മുഖ്യമന്ത്രിയുടെ യാത്ര; യൂത്ത് ലീഗ് പ്രവർത്തകരെ കരുതൽ തടങ്കലിൽ നിർത്തി വിട്ടയച്ചു
text_fieldsപയ്യോളി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ യാത്രയുമായി ബന്ധപ്പെട്ട് പയ്യോളിയിൽ ഏഴ് മുസ് ലിം യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിൽ നിർത്തി വിട്ടയച്ചു. ശനിയാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് മുഖ്യമന്ത്രി കടന്നുപോയ ഉടൻ ഇവരെ പയ്യോളി പൊലീസ് വിട്ടയക്കുകയായിരുന്നു.
പയ്യോളി മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്‍റ് എസ്.കെ. സമീർ, ജനറൽ സെക്രട്ടറി എ.വി. സകരിയ്യ, വൈസ് പ്രസിഡന്‍റ് ടി.പി. നൗഷാദ്, സാജിദ് പുത്തലത്ത്, ടി.വി. മുനീർ, യു.പി. സുനീർ, യു.പി. കാസിം എന്നിവരെയാണ് പയ്യോളി പൊലീസ് പിടികൂടിയത്. പാചകവാതക വില വർധനവിനെതിരെ പയ്യോളിയിൽ മുസ് ലിം ലീഗ് സംഘടിപ്പിച്ച ധർണയിൽ പങ്കെടുത്ത് തിരിച്ചു പോവുമ്പോഴായിരുന്നു പൊലീസ് ബലമായി പിടിച്ച് വാഹനത്തിലേക്ക് കയറ്റിയത്.
എന്നാൽ, മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശാനുള്ള സാധ്യത കണക്കിലെടുത്താണ് കരുതൽ തടങ്കലിലാക്കിയതെന്നാണ് പൊലീസ് ഭാഷ്യം.