13കാരിയെ ചിരവകൊണ്ടടിച്ചു, ക്രൂരമര്‍ദനം: രണ്ടാനച്ഛന്‍ പിടിയില്‍
text_fieldsതൃപ്പൂണിത്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മർദിച്ച കേസ്സില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ഇരുമ്പനം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി മറയൂര്‍ സ്വദേശിയായ 33 കാരനെയാണ് ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതി ഭാര്യയും 5 കുട്ടികളുമായി ഇവിടെ ഒരു വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. മൂത്ത മൂന്ന് പെണ്‍കുട്ടികള്‍ പ്രതിയുടെ ഇപ്പോഴത്തെ ഭാര്യയുടെ ആദ്യഭർത്താവിലുള്ളതാണ്. ഇതില്‍ 13 വയസ്സുള്ള മൂത്ത പെണ്‍കുട്ടിയെയാണ് കഴിഞ്ഞ 26ന് രാത്രി പ്രതി ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്.
മദ്യപിച്ചെത്തി പെണ്‍കുട്ടിയെ ചിരവ കൊണ്ടും സോസ് പാന്‍ കൊണ്ടും ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം സമീപവാസികള്‍ പൊലീസില്‍ അറിയിച്ചതറിഞ്ഞ് ഒളിവില്‍ പോയ പ്രതിയെ മറയൂരിലേക്കുളള യാത്രാമധ്യേ പൊലീസ് പിടികൂടുകയായിരുന്നു.പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു.
ക്രൂരമർദനത്തിന് ഇരയായ പെണ്‍കുട്ടി ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. എസ്.ഐമാരായ എ. പ്രദീപ്, വി.ആര്‍. രേഷ്മ, എ.എസ്.ഐമാരായ രാജീവ്‌നാഥ്, എം.ജി. സന്തോഷ്, ഷാജി, എസ്.സി.പി.ഒ ശ്യാം ആര്‍. മേനോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

