ബാലികയെ പുഴയിലെറിഞ്ഞുകൊന്ന ബന്ധുവായ സ്ത്രീ അറസ്റ്റില്‍
text_fieldsആമ്പല്ലൂര്‍(തൃശൂര്‍): തൃശൂരിനടുത്ത് പുതുക്കാട് പാഴായിയില്‍ പുഴയില്‍ വീണ് മരിച്ചനിലയില്‍ കണ്ട നാലുവയസ്സുകാരിയെ അമ്മൂമ്മ കൊലപ്പെടുത്തിയതാണെന്ന് വെളിപ്പെട്ടു. കണ്ണൂര്‍ മട്ടന്നൂര്‍ നന്ദനം വീട്ടില്‍ രജിത് കുമാര്‍-നീഷ്മ ദമ്പതികളുടെ ഏക മകള്‍ മേഭയെയാണ് (നാല്) വ്യാഴാഴ്ച പാഴായിയിലെ അമ്മവീടിന് സമീപത്ത് മണലി പുഴയില്‍ മരിച്ചനിലയില്‍ കണ്ടത്. കുട്ടിയുടെ അമ്മയുടെ പിതൃസഹോദരി ശൈലജയെ (49) ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടി അബദ്ധത്തില്‍ പുഴയില്‍ വീണെന്നാണ് വീട്ടുകാര്‍ ആദ്യം ധരിച്ചത്. പിന്നീട് ശൈലജയുടെ പെരുമാറ്റത്തിലും സംസാരത്തിലും സംശയം തോന്നി പൊലീസില്‍ പരാതി നല്‍കി. ശൈലജയെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പുഴയിലെറിഞ്ഞ് കൊന്നതാണെന്ന് അവര്‍ പറഞ്ഞു.
നീഷ്മയുടെ പിതാവ് മുരളിയോടും സഹോദരങ്ങളോടും കാലങ്ങളായുള്ള വിരോധമാണ് കൊലക്ക് പ്രേരണയത്രേ.ശൈലജയുടെ വഴിവിട്ട ജീവിതംമൂലം മുരളിയും സഹോദരങ്ങളും ഇവരുമായി സൗഹൃദത്തിലായിരുന്നില്ല. മുമ്പ് മേഭയുടെ സ്വര്‍ണാഭരണം കാണാതായതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ആഭരണം ശൈലജ എടുത്തെന്നാണ് മുരളിയുടെ വീട്ടുകാര്‍ ആരോപിച്ചിരുന്നത്.
ഭര്‍ത്താവിന്‍െറ മരണശേഷം മകളോടൊപ്പം ഒല്ലൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന ശൈലജ വല്ലപ്പോഴുമേ പാഴായിയിലെ തറവാട്ടിലേക്ക് വരാറുള്ളൂ. മൂത്ത സഹോദരന്‍ മോഹനന്‍െറ മരണാനന്തര ചടങ്ങില്‍ സംബന്ധിക്കാനാണ് ഇക്കുറി എത്തിയത്. കുട്ടി പുഴയില്‍ വീണ ദിവസം മോഹനന്‍െറ സഞ്ചയനമായിരുന്നു. രാവിലെ ചടങ്ങുകള്‍ കഴിഞ്ഞിരുന്നു. ഉച്ചയോടെ മേഭയെയും മറ്റൊരു കുട്ടിയെയും മിഠായി കാണിച്ച് മോഹനന്‍െറ വീടിനടുത്ത പുഴയുടെ അടുത്തേക്ക് കൊണ്ടുപോയി.
തുടര്‍ന്ന് മറ്റേ കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയച്ചു. മേഭയെയുംകൊണ്ട് പുഴയിലേക്ക് അല്‍പം ഇറങ്ങിയശേഷം മൂക്കും വായും പൊത്തിപ്പിടിച്ച് വെള്ളത്തിലേക്ക് വലിച്ചെറിയുകയായിരുന്നു. പിന്നീട് വീടിന് പുറത്തുള്ള കുളിമുറിയില്‍ കയറി കാലിലെ ചളി കഴുകി. ഇതിനിടെ വീട്ടുകാര്‍ കുട്ടിയെ തിരക്കിത്തുടങ്ങിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് പുഴയില്‍നിന്ന് മൃതദേഹം കിട്ടിയത്.
തൃശൂര്‍ ഈസ്റ്റ്, വെസ്റ്റ്, പാലക്കാട്, ചേര്‍പ്പ് സ്റ്റേഷനുകളില്‍ ശൈലജയുടെ പേരില്‍ അനാശാസ്യപ്രവര്‍ത്തനത്തിന് കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ സംഭവ സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുത്തു. ചാലക്കുടി ഡിവൈ.എസ്.പി പി. വാഹിദ്, സി.ഐ എസ്.പി. സുധീരന്‍, എസ്.ഐമാരായ വി. സജീഷ്കുമാര്‍, എം.ഡി. അന്ന എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
