വിമർശനങ്ങൾ കാര്യമാക്കില്ല, മുഖ്യമന്ത്രിയുടെ ‘അമിത’ സുരക്ഷ തുടരും
text_fieldsതിരുവനന്തപുരം: വിമർശനങ്ങളെ അതിന്റെ വഴിക്ക് വിടാനും മുഖ്യമന്ത്രി പിണറായി വിജയന് ഏർപ്പെടുത്തിയ സുരക്ഷ അതേരീതിയിൽ തുടരാനും പൊലീസിൽ തീരുമാനം. മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്ന അമിത സുരക്ഷക്കെതിരെ വ്യാപക ആക്ഷേപമുയർന്നെങ്കിലും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പൊലീസ്. വിമർശനങ്ങൾ കടുത്തപ്പോൾ മുഖ്യമന്ത്രിതന്നെ ഇക്കാര്യത്തിൽ പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ, അത്തരത്തിലുള്ള നടപടികളൊന്നുമുണ്ടായിട്ടില്ലെന്ന മട്ടിലുള്ള വിശദീകരണമാണ് പൊലീസ് ഉന്നതർ നൽകിയത്.
കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ പിതാവിനെ തടഞ്ഞതും കെ.എസ്.യു പ്രവർത്തകക്കെതിരായ നടപടിയും അകമ്പടി വാഹനത്തിന്റെ അമിതവേഗവും സുരക്ഷക്കായി വാഹനങ്ങൾ തടഞ്ഞത് കോടതിയുടെ വിമർശനത്തിന് പാത്രമായതുമൊന്നും കാര്യമാക്കേണ്ടെന്ന നിലപാടാണ് പൊലീസിന്. മുഖ്യമന്ത്രി പിണറായി വിജയൻ ഭീഷണി നേരിടുന്ന വ്യക്തിയാണെന്നും സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുൾപ്പെടെ കണക്കിലെടുത്ത് കർശന സുരക്ഷ ഉറപ്പുവരുത്തിയേ മതിയാകൂവെന്നുമാണ് പൊലീസ് തീരുമാനം.
ഇതുസംബന്ധിച്ച് ഉയരുന്നത് സ്വാഭാവിക രാഷ്ട്രീയ ആക്ഷേപങ്ങൾ മാത്രമാണെന്ന് പൊലീസ് വൃത്തങ്ങൾ വിശദീകരിക്കുന്നു. സംസ്ഥാനത്തിനകത്ത് നൽകുന്ന സുരക്ഷ അദ്ദേഹം ഇതര സംസ്ഥാനങ്ങൾ സന്ദർശിക്കുമ്പോഴും ഒരുക്കാൻ പൊലീസ് ഉദ്ദേശിക്കുന്നു. അതിന്റെ ഭാഗമായാണ് രണ്ട് ദിവസത്തെ സന്ദർശനത്തിന് ബംഗാളിലെത്തിയ പിണറായിക്ക് പ്രത്യേക സുരക്ഷയൊരുക്കിയത്. കർഷകത്തൊഴിലാളി യൂനിയൻ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക്, നേരത്തേ അവിടെയെത്തിയ ബറ്റാലിയൻ എ.ഡി.ജി.പി എച്ച്. വെങ്കിടേഷാണ് പഴുതടച്ച സുരക്ഷ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

