കുട്ടിക്കളിയല്ല, കുട്ടികളുടെ ഡ്രൈവിങ്
text_fieldsമലപ്പുറം: കുട്ടികൾക്ക് നിരത്തിലിറങ്ങാൻ വാഹനം നൽകുന്ന രക്ഷിതാക്കൾ ജാഗ്രതൈ. പൊലീസിന്റെ കണ്ണിൽ പെട്ടാൽ പിഴകൊണ്ടു മാത്രം രക്ഷപ്പെടില്ല. തടവുശിക്ഷ അനുഭവിക്കാനും വിധിയുണ്ടാകും. വാഹനത്തിന്റെ ആർ.സി ഉടമയാണ് ശിക്ഷ അനുഭവിക്കേണ്ടിവരുക എന്നതിനാൽ 18 വയസ്സിനു മുമ്പ് വണ്ടിയോടിക്കാൻ നൽകുന്ന രക്ഷിതാക്കൾക്ക് പിന്നീടുണ്ടാകുക തീരാതലവേദനയാകും. പ്രായപൂർത്തിയാവാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988ലെ മോട്ടോർ വാഹന നിയമപ്രകാരം മൂന്നു വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാം. ചുങ്കത്തറയിൽ കഴിഞ്ഞദിവസം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മരിച്ച രണ്ട് വിദ്യാർഥികളും പ്രായപൂർത്തി എത്താത്തവരായിരുന്നു. 14 വയസ്സ് മാത്രമുള്ള ഒമ്പതാം ക്ലാസിൽ പഠിച്ചിരുന്ന ഇവർ ബൈക്ക് വാടകക്ക് എടുത്താണ് ഓടിച്ചത്. തുടർന്ന് വാഹനം വാടകക്ക് നൽകിയ പോത്തുകല്ല് കോടാലിപ്പൊയിൽ മുഹമ്മദ് അജ്നാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കുട്ടികൾ നിയമലംഘനം നടത്തിയതിന് കഴിഞ്ഞയാഴ്ച മഞ്ചേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 18 പേരെയാണ് ശിക്ഷിച്ചത്. ഇതിൽ ആറുപേരും വീട്ടമ്മമാരാണ്. 18 പേരിൽനിന്നായി കോടതി 5,07,750 രൂപയാണ് പിഴ ഈടാക്കിയത്. എല്ലാവരും കോടതി പിരിയുംവരെ തടവുശിക്ഷ അനുഭവിക്കണമെന്നും വിധിച്ചു. ആറുപേർ കാൽ ലക്ഷം രൂപ വീതം പിഴയൊടുക്കി വന്നപ്പോൾ 11 പേർക്ക് 30,250 രൂപ വീതമാണ് പിഴ ശിക്ഷ വിധിച്ചത്. മങ്കട കൂട്ടിലിൽ ഏപ്രിൽ എട്ടിന് എസ്.ഐ അലവിക്കുട്ടിയുടെ നേതൃത്വത്തിൽ 15കാരനെ സ്കൂട്ടർ ഓടിച്ചതിന് പിടികൂടി. ഇതിൽ ശിക്ഷ ലഭിച്ചത് പിതാവിനാണ്. എന്നാൽ, പിതാവ് വിദേശത്തായതിനാൽ കുട്ടിയുടെ മാതാവിന് ശിക്ഷയേൽക്കേണ്ടിവന്നു. ഇതുപോലെ വിശ്വസിച്ച് വാഹനം കുട്ടിക്ക് സവാരിക്ക് നൽകിയ വീട്ടമ്മക്കും കിട്ടി എട്ടിന്റെ പണി. പുഴക്കാട്ടിരി കണ്ണുംകുളം പാലത്തിങ്ങൽ സ്വദേശിനിക്കാണ് തടവും പിഴയും അനുഭവിക്കേണ്ടിവന്നത്.
17കാരനെ കഴിഞ്ഞ ഏപ്രിൽ 11ന് മേലാറ്റൂർ പൊലീസ് കീഴാറ്റൂർ കമാനത്തുവെച്ചും പിടികൂടി. ഇതിലും രക്ഷിതാവിന് ശിക്ഷ അനുഭവിക്കേണ്ടിവന്നു. മുതുകുർശ്ശിയിൽവെച്ച് മാർച്ച് 17ന് കുട്ടി ഡ്രൈവർ പൊലീസിന് മുന്നിൽപ്പെട്ടു. ശിക്ഷ കിട്ടിയതോ ആർ.സി ഉടമയായ വീട്ടമ്മക്ക്. ഇരുമ്പുഴിയിൽ വെച്ച് മാർച്ച് 16ന് 17കാരനെ മഞ്ചേരി എസ്.ഐ ആർ.പി. സുജിത് പിടികൂടിയ കേസിലും ശിക്ഷ അനുഭവിക്കേണ്ടിവന്നത് മാതാവിനാണ്. ഏപ്രിൽ 19ന് പെരിന്തൽമണ്ണ പാതായ്ക്കരയിൽ 17കാരൻ പിടിയിലായപ്പോൾ ശിക്ഷ ലഭിച്ചത് പെരിന്തൽമണ്ണ പുത്തനങ്ങാടി സ്വദേശിയായ പിതാവിനാണ്.
ശിക്ഷ നടപടികള്‍ ഇങ്ങനെ
- മോട്ടോര്‍ വാഹന നിയമം വകുപ്പ് 180 ആൻഡ് 181 പ്രകാരം പിഴ
- വാഹന ഉടമ/ രക്ഷിതാവ് ഇവരിലൊരാള്‍ക്ക് മോട്ടോർ വാഹന ആക്ട് പ്രകാരം 25,000 രൂപ പിഴ
- രക്ഷിതാവ് അല്ലെങ്കില്‍ ഉടമക്ക് മൂന്നുവര്‍ഷം വരെ തടവുശിക്ഷ
- വാഹനത്തിന്റെ രജിസ്ട്രേഷന് ഒരു വര്‍ഷം റദ്ദാക്കല്‍
- 25 വയസ്സുവരെ ഇന്ത്യയിലെവിടെനിന്നും
- ലൈസന്‍സ്/ ലേണേഴ്സ് എടുക്കാൻ വിലക്ക്
- ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള മറ്റു നടപടികള്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

