കുട്ടി കാനയിൽ വീണ സംഭവം: നഗരസഭ സെക്രട്ടറിയെ വിളിച്ചു വരുത്തി; കാനകൾ രണ്ടാഴ്ചക്കകം മൂടണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നഗരത്തിൽ തുറന്നുകിടന്ന കാനയിൽ വീണ് മൂന്ന് വയസ്സുകാരന് പരിക്കേറ്റ സംഭവത്തിൽ സ്വമേധയ ഇടപെട്ട ഹൈകോടതി, കൊച്ചി കോർപറേഷൻ സെക്രട്ടറിയെ വിളിച്ചുവരുത്തി. വിഷയം അമിക്കസ് ക്യൂറി ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് വെള്ളിയാഴ്ച രാവിലെ ഇക്കാര്യം പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉച്ചക്ക് ശേഷം നഗരസഭ സെക്രട്ടറി ഹാജരാവണമെന്ന നിർദേശം നൽകി. നേരിട്ട് ഹാജരായ സെക്രട്ടറി ബാബു അബ്ദുൽ ഖാദർ, അപകടക്കെണിയൊരുക്കി തുറന്നുകിടക്കുന്ന കാനകളും കുഴികളും രണ്ടാഴ്ചക്കകം സ്ലാബിട്ട് അടക്കുമെന്നും ഇത് സാധ്യമല്ലാത്തിടങ്ങളിൽ ശരിയായ രീതിയിൽ ബാരിക്കേഡ് സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കുമെന്നും കോടതിക്ക് ഉറപ്പുനൽകി.
ഒക്ടോബർ 12ന് മാത്രമാണ് താൻ ചുമതലയേറ്റതെന്ന് പറഞ്ഞ സെക്രട്ടറി, സംഭവത്തിൽ മാപ്പ് പറയുകയും ചെയ്തു. ഇതു രേഖപ്പെടുത്തിയ സിംഗിൾ ബെഞ്ച് വിഷയം ഡിസംബർ രണ്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റി. വ്യാഴാഴ്ച രാത്രി എട്ടോടെ പനമ്പിള്ളി നഗർ മെയിൻ അവന്യൂ റോഡിന് സമീപത്തെ കാനയിലാണ് മൂന്നു വയസ്സുകാരൻ വീണത്.
സംഭവം ഞെട്ടിപ്പിക്കുന്നതാണെന്നും ദൈവാനുഗ്രഹം കൊണ്ടാണ് കാര്യമായ പരിക്കില്ലാതെ കുട്ടി രക്ഷപ്പെട്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. കൊച്ചിയിൽ മാത്രമല്ല, സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും കാനകളും കുഴികളും അപകടക്കെണിയൊരുക്കി തുറന്നുകിടക്കുന്നത് സാധാരണ കാഴ്ചയാണ്. സംഭവത്തിന്‍റെ അന്തിമ ഉത്തരവാദിത്തം കോർപറേഷനാണ്. നടപ്പാതകൾ സുരക്ഷിതമാക്കണമെന്ന് നാളുകളായി പറയുന്നു. സ്ലാബിടാനും ബാരിക്കേഡ് സ്ഥാപിക്കാനും അപകടം സംഭവിക്കാൻ കാത്തിരിക്കുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു.
എറണാകുളം എം.ജി റോഡിൽ നടപ്പാതകൾ തുറന്നിട്ടിരിക്കുകയാണ്. കാൽനട തീർത്തും അസാധ്യമാണ്. ഇവിടങ്ങളിൽ ബാരിക്കേഡുകൾപോലും സ്ഥാപിക്കുന്നില്ല. റോഡും നടപ്പാതകളും കുട്ടികൾക്കുകൂടി സഞ്ചരിക്കാനുള്ളതാണ്. അവരെകൂടി കരുതി വേണം നടപടികൾ. സൈക്കിളോടിക്കാൻ നഗരത്തിലെ റോഡിലിറങ്ങുന്ന കുട്ടികൾ മടങ്ങിവരുന്നത് ഭാഗ്യംകൊണ്ടാണ്. കാനകളും കുഴികളും അപകടക്കെണിയാവുമ്പോൾ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള കലക്ടറും ശ്രദ്ധിക്കണം.
നഗരസഭ സെക്രട്ടറി നൽകിയ ഉറപ്പ് രണ്ടാഴ്ചക്കകം പാലിക്കണമെന്ന് കോടതി നിർദേശിച്ചു. സെക്രട്ടറി, നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന ഹരജിയിൽ ഹൈകോടതി നിയോഗിച്ച മേൽനോട്ട സമിതി എന്നിവയുമായി ചേർന്ന് കലക്ടർ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം. നടപ്പാതകളുടെ സുരക്ഷ ഓഡിറ്റ് നടത്തി റിപ്പോർട്ട് ഡിസംബർ രണ്ടിനകം നൽകാനും കോടതി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

