കാറിൽ ചാരിനിന്നതിന് ചവിട്ടേറ്റ കുട്ടിക്ക് വാരിയെല്ലിന് ചതവ്
text_fieldsകണ്ണൂർ: റോഡരികിൽ നിർത്തിയിട്ട കാറിൽ ചാരിനിന്നതിന് യുവാവ് ചവിട്ടിത്തെറിപ്പിച്ച ആറു വയസ്സുകാരന്‍റെ വാരിയെല്ലിന് ചതവ്. ഇടത് വാരിയെല്ലിനാണ് ചതവുള്ളത്. മുതുകിൽ നിർക്കെട്ടുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ പറയുന്നു. രണ്ട് ദിവസം കൂടി കുട്ടി ആശുപത്രിയിൽ കഴിയേണ്ടി വരുമെന്നാണ് കരുതുന്നത്.
അതേസമയം, കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചതിന് അറസ്റ്റിലായ പൊന്ന്യം പാലം മാക്കുനി റോഡിലെ മൻസാറിൽ മുഹമ്മദ് ഷിഹാദിനെ (20) തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾക്കെതിരെ വധശ്രമം ഉൾപ്പെടെ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്.
ആദ്യം കസ്റ്റഡിയിലെടുത്ത യുവാവിനെ രാത്രിതന്നെ വിട്ടയച്ച നടപടി വിവാദമായതോടെ, പൊലീസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുകയാണ്. തലശ്ശേരി എ.സി.പിയാണ് ഇക്കാര്യം അന്വേഷിക്കുന്നത്. സംഭവം അന്വേഷിക്കുമെന്ന് ഡി.ജി.പി അനിൽ കാന്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു.
സ്പീക്കർ എ.എൻ. ഷംസീറും വിവിധ രാഷ്ട്രീയ നേതാക്കളും കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ചു. വിഷയത്തിൽ ഇടപെട്ട ബാലാവകാശ കമീഷൻ ചെയർമാൻ അഡ്വ. കെ.വി. മനോജ് കുമാർ പൊലീസ് മേധാവികളെ ബന്ധപ്പെട്ട് രൂക്ഷമായി വിമർശിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജും സംഭവത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

