കെ.എ.എസ് സംവരണനിഷേധം: നിയമോപദേശം തേടിയെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് നിയമനങ്ങളില്‍ സംവരണതത്ത്വം പാലിക്കുന്നില്ലെന്ന പരാതിയില്‍ നിയമോപദേശം തേടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശം ലഭിച്ചശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ ചട്ടഭേദഗതി നിര്‍ദേശങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കെ.എ.എസില്‍ മൂന്ന് ധാരകളിലാണ് (സ്ട്രീമുകൾ) നിയമനം. ഇതില്‍ നേരിട്ടുള്ള നിയമനം ഒഴികെ മറ്റ് രണ്ടുവിഭാഗങ്ങളിലും സംവരണമില്ല. ഇത് സംവരണതത്ത്വങ്ങളുടെ ലംഘനമെന്ന പരാതിയിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. കെ.എ.എസിലേക്കുള്ള നിയമനങ്ങളില്‍ ഭരണഘടനാ സ്ഥാപനങ്ങളായ പി.എസ്.സി, നിയമസഭാ സെക്രട്ടേറിയറ്റ് ഓഫിസുകളിലെ ജീവനക്കാരെ ഒഴിവാക്കി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി കൊണ്ടുവന്ന ഭേദഗതിയും സഭ അംഗീകരിച്ചു. കെ.എ.എസിലെ സംവരണഅട്ടിമറി ‘മാധ്യമ’മാണ് പുറത്തുകൊണ്ടുവന്നത്.
ഡോ.എം.കെ. മുനീര്‍, പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍, എന്‍. ഷംസുദ്ദീന്, ടി.വി. ഇബ്രാഹിം, പി. ഉബൈദുള്ള, എം. ഉമ്മർ, വി.ടി. ബല്‍റാം എന്നിവരാണ് ചട്ടഭേദഗതിക്ക് നോട്ടീസ് നല്‍കിയത്. ഇതില്‍ ആബിദ് ഹുസൈന് തങ്ങളുടെയും വി.ടി. ബല്റാമിെൻറയും ഭേദഗതികള്‍ അംഗീകരിച്ചു. നൂറിലധികം വകുപ്പുകളുള്ളപ്പോള്‍ കെ.എ.എസ് 30 വകുപ്പുകള്‍ക്ക് മാത്രം ബാധകമാക്കിയതിെൻറ കാരണമെന്താണെന്ന് ചട്ടഭേദഗതി അവതരിപ്പിച്ച് ഡോ.എം.കെ. മുനീര്‍ ചോദിച്ചു. ഡോക്ടര്‍മാരെയും എൻജിനീയര്മാരെയും മാറ്റിനിര്‍ത്തുന്നു. ഇതെല്ലാം സംശയമായി നിലനില്ക്കുന്നു. എല്ലാവര്ക്കും അവസരം നല്‍കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
കെ.എ.എസിലേക്ക് രണ്ടും മൂന്നും സ്ട്രീമുകള്‍ വഴിയുള്ള നിയമനങ്ങളില്‍ സംവരണതത്ത്വം പാലിക്കാത്തത് ഭരണഘടന നല്കിയ അവകാശങ്ങളുടെ ലംഘനമാണെന്ന് പ്രഫ. ആബിദ് ഹുസൈന് തങ്ങള്‍ ചൂണ്ടിക്കാട്ടി. ഷെഡ്യൂള്‍ ഒന്നില്‍ 29 വകുപ്പുകളില്‍നിന്നുള്ള നിയമനത്തിെൻറ കാര്യമാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളെന്നാക്കിയാല് എല്ലാവര്ക്കും അവസരം ലഭിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ഒരുകൂട്ടര്ക്കുമാത്രം കെ.എ.എസ് പ്രവേശനം നിഷേധിക്കുന്നത് ശരിയല്ലെന്നും ആബിദ് ഹുസൈന് തങ്ങള്‍ പറഞ്ഞു.
കെ.എ.എസിലെ രണ്ടും മൂന്നും സ്ട്രീമുകളിലേക്കുള്ള നിയമനം പ്രമോഷന് വഴിയല്ലെന്നും ഇവിടെ പുതിയ കാഡറുണ്ടാക്കുകയാണ് ചെയ്യുന്നതെന്നും ചട്ടഭേദഗതി അവതരിപ്പിച്ച് എന്‍. ഷംസുദ്ദീന് ചൂണ്ടിക്കാട്ടി. രണ്ടും മൂന്നും സ്ട്രീമുകളിലേക്കുള്ള നിയമനങ്ങളില്‍ സംവരണം നല്‍കില്ലെന്ന് പറയുന്നത് മൗലികാവകാശ ലംഘനമാണ്. 150പേര് കെ.എ.എസിലേക്ക് എത്തുമ്പോള്‍ 75 പേര്‍ക്ക് സംവരണാനുകൂല്യം ലഭിക്കേണ്ടതുണ്ട്. എന്നാല്‍, നിലവിലെ അവസ്ഥയില്‍ 25 പേര് മാത്രമാണ് സംവരണത്തിലൂടെ കെ.എ.എസിലേക്ക് വരികയെന്നും ഷംസുദീന്‍ പറഞ്ഞു. ബൈ ട്രാന്‍സ്ഫര്‍ വഴിയുള്ള നിയമനങ്ങള്‍ പുതിയ കാഡറായിട്ടാണെന്നും സ്ഥാനക്കയറ്റമല്ലെന്നും അതിനാല്‍ സംവരണതത്ത്വം സ്ട്രീം രണ്ടും മൂന്നും വഴിയുള്ള നിയമനങ്ങള്‍ക്ക് ബാധകമാക്കണമെന്നും ടി.വി. ഇബ്രാഹിം ആവശ്യപ്പെട്ടു. മൂന്ന് സ്ട്രീമുകളിലേക്കും പുതിയ നിയമനമാണ് നടക്കുന്നതെന്നും എല്ലാ സംവരണ ആനുകൂല്യങ്ങളും ബാധകമാക്കണമെന്നും പി. ഉബൈദുള്ളയും പറഞ്ഞു.
കെ.എ.എസ് നടപ്പാക്കുന്നതില്‍ ഉദ്യോഗസ്ഥരില്‍ ഒരുവിഭാഗത്തിന് നീരസമുണ്ടെന്നും അത് ചട്ട രൂപവത്കരണത്തില്‍ കാണാനാകുമെന്നും എം. ഉമ്മര്‍ ചൂണ്ടിക്കാട്ടി. കോടതിയിലേക്ക് പോയാല്‍ കേസുകളുടെ പ്രളയമായിരിക്കും ഉണ്ടാവുക. ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവസരം നിഷേധിക്കാന്‍ പാടില്ല. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്കും സംവരണത്ത്വങ്ങള്ക്കുമെതിരാണെന്നും ഉമ്മര്‍ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
