Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുഖ്യമന്ത്രി സസ്പെൻസ് തുടരുന്നു; ചർച്ചകൾ സജീവം; പ്രഖ്യാപനം രണ്ടുദിവസത്തിനകം

text_fields
bookmark_border
Kerala Chief Minister
cancel

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചർച്ചകൾ സജീവമാണ്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ള വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുമായി ശനിയാഴ്ച വൈകീട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയും ഒറ്റക്കും കൂട്ടായും ചർച്ച നടത്തിയിരുന്നു. അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ ഖാർഗെ പ്രഖ്യാപിക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുമായും രാഹുലുമായും ചർച്ച ചെയ്തശേഷമാകും തീരുമാനം.

കേരളത്തിലെ ഘടകകക്ഷികളോടും അഭിപ്രായം തേടുമെന്നാണ് എ.ഐ.സി.സി വൃത്തങ്ങൾ നൽകുന്ന സൂചന. ചർച്ചകൾക്കുശേഷം സതീശൻ രാവിലെ കൊച്ചിയിൽ തിരിച്ചെത്തി. വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ഞായറാഴ്ച രാവിലെ രാഹുൽ ചെന്നൈയിലേക്ക് പോയി. ഡൽഹിയിൽ തിരിച്ചെത്തിയശേഷം രാഹുലും ചർച്ചയുടെ ഭാഗമാകും. ശനിയാഴ്ച വൈകീട്ടു തന്നെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നായിരുന്നു നേതൃത്വം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, മൂന്നു നേതാക്കളും തങ്ങളുടെ നിലപാടിൽ ഉറച്ചു നിന്നതോടെ സമവായത്തിൽ എത്താനായില്ല. ഇതോടെയാണ് തീരുമാനം നീട്ടിവെച്ചത്.

സംസ്ഥാനത്ത് ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സ് പോരുകളും അവസാനിപ്പിക്കണമെന്ന് നേതാക്കൾക്ക് എ.ഐ.സി.സി കർശന നിർദേശം നൽകിയിട്ടുണ്ട്. സീനിയോറിറ്റിയും ഭരണപാടവവും മുൻനിർത്തി രമേശ് ചെന്നിത്തല അവകാശവാദം മുന്നോട്ടുവെച്ചപ്പോൾ എം.എൽ.എമാരുടെ പിന്തുണയുടെ ബലത്തിൽ തന്നെയാക്കണമെന്ന വാദമാണ് കെ.സി. വേണുഗോപാൽ നടത്തിയത്. അതേസമയം, ടീം യു.ഡി.എഫ് എന്ന നിലക്ക് മുന്നണിയെ നയിച്ച തനിക്കാണ് അർഹതയെന്ന് വ്യക്തമാക്കി സതീശൻ, അന്തിമ തീരുമാനമെടുക്കുംമുമ്പ് ഘടകകക്ഷികളോടും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

മൂവർക്കും പറയാനുള്ളത് കേട്ട ശേഷവും മുഖ്യമന്ത്രി ആരെന്ന് വ്യക്തമാക്കാൻ രാഹുലും ഖാർഗെയും തയാറായില്ല. അതിനുശേഷം എല്ലാവരെയും ഒരുമിച്ചിരുത്തി നടത്തിയ ചർച്ചയിലാണ്, വിജയത്തിന്റെ ശോഭ കെടുത്തുന്ന നിലവിട്ട പ്രകടനങ്ങളും പ്രതിഷേധങ്ങളും അവസാനിപ്പിക്കാൻ മൂവരും ആവശ്യപ്പെടാൻ തീരുമാനിച്ചത്. മൂന്ന് മണിക്കൂർ നീണ്ട യോഗത്തിനു ശേഷം മൂന്നു നേതാക്കളും ഒരുമിച്ചാണ് പുറത്തെത്തിയത്. അന്തിമ തീരുമാനം വൈകില്ലെന്ന് വ്യക്തമാക്കിയ ദീപദാസ് മുൻഷി, അത് എപ്പോഴാണെന്ന് പറഞ്ഞില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Chief Minister's suspense continues; discussions are active
Next Story