കുട്ടികളെ പൊള്ളലേൽപ്പിച്ചു; പിതാവിനും രണ്ടാനമ്മക്കുമെതിരെ കേസ്
text_fieldsഎടക്കര (മലപ്പുറം): പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പിതാവിെൻറ പിന്തുണയോടെ രണ്ടാനമ്മ മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തു. സംഭവത്തിൽ എടക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എടക്കര പാലേമാട് പള്ളിപ്പടി സ്വദേശിയായ പതിനൊന്നുകാരനും സഹോദരിയുമാണ് ശാരീരിക പീഡനത്തിനിരയായത്. വീട്ടില്‍ െവച്ച് രണ്ടാനമ്മ ചൂരല്‍ ഉപയോഗിച്ച് അടിക്കുകയും ചട്ടുകം പഴുപ്പിച്ച് രണ്ട് കുട്ടികളുടെയും വലത് കൈവെള്ളയിലും ഇടത് കൈമുട്ടിന് മുകളിലും പൊള്ളിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്ന കുട്ടികളുടെ പിതാവ് തടയാേനാ കുട്ടികൾക്ക് ചികിത്സ നൽകാനോ ശ്രമിച്ചില്ലെന്നാണ് പരാതി.
ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്പറില്‍ വന്ന ഫോണ്‍ കോളിെൻറ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി എടക്കര എസ്.ഐ വി. അമീറലിക്ക് റിപ്പോര്‍ട്ട് കൈമാറുകയായിരുന്നു. തുടർന്നാണ് പൊലീസ് രണ്ടാനമ്മക്കും പിതാവിനുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്.

