You are here
വിശപ്പടക്കാൻ മണ്ണ് തിന്ന് കുഞ്ഞുങ്ങൾ; ഇത് കേരളം തന്നെയോ ?
നാല് മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി മാതാവ്
തിരുവനന്തപുരം: വിശന്നുകരഞ്ഞ് കുഞ്ഞുങ്ങൾ മണ്ണുവാരിത്തിന്നുന്നതു പെറ്റമ്മക്കെങ്ങനെ കണ്ടുനിൽക്കാനാവും. പാൽച്ചൂര് മാറാത്ത കുഞ്ഞിളം ചുണ്ടുകളിൽ പുഞ്ചിരി മാഞ്ഞു വിശന്നുവരണ്ടപ്പോൾ ആ അമ്മക്ക് മറ്റൊന്നും നോക്കാനുണ്ടായിരുന്നില്ല. കൊഞ്ചിച്ച് മതിയായില്ലെങ്കിലും അവരുടെ വയറെരിയാതിരിക്കാൻ ആറു പിേഞ്ചാമനകളിൽ നാലുപേരെയും സംസ്ഥാന ശിശുക്ഷേമ സമിതിക്കു കണ്ണീരോടെ കൈമാറി. മികവിെൻറ പേരിെല ഉത്സവങ്ങൾക്ക് ലക്ഷങ്ങൾ പൊടിക്കുന്ന കേരളത്തിെൻറ ഭരണസിരാകേന്ദ്രത്തിന് മൂക്കിന് തുമ്പിലാണ് കരളലിയിപ്പിക്കുന്ന പട്ടിണിക്കാഴ്ച.
കൈതമുക്ക് റെയിൽവേ പുറേമ്പാക്കിലാണ് കുഞ്ഞുങ്ങളുമായി വീട്ടമ്മ നിസ്സഹായാവസ്ഥയിൽ കഴിഞ്ഞിരുന്നത്. ഭക്ഷണംപോലും കിട്ടാതെ വിശന്നുകരയുന്ന കുട്ടികളുടെ ദയനീയാവസ്ഥ കണ്ട് നാട്ടുകാരിൽ ചിലരാണ് ശിശുേക്ഷമ സമിതിയിൽ വിവരമറിയിച്ചത്. പരിശോധിക്കാനെത്തിയ ഉദ്യോഗസ്ഥരും നേരിട്ടതു കണ്ണ് നനയുന്ന അനുഭവങ്ങൾ. പഴകിയ ഫ്ലക്സ് ഷീറ്റുകൾകൊണ്ട് മൂടിയ ഒറ്റമുറി കുടിലിലാണ് ഇൗ ആറ് കുഞ്ഞുങ്ങളും കഴിയുന്നത്.
മൂത്ത ആൺകുട്ടിക്ക് ഏഴ് വയസ്സാണ് പ്രായം. ഏറ്റവും ഇളയകുട്ടിക്ക് മൂന്ന് മാസവും. ഇതിനിടയിൽ അഞ്ചര, നാല്, മൂന്ന്, ഒന്നര വയസ്സുകാരായ മറ്റു നാലുപേരും. അച്ഛൻ തെങ്ങുകയറാനും കൂലിപ്പണിക്കും മറ്റും പോകാറുണ്ട്. കൂലിയായി കിട്ടുന്നതിൽ നല്ലൊരു പങ്കും മദ്യപിച്ച് തീർക്കുമെന്നും ചെലവിനൊന്നും നൽകാറില്ലെന്നും അമ്മ പറയുന്നു. ഇതാണ് കുടിലിൽ പട്ടിണി പുകയാൻ കാരണം.
നിസ്സഹായാവസ്ഥ ബോധ്യപ്പെട്ടതിനെ തുടർന്ന് ഒന്നര വയസ്സും മൂന്നുമാസവും പ്രായമുള്ളവരൊഴികെ കുഞ്ഞുങ്ങളെ തിങ്കളാഴ്ച രാത്രി ഏഴോടെ ശിശുേക്ഷമ സമിതി ഏറ്റെടുത്തു. രണ്ടു ആൺകുട്ടികളും രണ്ടു പെൺകുട്ടികളുമാണിവർ. കരഞ്ഞുകൊണ്ടാണ് കുട്ടികളെ അമ്മ കൈമാറിയത്. ദിവസവും ശിശുക്ഷേമ സമിതിയിൽ എത്തി കുഞ്ഞുങ്ങളെ കാണാമെന്നും സ്ഥിതി മെച്ചപ്പെട്ടാൽ തിരികെ കൂട്ടിക്കൊണ്ട് പോകാമെന്നുമുള്ള ഉദ്യോഗസ്ഥരുടെ വാക്കിലാണ് അമ്മക്ക് അൽപമെങ്കിലും ആശ്വാസമായത്.
അതേസമയം, ഭാര്യ പറയുന്നെതല്ലാം തെറ്റാണെന്നും താൻ കുഞ്ഞുങ്ങൾക്ക് ചെലവിന് നൽകാറുണ്ടെന്നുമായിരുന്നു മാധ്യമങ്ങളോടുള്ള അച്ഛെൻറ പ്രതികരണം. കുഞ്ഞുങ്ങളുടെ അമ്മക്ക് ചൊവ്വാഴ്ചതന്നെ കോർപറേഷനിൽ താൽക്കാലിക ജോലി നൽകുമെന്ന് മേയർ കെ. ശ്രീകുമാർ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.