കെ.എം എബ്രഹാമിനെയും അജിത് കുമാറിനെയും കുറ്റവിമുക്തരാക്കിയത് മുഖ്യമന്ത്രിയുടെ വിജിലന്‍സ്- വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: കെ.എം എബ്രഹാമിനെയും അജിത് കുമാറിനെയും കുറ്റവിമുക്തരാക്കിയത് മുഖ്യമന്ത്രിയുടെ വിജിലൻസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ.എം. എബ്രഹാമിന് എതിരായ സി.ബി.ഐ അന്വേഷണ നിർദേശത്തില്‍ കോടതി വിധി വ്യക്തമാണ്. മുഖ്യമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിച്ച പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള സംസ്ഥാന വിജിലന്‍സാണ് അന്വേഷണം നടത്തി കുറ്റവിമുക്തനാക്കിയത്.
വിജിലന്‍സ് കെ.എം എബ്രഹാമിനെ മനപൂര്‍വം കുറ്റവിമുക്തനാക്കുകയായിരുന്നെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പ്രഥമദൃഷ്ട്യാ കെ.എം. എബ്രഹാം കുറ്റക്കാരനാണെന്നതിന് തെളിവുണ്ടെന്നും അതിനാല്‍ സി.ബി.ഐ അന്വേഷിക്കണമെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇതില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതു തന്നെയാണ് അജിത് കുമാറിനെതിരായ കേസിലും നടന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സാണ് അജിത് കുമാറിനെയും കുറ്റവിമുക്തനാക്കിയത്.
മുഖ്യമന്ത്രിയുടെ വിജിലന്‍സ് അന്വേഷിക്കാത്തതു കൊണ്ടാണ് മുഖ്യമന്ത്രിയുടെ പഴയ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ജയിലില്‍ പോകേണ്ടി വന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എന്തൊക്കെയാണ് നടക്കുന്നത്? ആരൊക്കെയാണ് ആ ഓഫീസില്‍ ഇരിക്കുന്നത്? കിഫ്ബിയുടെ തലപ്പത്ത് കെ.എം എബ്രഹാമിനെ പേലെ ആരോപണവിധേയനായ ഒരാള്‍ ഇരിക്കുന്നതിന്റെ പ്രസക്തി എന്താണ്? ഇവരുടെയൊക്കെ ഉപദേശം കേട്ടാണ് സര്‍ക്കാര്‍ കിഫ്ബി ഉണ്ടാക്കിയത്.
ഇപ്പോള്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് കിഫ്ബി മാറി. ഇവരൊക്കെയാണ് ഉപദേശം നല്‍കി സര്‍ക്കാരിനെ ഈ സ്ഥിതിയിലാക്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപകസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രതിപക്ഷം നേരത്തെ പറഞ്ഞതാണ്. അത് ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സഹപ്രവര്‍ത്തകനായ എ.ഡി.ജി.പിക്കെതിരെ അജിത് കുമാര്‍ വ്യാജ മൊഴി കൊടുത്തെന്ന് ഡി.ജി.പി റിപ്പോര്‍ട്ട് നല്‍കിയിട്ടും മുഖ്യമന്ത്രി ആ റിപ്പോര്‍ട്ട് അദ്ദേഹത്തിന്റെ കസേരയിലെ കുഷ്യന് അടിയില്‍ വച്ചിരിക്കുകയാണ്. അത് പുറത്ത് വിടില്ല. ചുറ്റും നില്‍ക്കുന്ന ഉപജാപകസംഘത്തെ രക്ഷിക്കുകയും അവര്‍ പറയുന്നത് മാത്രം കേള്‍ക്കുകയും ചെയ്യുന്ന ഒരാളായി കേരളത്തിലെ മുഖ്യമന്ത്രി മാറിയിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

