മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് വിദേശ പഠനത്തിന് അവസരമൊരുക്കും -മന്ത്രി
text_fieldsകൊച്ചി: മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സർക്കാർ ചെലവിൽ വിദേശത്ത് ഉന്നത പഠനത്തിന് അവസരമൊരുക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള സാഹചര്യമൊരുക്കണമെന്ന കാഴ്ചപ്പാടാണ് സർക്കാറിനെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ മത്സ്യമേഖല വികസനത്തെ കുറിച്ച സംസ്ഥാനതല ശിൽപശാല കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മത്സ്യങ്ങളുടെ മാത്രമല്ല, കടലിലെ എല്ലാ വിഭവങ്ങളുടെയും ചൂഷണത്തിന് അരങ്ങൊരുക്കുന്ന കോർപറേറ്റ് വത്കരണത്തെ ചെറുത്ത് തോൽപിക്കണം. കടലിന്റെ അവകാശികൾ മത്സ്യത്തൊഴിലാളികളാണ്. കോർപറേറ്റ് കമ്പനികൾ കടലിൽ ആധിപത്യം ഉറപ്പിക്കുന്ന തരത്തിലാണ് കേന്ദ്ര സർക്കാർ നയങ്ങളെന്നും മന്ത്രി പറഞ്ഞു.
കുഫോസും കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷനും സംയുക്തമായാണ് ശിൽപശാല സംഘടിപ്പിച്ചത്. കുഫോസ് വൈസ് ചാൻസലർ ഡോ. ടി. പ്രദീപ് കുമാർ അധ്യക്ഷത വഹിച്ചു. കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ ചെയർമാനും ആലപ്പുഴ ബിഷപ്പുമായ ഡോ. ജയിംസ് ആനാപറമ്പിൽ, മുൻ ഫിഷറീസ് മന്ത്രി കെ. ബാബു എം.എൽ.എ, കുഫോസ് ഭരണ സമിതി അംഗം സി.എസ്. സുജാത, കുഫോസ് ഗവേഷണ വിഭാഗം മേധാവി ഡോ. ദേവിക പിള്ള, ഡോ. സാബാസ് ഇഗ്നേഷ്യസ്, ഡോ. ജോർജ് നൈനാൻ, മത്സ്യഫെഡ് ചെയർമാൻ വി. ദിനകരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

