ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകൾ എല്ലാ ജില്ലയിലേക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലയിലും ശിശുസൗഹൃദ സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. കേരള പൊലീസ് നടപ്പാക്കുന്ന ചിൽഡ്രൻ ആൻഡ് പൊലീസ് പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമാകുന്നതിെൻറ ഭാഗമായാണിത്. പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ശിശുസൗഹൃദമാക്കുന്നതിനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഇടപെടുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
തുടക്കമെന്നനിലയിൽ ഓരോ പൊലീസ് ജില്ലയിലും ഒരു സ്റ്റേഷനിൽ പദ്ധതി ആരംഭിക്കും. നിലവിൽ തിരുവനന്തപുരം ഫോർട്ട്, കൊല്ലം ഈസ്റ്റ്, കടവന്ത്ര, തൃശൂർ ടൗൺ ഈസ്റ്റ്, കോഴിക്കോട് ടൗൺ, കണ്ണൂർ ടൗൺ എന്നീ സ്റ്റേഷനുകളിൽ ശിശുസൗഹൃദ കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്കുവേണ്ടി നിരവധി പരിപാടികൾ ഇതിനകംതന്നെ കേരള പൊലീസ് ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്നുണ്ട്. സ്റ്റുഡൻറ് കാഡറ്റ് പദ്ധതിക്ക് പുറമെ, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയുക, സൈബർ ഇടങ്ങളിൽ സുരക്ഷ ഒരുക്കുക, കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിെൻറ ഭാഗമാണ്. ഇവയെല്ലാം ഇനി കേപ് ഏകോപിപ്പിക്കും.
പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്േട്രഷൻ ഐ.ജി പി. വിജയനാണ് പദ്ധതിയുടെ കോഒാഡിനേറ്റർ. ഫോർട്ട് സ്റ്റേഷനിലും കണ്ണൂരിലും ആഴ്ചതോറും ഡോക്ടറെത്തി കുട്ടികളെ പരിശോധിക്കുന്ന ക്ലിനിക്കുകൾ ആരംഭിച്ചിരുന്നു. ജില്ല മെഡിക്കൽ ഓഫിസ്, ഐ.എം.എ തുടങ്ങിയവയുടെ സഹകരണത്തോടെ മറ്റ് ജില്ലകളിലും അവ നടപ്പാക്കാൻ ഡി.ജി.പി നിർദേശം നൽകി. ഓരോ ജില്ലയിലും ശിശുസൗഹൃദ സ്റ്റേഷനായി തിരഞ്ഞെടുക്കുന്ന കേന്ദ്രങ്ങളുടെ പട്ടിക ജില്ല പൊലീസ് മേധാവികൾ പൊലീസ് ആസ്ഥാനത്ത് നൽകുന്നതിനും നിർദേശം നൽകി.
ശിശുസൗഹൃദ സ്റ്റേഷനുകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ നിർദേശങ്ങൾ പൊലീസ് ആസ്ഥാനത്തെ അഡ്മിനിസ്േട്രഷൻ ഐ.ജിക്ക് തപാലിലോ igpadmin.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണമെന്നും ഡി.ജി.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
