മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ജീവനക്കാരുടെ കുറവ് അപേക്ഷകളെ ബാധിക്കുന്നു
text_fieldsമലപ്പുറം: ജീവനക്കാരുടെ കുറവ് മൂലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള (സി.എം.ഡി.ആർ.എഫ്) അപേക്ഷകൾ തീർപ്പാക്കാൻ കാലതാമസമെടുക്കുന്നു. പി. നന്ദകുമാർ എം.എൽ.എയുടെ ചോദ്യത്തിന് അഡീഷനൽ ജില്ല മജിസ്ട്രേറ്റ് നൽകിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ സഹായം അഭ്യർഥിച്ച് ഏഴ് താലൂക്കുകളിൽ നിന്നായി നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്.
ഇതിൽ വില്ലേജ് ഓഫിസ് തലം മുതൽ പത്തോളം കേന്ദ്രങ്ങളിൽ പരിശോധന പൂർത്തിയാക്കിയാണ് ബന്ധപ്പെട്ട അപേക്ഷയിൽ തീർപ്പ് കൽപ്പിക്കുന്നത്. എന്നാൽ, ഓരോ തലങ്ങളിൽ നിന്നുമുള്ള അപേക്ഷകളുടെ ബാഹുല്യം കാരണം പരിശോധന പൂർത്തിയാക്കി നടപടി സ്വീകരിക്കാൻ വൈകുന്നുണ്ടെന്ന് മറുപടിയിൽ പറയുന്നു. അപേക്ഷകൾ പരിശോധിക്കുന്ന ജീവനക്കാർക്ക് ഇ-ഓഫിസ് മുഖേന വരുന്ന തപാലുകൾ കൂടി കൈകാര്യം ചെയ്യേണ്ടി വരുന്നുണ്ട്. ഇതും കാലതാമസമെടുക്കാൻ കാരണമാകുന്നുണ്ടെന്ന് മറുപടി വ്യക്തമാക്കുന്നു.
ഒരു ലക്ഷത്തിന് മുകളിൽ തുക വരുന്ന ചികിത്സ ചെലവുകൾക്ക് മാത്രമേ ബില്ലുകൾ നിർബന്ധമുള്ളൂ എങ്കിലും എല്ലാ അപേക്ഷകളിലും ബില്ല് ആവശ്യപ്പെട്ട് അപേക്ഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സർക്കാറിൽനിന്ന് ആവശ്യപ്പെടുന്ന മുറക്കാണ് ബില്ലുകൾ തേടുന്നതെന്ന് എ.ഡി.എം നൽകിയ മറുപടിയിലുണ്ട്. ജില്ലയിൽ ജീവിതശൈലി രോഗങ്ങളുള്ളവർ കൂടുതലാണ്. തിരുത്തലുകളോ അസ്വാഭാവികതയോ കാണുകയാണെങ്കിലാണ് ബില്ലുകൾ തേടുന്നതെന്നും എം.എൽ.എക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.