Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമിശ്രവിവാഹിതരിലൊരാൾ...

മിശ്രവിവാഹിതരിലൊരാൾ ഇതര മതക്കാരനായാലും മക്കൾക്ക്​ പട്ടികജാതി സർട്ടിഫിക്കറ്റ്​ നിഷേധിക്കാനാവില്ല -ഹൈകോടതി

text_fields
bookmark_border
highcourt of kerala
cancel

കൊച്ചി: മിശ്രവിവാഹിതരായ മാതാപിതാക്കളിലൊരാൾ ഇതര മതവിഭാഗത്തിൽപെട്ടതാണെന്ന പേരിൽ മക്കൾക്ക്​ പട്ടികജാതി സർട്ടിഫിക്കറ്റ്​ നിഷേധിക്കാനാവില്ലെന്ന്​ ഹൈകോടതി. ക്രിസ്ത്യാനിയായ ഭർത്താവ്​ മതംമാറാതെ തുടരുകയാണെന്ന്​ കാട്ടി പാലാ റവന്യൂ ഡിവിഷനൽ ഓഫിസർ (ആർ.ഡി.ഒ) മകൾക്ക്​ പട്ടികജാതി സർട്ടിഫിക്കറ്റ്​ നിരസിച്ചത്​ ചോദ്യംചെയ്ത്​ പുലയ വിഭാഗത്തിൽപെട്ട കോട്ടയം കുറുപ്പുന്തറ സ്വദേശിനി നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്​.

പുലയ വിഭാഗക്കാരിയാണെന്ന്​ മുമ്പ്​ ലഭിച്ച സർട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിൽ സമാന സാമൂഹികാവസ്ഥ അനുഭവിച്ചാണ്​ മകൾ വളർന്ന​തെന്ന്​ ഹരജിയിൽ പറയുന്നു. പട്ടികജാതി സർട്ടിഫിക്കറ്റ്​ അനുവദിക്കാൻ മാഞ്ഞൂർ വില്ലേജ് ഓഫിസർ ശിപാർശ ചെയ്​തെങ്കിലും വൈക്കം തഹസിൽദാർ തള്ളി. കലക്ടർക്ക്​ പരാതി നൽകിയപ്പോൾ നടപടിക്ക്​ ആർ.ഡി.ഒക്ക്​ അയച്ചു. അപേക്ഷ നിരസിച്ച്​ ആർ.ഡി.ഒ അന്തിമ ഉത്തരവിടുകയായിരുന്നു.

ഹിന്ദുമതത്തിലെ മറ്റേതെങ്കിലും ജാതിക്കാരനുമായല്ല, മറ്റൊരു മതസ്ഥനുമായാണ്​ വിവാഹമെന്നതിനാൽ മിശ്രജാതി വിവാഹമായി കണക്കാക്കാനാവില്ലെന്നായിരുന്നു ആർ.ഡി.ഒയുടെ വിലയിരുത്തൽ. എന്നാൽ, രോഗിയായ ഭർത്താവിന്​ ജോലിക്ക്​ പോകാൻ സാധിക്കാത്തതിനാൽ അതിദരിദ്രമായ അവസ്ഥയിലാണ്​ കുടുംബമെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു​. ആർ.ഡി.ഒയുടെ നടപടി റദ്ദാക്കി ജാതി സർട്ടിഫിക്കറ്റ്​ അനുവദിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന്​ കേസിൽ സഹായിക്കാൻ കോടതി അമിക്കസ്​ ക്യൂറിയെ നിയമിക്കുകയും റിപ്പോർട്ട്​ തേടുകയും ചെയ്തു.

മിശ്രവിവാഹവും ആനുകൂല്യങ്ങളും സംബന്ധിച്ച 2008 നവംബറിലെ സർക്കാർ ഉത്തരവ്​ പ്രകാരം കുട്ടിക്ക്​ ജാതി സർട്ടിഫിക്കറ്റിന്​ അർഹതയുണ്ടെന്ന റിപ്പോർട്ടാണ്​ അമിക്കസ്​ ക്യൂറി നൽകിയത്​​. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ അനുഭവിച്ചാണ്​ കുട്ടി വളർന്നത്​. കുട്ടി പുലയ സമുദായത്തിന്‍റെ ആചാരാനുഷ്​ഠാനങ്ങൾ പാലിക്കുകയും ജാതീയമായ സാമൂഹിക വെല്ലുവിളികൾ നേരിടുകയും ചെയ്തിട്ടുണ്ട്​​.

മാതാവ്​ പട്ടികജാതിക്കാരിയാണ്​. കുട്ടിക്ക്​ മുമ്പ്​ പട്ടികജാതി സർട്ടിഫിക്കറ്റ്​ ലഭിച്ചിട്ടുമുണ്ട്​. കുട്ടി ആ സമുദായത്തിന്‍റെ ഭാഗമായാണ്​ വളർ​ന്നതെന്നിരിക്കെ മാതാപിതാക്കൾ മിശ്രജാതി വിവാഹം കഴിച്ചതാണോ ​അല്ലയോ എന്നതിന്​ പ്രസക്തിയില്ലെന്നായിരുന്നു അമിക്കസ്​ ക്യൂറിയുടെ റിപ്പോർട്ട്​. എന്നാൽ, സർട്ടിഫിക്കറ്റ്​ നൽകുംമുമ്പ്​ ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നായിരുന്നു സർക്കാർ നിലപാട്​.

കുട്ടി വളർന്ന സാഹചര്യം വ്യക്തവും ഇക്കാര്യത്തിൽ വില്ലേജ്​ ഓഫിസറുടെ സാക്ഷ്യപത്രവും ഉണ്ടെന്നിരിക്കെ ഇനിയുമൊരു അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന്​ കോടതി നിരീക്ഷിച്ചു. ജാതി സർട്ടിഫിക്കറ്റുമായി ബന്ധ​പ്പെട്ട 1996ലെ കേരള പട്ടികജാതി പട്ടികവർഗ റെഗുലേഷൻസിലെ​ വ്യവസ്ഥകൾ പ്രകാരവും സുപ്രീംകോടതി വിധികൾ അനുസരിച്ചും സർട്ടിഫിക്കറ്റിന്​ അർഹതയുണ്ട്​​. ഒരു മാസത്തിനകം സർട്ടിഫിക്കറ്റ്​ നൽകാനും കോടതി ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtmixed marriagesSchedule Caste certificate
News Summary - Children of mixed marriages cannot be denied SC certificate even if one of them belongs to a different religion - High Court
Next Story