കോടിയേരിയുടെ വീട്ടിൽ ഓടിയെത്തിയ ബാലാവകാശ കമീഷൻ എന്തേ പാലത്തായിയിൽ പോയില്ല': മുല്ലപ്പള്ളി രാമചന്ദ്രൻ
text_fieldsതിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതൻകുഴിയിലെ വീട്ടിൽ പോയ ബാലാവകാശ കമീഷനെ രൂക്ഷമായി വിമർശിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോടിയേരിയുടെ കൊച്ചുമകൾ ഉറങ്ങിയില്ലെന്ന് പറഞ്ഞപ്പോൾ ഓടിയെത്തിയ ബാലാവകാശ കമ്മീഷൻ എന്തുകൊണ്ട് പാലത്തായിയിൽ പോയില്ലെന്ന് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കോടിയേരിയുടെ വീട് രമ്യഹർമ്യമാണ്. വീടിനു മുന്നിൽ കോടികൾ വിലവരുന്ന വാഹനം കിടക്കുന്നു. രാജാവായാണ് കോടിയേരിയുടെ താമസം. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം കൊള്ള സംഘം പോലെയാണ്. ഊർജസ്വലനായി ഇരിക്കുന്ന ബിനീഷിന്റെ കുഞ്ഞിനെ സംരക്ഷിക്കാനാണ് ബാലവകാശ കമീഷൻ ബിനീഷിന്റെ വീട്ടിൽ പോയത്.
ബിനീഷിന്റെ വീട്ടിൽ നടക്കുന്നത് നാടകമാണ്. ബിനീഷിനെ ആദർശപുരുഷനാക്കി മാറ്റാൻ ശ്രമിക്കുന്നു. എൻഫോഴ്സ്മെന്റ് റെയ്ഡിൽ മനുഷ്യാവകാശ ലംഘനം ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ച സി.എം രവീന്ദ്രൻ മുഖ്യമന്ത്രിയുടെ വിശ്വസ്തനാണ്. രവീന്ദ്രൻ അറിയാതെ ഫയലുകൾ നീങ്ങില്ല. മുഖ്യമന്ത്രിയുടെ ചങ്കിടിപ്പ് ഇപ്പോൾ കൂടിയിരിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.