യതീംഖാനകൾക്കെതിരെ ദേശീയ ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: കേരളത്തിലെ യതീംഖാനകൾക്കെതിരെ ദേശീയ ബാലാവകാശ കമീഷൻ സുപ്രീംകോടതിയെ സമീപിച്ചു. 1960ലെ അനാഥശാല നിയമപ്രകാരം പ്രവർത്തിക്കുന്ന യതീംഖാനകളെ ബാലനീതി നിയമത്തിനു കീഴിലുള്ള ശിശുസംരക്ഷണ കേന്ദ്രമായി പരിഗണിക്കരുതെന്ന സംസ്ഥാന ഹൈകോടതി വിധി ചോദ്യംചെയ്താണ് ദേശീയ ബാലാവകാശ കമീഷൻ സുപ്രീംകോടതിയിലെത്തിയത്.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് കീഴിലുള്ള യതീംഖാനകൾ സമർപ്പിച്ച കേസിനൊപ്പം കമീഷെൻറ ഹരജിയും ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. 1960ലെ അനാഥശാല നിയമപ്രകാരം പ്രവർത്തിക്കുന്ന യതീംഖാനകളെ 2015ലെ ബാലനിതീ നിയമപ്രകാരം പ്രവർത്തിക്കുന്ന ശിശു സംരക്ഷണ കേന്ദ്രങ്ങളായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ ഏതാനും അനാഥശാലകൾ സമർപ്പിച്ച ഹരജിയിൽ ഹൈകോടതി ഇൗ വാദം ശരിവെച്ചിരുന്നു.
അതേസമയം, രണ്ടും രണ്ട് നിയമപ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണെങ്കിലും അനാഥശാലകളും ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്ട്രേഷൻ നടത്തണമെന്നും ഹൈകോടതി വ്യവസ്ഥചെയ്തു. അത്തരമൊരു രജിസ്ട്രേഷന് നിർബന്ധിക്കരുതെന്ന മാനേജ്മെൻറുകളുടെ വാദം തള്ളിയായിരുന്നു ഹൈകോടതി നടപടി. എന്നാൽ രജിസ്ട്രേഷൻ മാത്രം പോരെന്നും എല്ലാ യതീംഖാനകളെയും ശിശുസംരക്ഷണ കേന്ദ്രമാക്കി മാറ്റണമെന്നുമാണ് ദേശീയ ബാലാവകാശ കമീഷൻ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരേത്ത സുപ്രീംകോടതിയിൽ സമസ്തയുടെ യതീംഖാനകൾ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെട്ടതിന് എതിരാണ് കമീഷെൻറ ആവശ്യം. ശിശുസംരക്ഷണ കേന്ദ്രങ്ങൾക്കുള്ള നിയമവും യതീംഖാനകൾക്കുള്ള നിയമവും രണ്ടാണെന്നും ആദ്യത്തേതിെൻറ വ്യവസ്ഥകളനുസരിച്ച് രണ്ടാമത്തേതിന് പ്രവർത്തിക്കാൻ കഴിയില്ലെന്നും സമസ്ത സുപ്രീംകോടതിയെ ബോധിപ്പിച്ചിരുന്നു. ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ നിയന്ത്രണവും മേൽനോട്ടവും ഒമ്പത് സർക്കാർ പ്രതിനിധികളുള്ള 15 അംഗ ശിശുക്ഷേമ സമിതികൾക്കാണ്. യതീംഖാനക്കും ആ നിയമം ബാധകമാക്കിയാൽ മാനേജ്മെൻറുകളുടെ നിയന്ത്രണത്തിൽനിന്ന് യതീംഖാനകൾ സർക്കാർ നിയന്ത്രണത്തിലേക്ക് മാറും. മാത്രമല്ല, ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കൊടുക്കേണ്ടത് നിർബന്ധമാണ്. മുസ്ലിം സമൂഹത്തിനിടയിൽ ദത്തെടുക്കൽ മതപരമായി അനുവദനീയമല്ലാത്തതിനാൽ യതീംഖാനകളിലെ കുട്ടികളെ അതിനായി വിട്ടുകൊടുക്കാൻ കഴിയില്ല.
തെരുവുകളിൽനിന്ന് കിട്ടുന്ന മാതാപിതാക്കളില്ലാത്ത കുട്ടികളെയും കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെടുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളെയും ശിശുസംരക്ഷണ കേന്ദ്രങ്ങളിലേക്കാണയക്കുക. അത്തരം കുട്ടികളെ നിർബന്ധമായും സ്ഥാപനം സ്വീകരിേക്കണ്ടിവരും. എന്നാൽ, യതീംഖാനകൾക്ക് അതിന് കഴിയില്ല. മതപരമായ വിദ്യാഭ്യാസം ലക്ഷ്യമിട്ട് വഖഫ് ചെയ്ത യതീംഖാനകൾ ഇത്തരം ആവശ്യങ്ങൾക്ക് വഴിതിരിച്ചുവിടാൻ കഴിയില്ല എന്നും സമസ്ത ബോധിപ്പിക്കുന്നു.
യതീംഖാനകളും ശിശുസംരക്ഷണ കേന്ദ്രങ്ങളാക്കി രജിസ്റ്റർ ചെയ്യണമെന്ന് മോദി സർക്കാറിെൻറ മുൻ അറ്റോണി ജനറൽ മുകുൾ രോഹ്തഗി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് കേരളത്തിൽ മുസ്ലിം സംഘടനകളുടെ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സമസ്ത നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
