Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭിന്നശേഷിക്കാർക്കായി...

ഭിന്നശേഷിക്കാർക്കായി സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

text_fields
bookmark_border
ഭിന്നശേഷിക്കാർക്കായി സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ സമഗ്ര പുനരധിവാസത്തിനായി സംസ്ഥാനത്ത് സംയോജിത പുനരധിവാസ ഗ്രാമങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭിന്നശേഷി വിഭാഗവുമായി മുഖാമുഖം ഉദ്ഘാടനം ചെയ്യുകയായരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് ആവശ്യമുള്ള എല്ലാ സേവനങ്ങളും ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, രക്ഷാകര്‍ത്താക്കള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ തുടങ്ങിയ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. ഈ പദ്ധതിയ്ക്കായി തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലകളില്‍ ഭൂമി കണ്ടെത്തിയെന്നും മുഖ്യമന്തരി പറഞ്ഞു.

സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും മുക്തി നേടുന്നതിനു കൗണ്‍സിലിങ് ഉള്‍പ്പെടെയുള്ള സഹായം ഒരുക്കുക എന്ന ലക്ഷ്യത്തോടെ 'സഹജീവനം' സഹായകേന്ദ്രങ്ങള്‍ ആരംഭിക്കും. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്‌സ് സ്‌കൂളുകള്‍, വൊക്കേഷണല്‍ ട്രെയിനിംഗ് സെന്ററുകള്‍, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചാകും സഹായകേന്ദ്രങ്ങള്‍ ആരംഭിക്കുക.

ഭിന്നശേഷിക്കാര്‍ക്കായി സ്‌പോര്‍ട്‌സ് അക്കാദമി സ്ഥാപിക്കാന്‍ ആലോചനയുണ്ട്. അത് ഭിന്നശേഷിക്കാരുടെ കായിക മികവുകള്‍ തിരിച്ചറിയുന്നതിനും പരിശീലിപ്പിക്കുന്നതിനും ഏറെ സഹായകരമാകും. സമകാലിക ആവശ്യകതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ കാലികപ്രസക്തമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് സംസ്ഥാന ഭിന്നശേഷി നയം, സംസ്ഥാന വയോജന നയം എന്നിവയില്‍ ആവശ്യമായ ഭേദഗതി വരുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒരു സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന നയം നിലവിലുള്ള കാര്യം നിങ്ങള്‍ക്കറിയാം. ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. 2016 ല്‍ കേരളത്തില്‍ 300 സ്റ്റാര്‍ട്ടപ്പുകളാണുണ്ടായിരുന്നതെങ്കില്‍ ഇന്നത് 4,500 ഓളം ആയിരിക്കുന്നു. അവയില്‍ത്തന്നെ ഭിന്നശേഷിക്കാര്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളും ഉണ്ട്. ഭിന്നശേഷിക്കാരിയായ ശ്രീമതി രമ്യരാജ് നേതൃത്വം നല്‍കുന്ന 'ഡാഡ്' എന്ന സ്റ്റാര്‍ട്ടപ്പ് ഇതിനോടകം തന്നെ പ്രശസ്തിയിലേക്കുയര്‍ന്നിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലാണ് ഈ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നത്. ഇതെല്ലാം തന്നെ സംരംഭക മേഖലയിലേക്ക് ഭിന്നശേഷിക്കാര്‍ക്കു കടന്നു വരുന്നതിനുള്ള പ്രചോദനം ആയി മാറണം.

ഭിന്നശേഷിയുണ്ടെന്ന് കരുതി ഒതുങ്ങിക്കൂടേണ്ടതില്ല. ഭിന്നശേഷി ജീവിതവിജയത്തിന് തടസമല്ലെന്ന് തെളിയിച്ച നിരവധി ആളുകളുണ്ട്. ലോകപ്രശസ്ത സംഗീതജ്ഞന്‍ ബീഥോവന് കേള്‍വിക്കുറവുണ്ടായിരുന്നു. എഴുത്തുകാരി ഹെലന്‍ കെല്ലര്‍ കാഴ്ചാവെല്ലുവിളി നേരിട്ടിരുന്നു. ലോകപ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ് വീല്‍ചെയറിലാണ് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കഴിച്ചുകൂട്ടിയത്. മഹാകവി വള്ളത്തോളിന് ബാധിര്യം പ്രശ്‌നമായിരുന്നു. ഇങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ലോകചരിത്രത്തിലുണ്ട്. എന്നാല്‍, ഇവര്‍ക്കൊക്കെയുണ്ടായിരുന്ന പ്രതിഭ പ്രകാശിതമാവുന്നതിന് ഒന്നും തടസ്സമായില്ല.

ഇന്ത്യക്കാരിയായ അരുണിമ സിന്‍ഹ ശാരീരിക വെല്ലുവിളികള്‍ അതിജീവിച്ചാണ് ലോകത്തിലെ മികച്ച പര്‍വതാരോഹകരില്‍ ഒരാളായിത്തീര്‍ന്നത്. എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെ ലോകത്തിലെ നിരവധി കൊടുമുടികള്‍ അവര്‍ കീഴടക്കി. 2014-ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ഇറ സിംഗാള്‍, ഇന്ത്യന്‍ ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീമിനെ ലോകകപ്പില്‍ വിജയത്തിലേക്ക് നയിച്ച ശേഖര്‍ നായിക് തുടങ്ങിയവരും പ്രതിസന്ധികളില്‍ തളരാതെ പോരാടിയവരാണ്. കേരളത്തില്‍ തന്നെ വൈക്കം വിജയലക്ഷ്മിയെയും ഗിന്നസ് പക്രുവിനെയും പോലെയുള്ള എത്രയോ ഉദാഹരണങ്ങള്‍ വേറെയുമുണ്ട്.

ഇവരുടെയാകെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും, അതിനെ അതിജീവിക്കാന്‍ കഴിയുമെന്നും നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നിശ്ചയിക്കാം. സാധ്യമായ എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തിക്കൊണ്ട് നവകേരളം ഭിന്നശേഷി സൗഹൃദമാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് എൽ.ഡി.എഫ് സര്‍ക്കാര്‍. നമ്മള്‍ കൂട്ടായി സൃഷ്ടിക്കുന്ന നവകേരളത്തിന്റെ നിർമിതിക്കു സഹായകമായ ചിന്തകളും നിര്‍ദ്ദേശങ്ങളും നിങ്ങളില്‍ ഓരോരുത്തരില്‍ നിന്നും പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Ministerdifferently abledrehabilitation
News Summary - Chief Minister to start integrated rehabilitation villages for the differently abled
Next Story