ക്ഷേമ മന്ദിരങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് ബിരുദ കോഴ്സുകളിൽ സംവരണം ഏർപ്പെടുത്തും-ഡോ.ആർ. ബിന്ദു
text_fieldsകൊച്ചി: ക്ഷേമ മന്ദിരങ്ങളിലെ അന്തേവാസികളായ കുട്ടികൾക്ക് ബിരുദ കോഴ്‌സ് പ്രവേശനത്തിനും സംവരണം ഏർപ്പെടുത്തുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു. മദർ തെരേസയുടെ ജൻമദിനത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിൻറെയും ഓർഫനേജ് കൺട്രോൾ ബോർഡിൻറെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഗതി- അനാഥ ദിനാചരണത്തിൻറെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കലൂർ റിന്യൂവൽ സെൻററിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
നിലവിൽ ക്ഷേമ മന്ദിരങ്ങളിലെ കുട്ടികൾക്ക് പ്ലസ് വൺ, ജനറൽ നഴ്സിംഗ് വിദ്യാഭ്യാസത്തിന് സംവരണമുണ്ട്. അത് ഉന്നതവിദ്യാഭ്യാസ രംഗത്ത് കൂടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. കാരുണ്യത്തിൻറെയും മനുഷ്യത്വത്തിൻറെയും ആൾരൂപമായി ത്യാഗപൂർണമായ പ്രവർത്തനത്തിലൂടെ ഒരുപാടു പേർക്ക് അത്താണിയായി ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട പേരായി മാറിയ മദർ തെരേസയെ അനുസ്മരിക്കുന്ന ദിവസമാണ് ആഗസ്റ്റ് 26.
സാമൂഹ്യനീതി വകുപ്പിന് ചുമതലയുള്ള മന്ത്രി എന്നുള്ള നിലയിൽ ഓരോ ക്ഷേമ മന്ദിരങ്ങൾ സന്ദർശിക്കാനുള്ള അവസരം ലഭിക്കുമ്പോൾ ചിന്തിച്ചു പോകാറുണ്ട്, ഒരു പക്ഷേ ക്ഷേമ മന്ദിരങ്ങളിൽ അശരണരെ പരിപാലിക്കാൻ നമ്മുടെ സിസ്റ്റേഴ്സും അതുപോലെ ത്യാഗ സമ്പന്നതയാർന്ന ആ ഭവനങ്ങളുടെ നേതൃത്വവും ഇല്ലായിരുന്നെങ്കിൽ ഗവൺമെൻറ് എന്ത് ചെയ്യുമായിരുന്നു എന്നത്. അത്രമാത്രം മനുഷ്യരെയാണ് സ്നേഹത്തോടുകൂടി ഈ ക്ഷേമ മന്ദിരങ്ങളിൽ മനുഷ്യസ്നേഹികൾ ഏറ്റെടുത്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
യോഗത്തിൽ മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ. അബ്ദുള്ള, ബോർഡ് മെമ്പർ സിസ്റ്റർ മെറിൻ, ബോർഡ് മെമ്പർ സെക്രട്ടറി എം.കെ സിനു കുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

