വനം വകുപ്പിന്റെ ബില്ലുകളിൽ ചീഫ് സെക്രട്ടറിയുടെ വിയോജിപ്പ്; എതിർപ്പറിയിച്ച് മന്ത്രിമാർ
text_fieldsതിരുവനന്തപുരം: വന്യജീവി സംരക്ഷണ നിയമഭേദഗതി ഉൾപ്പെടെ വനം വകുപ്പിന്റെ മൂന്ന് ബില്ലുകളിൽ ചീഫ് സെക്രട്ടറി എ. ജയതിലക് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയതിൽ മന്ത്രിസഭ യോഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രിമാർ. സെപ്റ്റംബർ 15ന് തുടങ്ങുന്ന നിയമസഭ സമ്മേളനത്തിൽ അവതരിപ്പിക്കാൻ ലക്ഷ്യമിട്ട് മന്ത്രിസഭയിൽ കൊണ്ടുവന്ന ബില്ലുകളിലാണ് ചീഫ് സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ചുള്ള കുറിപ്പ് രേഖപ്പെടുത്തിയത്. ചീഫ് സെക്രട്ടറിയുടേത് അനാവശ്യ കുറിപ്പുകളാണെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഇതേതുടർന്ന് ബില്ലുകൾ വീണ്ടും പരിഗണിക്കാൻ 13ന് പ്രത്യേക മന്ത്രിസഭ യോഗം ചേരാമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയതാണ് കരട് ബില്ലുകളിൽ ഒന്ന്. രാജകീയ മരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ചന്ദനമരം നട്ടുപിടിപ്പിച്ച കർഷകന് മുറിക്കാൻ അനുമതി നൽകുന്നതാണ് മറ്റൊന്ന്. വനം ഇക്കോ ടൂറിസവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിനനുസൃതമായി സംസ്ഥാനത്ത് ഇക്കോ ടൂറിസം വികസന ബോർഡുകൾ രൂപവത്കരിക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് മൂന്നാമത്തെ ബില്ല്. ഇവ സെപ്റ്റംബർ മൂന്നിലെ മന്ത്രിസഭ യോഗത്തിൽ വന്നെങ്കിലും പഠിക്കാൻ കൂടുതൽ സമയം വേണമെന്ന് മന്ത്രിമാർ അഭിപ്രായപ്പെട്ടതിനെ തുടർന്ന് മാറ്റിയതായിരുന്നു.
ബില്ലുകൾ ഇന്നലത്തെ മന്ത്രിസഭ യോഗം പരിഗണിച്ചപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പുകൾ ചർച്ചയായത്. വനത്തിലെ മാലിന്യനിക്ഷേപം തടയുന്നത് സംബന്ധിച്ച വ്യവസ്ഥകളിൽ ചീഫ് സെക്രട്ടറി ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. ചന്ദനമരം മുറിച്ചാൽ അവ എങ്ങനെ കൊണ്ടുപോകും, വിൽപ്പന എങ്ങനെ എന്നിങ്ങനെയുള്ള ചോദ്യങ്ങളും ഉന്നയിച്ചു. സാധാരണ ഇത്തരം വിഷയങ്ങളിൽ ബില്ല് പാസാക്കിയശേഷം ചട്ടങ്ങൾ തയാറാക്കുമ്പോഴാണ് വ്യക്തത വരുത്തുകയെന്ന് മന്ത്രിമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

