വായ്പ പലിശയിൽ അഞ്ചു ശതമാനം സബ്സിഡി; മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി ഒരു വർഷം കൂടി നീട്ടി
text_fieldsതിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഒരു വർഷം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
അടുത്ത വർഷം ഏപ്രിൽ വരെയാണ് പദ്ധതി കാലാവധി നീട്ടിയത്. ചെറുകിട ഇടത്തരം സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ എളുപ്പത്തിൽ വായ്‌പ ലഭ്യമാക്കുന്നതാണ് സി.എം.ഇ.ഡി.പി. പദ്ധതിയിലെ വായ്‌പാ പരിധി നിലവിലെ രണ്ടു കോടി രൂപയിൽനിന്ന് അഞ്ചു കോടി രൂപയായി ഉയർത്തി. വായ്‌പ പലിശയിൽ അഞ്ചു ശതമാനം സബ്‌സിഡിയാണ്. ഇതിൽ മൂന്നു ശതമാനം സർക്കാറും രണ്ടു ശതമാനം കെ.എഫ്.സിയും വഹിക്കും. ആറു ശതമാനം പലിശ മാത്രം സംരംഭകൻ നൽകിയാൽ മതിയാകും.
പദ്ധതിയിൽ അപേക്ഷിക്കാനുള്ള പ്രായപരിധി 50ൽനിന്ന് 60ആയി ഉയർത്തി. ഈ വർഷം പദ്ധതിയിൽ 500 സംരംഭങ്ങൾക്കുകൂടി വായ്‌പ ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിൽ 3101 സംരംഭങ്ങൾക്കായി 1046 കോടി രൂപ വായ്‌പയായി അനുവദിച്ചിട്ടുണ്ട്. ഇവയിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 80,000ലേറെ പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിച്ചു.
വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതിയുടെ ഭാഗമായി സി.എം.ഇ.ഡി.പി -എക്സ് സർവിസ് മെൻ സ്കീം എന്ന പേരിൽ വായ്‌പാ പദ്ധതിയുമുണ്ട്. ഒരുവർഷത്തെ മോറട്ടോറിയം അടക്കം അഞ്ചുവർഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. പദ്ധതി ചെലവിന്‍റെ 90 ശതമാനം വരെ വായ്പയായി ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

