വൃദ്ധസദനത്തിൽ കുട്ടികൾക്ക് മർദനം; വർഷിപ് സെന്ററിലെ ആരാധന തടയാൻ ശ്രമം; സംഘർഷാവസ്ഥ
text_fieldsഓമല്ലൂർ എലോഹിം ഗ്ലോബൽ വർഷിപ് സെന്ററിൽ ആരാധന തടയാനുള്ള ശ്രമത്തെ തുടർന്ന് പ്രതിഷേധിക്കുന്ന വിശ്വാസികൾ
പത്തനംതിട്ട: കുട്ടികൾക്കും അന്തേവാസികൾക്കും മർദനമേറ്റ ‘സ്നേഹതണൽ’ വൃദ്ധ സദനത്തിന്റെ നടത്തിപ്പുകാരായ എലോഹിം വർഷിപ് സെന്ററിലെ ആരാധന തടയാനുള്ള ശ്രമത്തെ തുടർന്ന് സംഘർഷാവസ്ഥ. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പാസ്റ്റർ ബിനു വാഴമുട്ടത്തെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ മാർച്ചാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചത്.
ഞായറാഴ്ച രാവിലെ ഇവിടെ പതിവ് ആരാധനക്കായി വിശ്വാസികൾ എത്തിയ സമയത്താണ് പ്രതിഷേധവുമായി ബി.ജെ.പിക്കാർ എത്തിയത്. ആരാധനക്കുള്ള അവകാശം തടയുന്നതിനെതിരെ വിശ്വാസികളും പ്രതിഷേധമുയർത്തിയതോടെ സംഘർഷ സാഹചര്യമുണ്ടായി. പത്തനംതിട്ട ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസും എത്തി. പാസ്റ്ററെ അറസ്റ്റ് ചെയ്യാതെ പിൻവാങ്ങില്ലെന്ന് ബി.ജെ.പി പ്രവർത്തകരും പ്രാർഥിക്കാതെ പോകില്ലെന്ന് വിശ്വാസികളും നിലപാടെടുത്തു. ഇതിനിടെ പൊലീസിന്റെ സംരക്ഷണയിൽ വിശ്വാസികൾ ഹാളിനുള്ളിൽ പ്രവേശിച്ച് പ്രാർഥന നടത്തി. സംഘർഷത്തിനിടെ ഏതാനും ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
ചെന്നീർക്കര പഞ്ചായത്തിലെ ഊന്നുകല്ല് വെട്ടോലിമലയിലാണ് എലോഹിം വർഷിപ് സെന്ററിന് കീഴിലെ ‘സ്നേഹതണൽ’ പ്രവർത്തിക്കുന്നത്. ഇവിടെ പഠിപ്പിക്കാനെന്ന പേരിൽ കൊണ്ടുവന്നു താമസിപ്പിച്ച കുട്ടികൾക്കും അന്തേവാസികൾക്കും നേരെയാണ് അതിക്രമം നടന്നത്. ഇവിടുത്തെ മാനേജർ അടക്കം മൂന്നുപേരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, നടത്തിപ്പുകാരൻ ബിനു വാഴമുട്ടത്തിലിനെതിരെ കാര്യമായ നടപടി ഉണ്ടായിട്ടില്ല.
ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഹാജരാകാതെ ഒളിവിലാണ്. ഓമല്ലൂരിൽ വാടകക്കെടുത്ത കെട്ടിടത്തിന്റെ ഹാളാണ് അനുമതിയില്ലാതെ വർഷിപ് സെന്ററാക്കി മാറ്റിയത്. ഇത് സംബന്ധിച്ച് കെട്ടിട ഉടമ പഞ്ചായത്തിൽ പരാതി നൽകുകയും വാടക ഒഴിയാൻ പാസ്റ്റർക്ക് നോട്ടീസ് നൽകുകയും ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് കല്യാണ മണ്ഡപം പ്രാർഥന ഹാളാക്കി മാറ്റിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആതിര വി. നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

