭിവാദ്യമർപ്പിച്ച് സി.പി.എം പ്രവർത്തകരും പ്രകടനം നടത്തി. ലോ കോളജിലെ വിദ്യാർഥികളിൽ നിന്ന് പ്രതികരണമാരായാൻ ശ്രമിച്ചപ്പോൾ സി.പി.എം പ്രവർത്തകർ മാധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തിയത് വാക് തർക്കത്തിനിടയാക്കുകയും ചെയ്തു. വിവാദമായതോടെ വിദ്യാർഥികൾ പിൻവലിഞ്ഞു.
പെൺകുട്ടികളെ കോടതിയിൽ ഹാജരാക്കി; പിടിയിലായ യുവാക്കൾ റിമാൻഡിൽ
കോഴിക്കോട്: ബാലമന്ദിരത്തിൽ നിന്ന് ഒളിച്ചു കടന്ന പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ചേവായൂർ പൊലീസ് ഇൻസ്പെക്ടർ ചന്ദ്രമോഹനന്റെ നേതൃത്വത്തിൽ കോഴിക്കോട്ടെത്തിച്ച കൊടുങ്ങല്ലൂർ ചേറാടി ഫെബിൻ റാഫി(26), കൊല്ലം കണ്ണല്ലൂർ കാർത്തികയിൽ ടോം തോമസ് (26) എന്നിവരാണ് റിമാൻഡിലായത്. എട്ടു വർഷമായി ഫെബിൻ ബംഗളൂരുവിലാണ്. റൈഡർ ആണെന്നാണ് ഇയാൾ പറയുന്നത്.
സുഹൃത്തായ ടോം തോമസ് ബംഗളൂരുവിലേക്ക് ഫെബിനൊപ്പം വന്നതാണ്. ട്രെയിനിൽ വെച്ചു തന്നെ യുവാക്കൾ പെൺകുട്ടികളെ നോട്ടമിട്ടിരുന്നു. വൈറ്റ് ഫീൽഡിൽ ഇറങ്ങിയ ശേഷം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പെൺകുട്ടികൾ തങ്ങൾ ഗോവക്ക് പോവുകയാണെന്നും ബാഗുകൾ നഷ്ടപ്പെട്ടതിനാനാലാണ് പണം കടം ചോദിക്കുന്നതെന്നും അറിയിച്ചു.
500 രൂപ നൽകുകയും മറ്റ് ആവശ്യമെന്തെങ്കിലും ഉണ്ടെങ്കിൽ ബന്ധപ്പെടാൻ പറഞ്ഞ് ഫോൺ നമ്പർ നൽകുകയായിരുന്നു. അൽപ സമയം കഴിഞ്ഞ് പെൺകുട്ടികൾ വിളിച്ചതിനാൽ താൽക്കാലിക ഇടം ഒരുക്കി. പുറത്തു നിന്ന് ഭക്ഷണവും ബിയറും മദ്യവും വാങ്ങിയെത്തി. ഒരു പെൺകുട്ടി മദ്യം കഴിക്കുകയും ലഹരിയിലാകുകയും ചെയ്തു. ഇതിനിടെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനുള്ള ശ്രമം മറ്റു കുട്ടികൾ തടയുകയും യുവാക്കളെ മർദിക്കുകയുമായിരുന്നു. ബഹളം വെച്ച് പുറത്തു കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മദ്യ ലഹരിയിലായ പെൺകുട്ടിക്ക് രക്ഷപ്പെടാനായില്ല.
ഈ കുട്ടിയെയും രണ്ടു യുവാക്കളെയും പൊലീസിൽ ഏൽപിക്കുകയായിരുന്നു. കൂട്ടം തിരിഞ്ഞ ഒരു പെൺകുട്ടി സ്വകാര്യ ബസിൽ കോഴിക്കോട്ടേക്ക് വരുന്നതിനിടെ പിടിയിലായി. മറ്റു നാലു പെൺകുട്ടികളെയും വെള്ളിയാഴ്ച എടക്കര പൊലീസ് പിടികൂടി ചേവായൂർ പൊലീസിന് കൈമാറിയിരുന്നു. ബംഗളൂരുവിൽ നിന്ന് പൊലീസ് കൊണ്ടുവന്ന രണ്ടു പെൺകുട്ടികളെയും ശനിയാഴ്ച പുലർച്ചെ വനിത സെല്ലിൽ എത്തിച്ചു. ശനിയാഴ്ച രാവിലെ വനിത പൊലീസ് എസ്.ഐ മൊഴിയെടുത്തു. തുടർന്ന് വൈദ്യ പരിശോധനക്ക് ശേഷം മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി.
ശേഷം സി.ഡബ്ല്യു. സി അംഗത്തിനു മുന്നിൽ ഹാജരാക്കി ബാലമന്ദിരത്തിലേക്ക് അയച്ചു. യുവാക്കളെ പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസി. പൊലീസ് കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

