കഥാപാത്രങ്ങൾക്ക് ജാനകിയെന്നും സീതയെന്നും പേരിടാനാകാത്ത സ്ഥിതി, കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത് -മുഖ്യമന്ത്രി
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു
തൃശൂർ: 64ാമത് സ്കൂൾ കലോത്സവത്തിന് പൂര നഗരിയിൽ തിരിതെളിഞ്ഞു. പ്രധാന വേദിയായ തേക്കിൻകാട് മൈതാനത്തെ സൂര്യകാന്തിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
'മുസ്‌ലിംകൾ ഭരതനാട്യം പഠിക്കരുതെന്നും ഹിന്ദുക്കൾ ഒപ്പനയിൽ പങ്കെടുക്കരുതെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നത് നാം കണ്ടതാണ്. ക്രിസ്മസ് കരോളിന് നേരെ പോലും ആക്രമണം നടത്തുന്നത് നാം കണ്ടു. എവിടെയും മതത്തിന്റെ പേരിൽ കലാപം ഉണ്ടാകാൻ വർഗീയ വാദികൾ ശ്രമിക്കുകയാണ്. സിനിമയിലെ കഥാപാത്രങ്ങൾക്ക് പോലും ജാനകിയെന്നും സീതയെന്നും മറ്റും പേരിടാൻ സമ്മതിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. സമാധാനവും സന്തോഷവും ഇല്ലാതാക്കുന്ന ഇത്തരം കലാപകാരികളെ ചെറുത്ത് തോൽപ്പിക്കാനുള്ള മികച്ചൊരായുധമായി കല മാറിയിട്ടുണ്ട്' എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കലയാണ് മതനിരപേക്ഷതയും ജനാധിപത്യവും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. ഇതിന് ഏറ്റവും സഹായകമായത് സ്‌കൂള്‍ കലോത്സവങ്ങളാണ്. ഓരോ കാലത്തും ഏറ്റവും മികച്ച ചില കലാകാരന്മാര്‍ക്കു പോലും അവരുടെ ജാതിയും മതവും പ്രശ്‌നമായിരുന്നിട്ടുണ്ട്. മറ്റു മതക്കാരുടെ കൂടി അനുഭൂതികള്‍ സ്വാംശീകരിക്കാനുള്ള വിശാല മനസ്സാണ് നമ്മെ പരിഷ്‌കൃതരും സംസ്‌കാര സമ്പന്നരും ആക്കുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്. പൂക്കളുടെ പേരിലുള്ള 25 വേദികളിലായി 15,000 പ്രതിഭകളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

