അജിത്കുമാറിന് വീണ്ടും കവചമൊരുക്കി മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് വീണ്ടും അസാധാരണ സംരക്ഷണം തീർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ പൂരം കലക്കലിലും ഇന്റലിജൻസ് എ.ഡി.ജി.പി പി. വിജയനെതിരെ വ്യാജ മൊഴി നൽകിയതിലും അജിത്കുമാറിനെതിരെ നടപടി ആവശ്യപ്പെടുന്ന മുൻ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേഖ് ദർവേഷ് സാഹിബിന്റെ റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പ് പൊലീസ് ആസ്ഥാനത്തേക്ക് മടക്കിയയച്ചു. വിഷയങ്ങള് പഠിച്ച് പുതിയ അഭിപ്രായം അറിയിക്കാൻ നിലവിലെ പൊലീസ് മേധാവി റവഡ ചന്ദ്രശേഖറിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
തൃശൂർ പൂരം കലക്കലിൽ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആർ. അജിത്കുമാറിന് ഗുരുതര വീഴ്ചയുണ്ടായെന്നായിരുന്നു മുൻ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബിന്റെ കണ്ടെത്തൽ. അജിത്കുമാർ ദിവസങ്ങൾക്കു മുമ്പേ തൃശൂരിലുണ്ടായിട്ടും പ്രശ്നങ്ങളുണ്ടായെന്ന് അറിഞ്ഞിട്ടും പൂരസ്ഥലത്ത് എത്തിയില്ല. ദേവസ്വം ഭാരവാഹികളും സിറ്റി പൊലീസ് കമീഷണറുമായി പ്രശ്നങ്ങളുണ്ടായത് മന്ത്രി കെ. രാജൻ അറിയിച്ചപ്പോൾ താൻ സ്ഥലത്തുണ്ടാവുമെന്നും ഇടപെടാമെന്നുമായിരുന്നു അജിത്തിന്റെ മറുപടി.
പൂരം തടസ്സപ്പെട്ടപ്പോൾ പലതവണ എ.ഡി.ജി.പിയെ ഔദ്യോഗിക നമ്പറിലും സ്വകാര്യ നമ്പറിലും മന്ത്രി ആവർത്തിച്ച് വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഉറങ്ങിപ്പോയെന്നായിരുന്നു അജിത്തിന്റെ മൊഴി. തൃശൂർ പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകന്റെ പരിചയക്കുറവും അനുനയമില്ലായ്മയും കാരണമാണ് കശപിശയുണ്ടായതെന്നും പൂരം അലങ്കോലപ്പെട്ടതിൽ തിരുവമ്പാടി ദേവസ്വത്തിന് പങ്കുണ്ടെന്നും ഇതിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നുമായിരുന്നു അജിത് മുൻ സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ട്. ഇത് തള്ളിയാണ് പൂരം കലക്കലിൽ അജിത്തിനെ പ്രതിസ്ഥാനത്ത് നിർത്തി മുൻ ഡി.ജി.പി സർക്കാറിന് റിപ്പോർട്ട് നൽകിയത്.
കൂടാതെ സ്വർണ കള്ളക്കടത്തുകാരുമായി ഇൻറലിജൻസ് എ.ഡി.ജി.പി പി. വിജയന് ബന്ധമുണ്ടെന്ന് വ്യാജ മൊഴി നൽകിയതിലും അജിത്തിനെതിരെ കേസെടുക്കാമെന്ന് ഷേഖ് ദർവേഷ് സാഹിബ് ശിപാർശ നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ഏപ്രിലിൽ ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടിൽ നടപടിയെടുക്കാതെ സർക്കാർ അജിത്തിനെ സംരക്ഷിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

