Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തെ സ്ത്രീ...

കേരളത്തെ സ്ത്രീ സൗഹൃദമാക്കും; ലിംഗനീതി നടപ്പാക്കും: മുഖ്യമന്ത്രി

text_fields
bookmark_border
കേരളത്തെ സ്ത്രീ സൗഹൃദമാക്കും; ലിംഗനീതി നടപ്പാക്കും: മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കേരളത്തെ സ്ത്രീസൗഹൃദ സംസ്ഥാനമാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  ലിംഗനീതി കേരളത്തില്‍ നടപ്പാക്കും.  അത് നടപ്പാക്കുന്നതിലുള്ള പോരായ്മകള്‍ പരിഹരിക്കും. എവിടെയും ഏതുനേരത്തും സ്ത്രീകള്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും സഞ്ചരിക്കാനുള്ള സാഹചര്യം സർക്കാർ ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

കേരളത്തിലെ വനിതാസംഘടനാ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ വിവിധ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നതിന്‍റെ തുടര്‍ച്ചയായാണ് വനിതാനേതാക്കളുടെ യോഗം മുഖ്യമന്ത്രി വിളിച്ചത്.  സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജയും പങ്കെടുത്തു.

അനാഥാലയങ്ങളുടെയും അഗതി മന്ദിരങ്ങളുടെയും പുവര്‍ഹോമുകളുടെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കുമെന്ന് വനിതാ നേതാക്കളുടെ ചര്‍ച്ചക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.  ബാലവേല ചുരുക്കം ചില സ്ഥലങ്ങളില്‍ നിലനില്‍ക്കുന്നതായി മനസ്സിലാക്കുന്നുണ്ട്.  അത് പൂര്‍ണമായി ഒഴിവാക്കും.  തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ചൂഷണവും പീഡനവും മനുഷ്യത്വരഹിതമായ പെരുമാറ്റവും അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപടും. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ എല്ലായിടത്തും പരിഗണന കിട്ടണമെന്നതാണ് സര്‍ക്കാര്‍ നയം.  അതിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നടപടിയെടുക്കും. 

പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാന്‍ഡുകളിലും സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ശുചിമുറി ഇല്ലാത്ത പ്രശ്നം പരിഹരിക്കും. ഇതിന്‍റെ ഭാഗമായി പെട്രോള്‍ പമ്പുകളോട് അനുബന്ധിച്ച് ശുചിമുറി സൗകര്യം ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്.  ചില കമ്പനികള്‍ അതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും.  കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള (പോക്സോ) നിയമപ്രകാരമുള്ള കോടതികളില്‍ പ്രൊസിക്യൂട്ടര്‍മാരായി കഴിയുന്നത്ര സ്ത്രീകളെ നിയമിക്കാന്‍ ശ്രമിക്കും. 

സ്ത്രീകള്‍ക്ക് സംരംക്ഷണം നല്‍കുന്ന നിര്‍ഭയ സെന്‍ററുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കൂടുതല്‍ സെന്‍ററുകള്‍ ആരംഭിക്കും.  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ഇത്തരം കേസുകളില്‍ ശക്തമായ നടപടിയെടുക്കുന്നതിനും സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കും.  സൈബര്‍ ചതിക്കുഴികളില്‍ കുട്ടികള്‍ പെട്ടുപോകാതിരിക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികള്‍ തനിച്ച് മുറിയില്‍ അടച്ചിരുന്ന് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മയക്കുമരുന്നിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കും. മയക്കുമരുന്ന് വിതരണത്തിന് പിന്നില്‍ ശക്തമായ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്.  അതിന്‍റെ കണ്ണികള്‍ കേരളത്തിലുമുണ്ട്.  ഇതു കണക്കിലെടുത്ത് രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലര്‍ത്തണം.  സ്കൂള്‍ പരിസരത്ത് മയക്കുമരുന്ന് വില്‍പ്പന തടയുന്നതിന് പൊലീസിനും എക്സൈസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  വിദ്യാലയ പരിസരത്തെ പൂവാലശല്യത്തിന് എതിരെയും കര്‍ശന നടപടിയുണ്ടാകും. 

പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി വരുന്ന എല്ലാവരോടും നല്ല രീതിയില്‍ പെരുമാറണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീകളോട് പ്രത്യേകിച്ചും നല്ല പെരുമാറ്റമായിരിക്കണം. അതിന് വിരുദ്ധമായി വല്ലതും ശ്രദ്ധയില്‍ പെട്ടാല്‍ സര്‍ക്കാര്‍ നടപടിയെടുക്കും.  വയോജനങ്ങള്‍ക്ക് സമൂഹത്തില്‍ നല്ല പരിഗണന കിട്ടുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി  അറിയിച്ചു.   

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് പ്രധാന പട്ടണങ്ങളില്‍ സംസ്കരണ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ചുമതലയാണ്. എന്നാല്‍ മറ്റു ചുമതലകള്‍ വന്നപ്പോള്‍ അവര്‍ പ്രധാന ചുമതലയില്‍ നിന്ന് മാറിപ്പോയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പി സതീദേവി, സൂസന്‍ കോടി (ജനാധിപത്യ മഹിളാ അസോസിയേഷന്‍), ബിന്ദു കൃഷ്ണ (മഹിളാ കോണ്‍ഗ്രസ്), കമല സദാനന്ദന്‍, ജെ ചിഞ്ചുറാണി (മഹിളാ സംഘം), നൂര്‍ബിന റഷീദ് (വനിതാ ലീഗ്), ഡി വിജയകുമാരി, അഡ്വ. സന്ധ്യശേഖര്‍ (മഹിളാ മോര്‍ച്ച), അഡ്വ. ശാന്തമ്മ തോമസ് (വനിതാ കേരള കോണ്‍ഗ്രസ്), ഷീബ ലിയോണ്‍ (എന്‍എംസി), നസീമ ഷാജഹാന്‍ (കേരള കോണ്‍ഗ്രസ്-ബി), ഡി ആര്‍ സെല്‍മി (മഹിളാ ജനതാദള്‍), പത്മിനി ടീച്ചര്‍ (എന്‍എംസി-എന്‍സിപി), ഡെയ്സി ജേക്കബ് (വനിതാ കേരള കോണ്‍ഗ്രസ്-ജേക്കബ്), സാമൂഹ്യനീതി വകുപ്പ് ഡയരക്ടര്‍ ടി വി അനുപമ, വനിതാ വികസന കോര്‍പറേഷന്‍ എംഡി വി സി ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.വനിതകളുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനും സര്‍ക്കാര്‍ എടുത്ത നടപടികളില്‍ വനിതാ നേതാക്കള്‍ പൊതുവെ മതിപ്പ് പ്രകടിപ്പിച്ചു. വനിതകളുടെയും കുട്ടികളുടെയും വികസനത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ചതിനെ അവര്‍ അഭിനന്ദിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newswomen issueKerala News
News Summary - chief minister statement on women issue
Next Story