മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും: നാളെ നിര്‍ണായക ചര്‍ച്ച, ശേഷം പ്രഖ്യാപനം
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. ഇന്ന് രാത്രിയോടെ പ്രഖ്യാപനം വന്നേക്കുമെന്ന് ആദ്യം സൂചനയുണ്ടായിരുന്നുവെങ്കിലും നാളെയും നിര്‍ണായക ചര്‍ച്ചകള്‍ നടക്കുമെന്നാണ് വിവരം. ചർച്ചകൾക്ക് ശേഷമായിരിക്കും പ്രഖ്യാപനമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാഹുല്‍ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച നാളെയാകും നടക്കുക. രാഹുല്‍ഗാന്ധി മായുള്ള കൂടിക്കാഴ്ചക്ക് വി.എം. സുധീരനും എത്തിയിട്ടുണ്ട്. ജന്‍പത്ത് പത്തിലാണ് കൂടിക്കാഴ്ച നടക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ആസൂത്രിതമെന്ന് കേരളത്തില്‍ നിന്നുള്ള ചില നേതാക്കള്‍ എ.ഐ.സി.സി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചു. ഇത് ജനകീയ പ്രതിഷേധങ്ങള്‍ അല്ല. ഹൈക്കമാന്‍ഡിനെ സമ്മര്‍ദത്തിലാക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് പറഞ്ഞതായാണ് വിവരം.
ഇനിയും തീരുമാനം നീട്ടരുതെന്ന് ഡല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും ഇന്നും തീരുമാനമാകാത്തത് പ്രവര്‍ത്തകരേയും നേതാക്കളേയും പൊതുജനങ്ങളേയും നിരാശപ്പെടുത്തുന്നുണ്ട്. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നീ നേതാക്കളെ കേന്ദ്രീകരിച്ചു തന്നെയാണ് അവസാനവട്ട ചര്‍ച്ചകള്‍. കൂടിക്കാഴ്ച തൃപ്തികരമെന്നും എ.ഐ.സി.സിക്ക് മുന്നില്‍ നിലപാട് അറിയിച്ചെന്നും കൂടിക്കാഴ്ചക്ക് ശേഷം മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചു.
അതേസമയം, മുഖ്യമന്ത്രി ആര് എന്നതിൽ 24 മണിക്കൂറിൽ തീരുമാനമുണ്ടാകുമെന്ന് കെ. മുരളീധരൻ. മുഖ്യമന്ത്രി പട്ടികയിൽ താനില്ല. ജനത്തിന്റെ വികാരം രാഹുൽഗാന്ധിക്ക് അറിയാം. ഘടകകക്ഷികളുടെ നിലപാടും പരിഗണിക്കണം. വേഗത്തിൽ തീരുമാനം വേണമെന്ന് രാഹുൽ ഗാന്ധിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ എം.എൽ.എമാരുടെ എണ്ണം മാത്രമായിരിക്കില്ല പ്രധാനമെന്നും ജനവികാരവും ഘടക കക്ഷികളുടെ അഭിപ്രായങ്ങളും പരിഗണിക്കും. എണ്ണം മാത്രമെങ്കിൽ എപ്പോഴേ പ്രഖ്യാപിക്കാമായിരുന്നു. കോൺഗ്രസ് മുഖ്യമന്ത്രിയെ അല്ല തീരുമാനിക്കുന്നത്, യു.ഡി.എഫ് മുഖ്യമന്ത്രിയെ ആണെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടി നേതാവിനെ തീരുമാനിക്കുന്നതിൽ ഘടകകക്ഷികൾക്ക് വലിയ റോളില്ലെന്ന് മുതിർന്ന നേതാവ് എം.എം. ഹസൻ. ഘടകകക്ഷികളോട് അഭിപ്രായം ചോദിച്ചാൽ പറയാമെന്നും അവരോട് അഭിപ്രായം ചോദിച്ചിട്ടുണ്ടെന്നും ഹസൻ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വൈകുന്നതിൽ മുസ്‌ലിം ലീഗിൽ അതൃപ്തിയുണ്ടെല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

