Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്‌കൂളി​െൻറ സുരക്ഷ...

സ്‌കൂളി​െൻറ സുരക്ഷ പ്രധാനമായി കാണണമെന്ന് മുഖ്യമന്ത്രി, എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം

text_fields
bookmark_border
pinarayi vijayan
cancel

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ചുവെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ തുറക്കല്‍ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്‌കൂളി​െൻറ സുരക്ഷ പ്രധാനമായി കാണണം. അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളില്‍ വാടക കെട്ടിടത്തിലോ മറ്റ് സ്ഥാപനങ്ങളിലോ ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നു ണ്ടെങ്കില്‍ ഈ കെട്ടിടങ്ങള്‍ കൂടി പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. പി.ടി.എയുടെ നേതൃത്വത്തില്‍ ജനകീയ സന്നദ്ധ പ്രവര്‍ത്തനം നടത്തി സ്‌കൂള്‍ ശുചീകരിക്കണം. സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, റസിഡണ്ട് അസോസിയേഷനുകള്‍, അദ്ധ്യപക-വിദ്യാര്‍ത്ഥി-ബഹുജന സംഘടനകള്‍ മുതലായവയെ സഹകരിപ്പിക്കണം.

സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗ ശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി കൈക്കൊള്ളണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്ത് സ്‌കൂളും പരിസരവും സുരക്ഷിതമാക്കണം. സ്‌കൂളുകളില്‍ വിതരണം ചെയ്തിട്ടുള്ള ഐ.ടി ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ഹാര്‍ഡ്വെയര്‍ ക്ലിനിക്ക് നടത്തി കമ്പ്യൂട്ടറുകളുടെയും ഇതര ഐടി ഉപകരണങ്ങളുടെയും പരിശോധന പൂര്‍ത്തീകരിച്ച് അറ്റകുറ്റ പണികള്‍ ആവശ്യമെങ്കില്‍ നടത്തണം. പൂര്‍ണമായും ഉപയോഗശൂന്യമായവ ഒഴിവാക്കണം.

സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ നീക്കം ചെയ്യണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം. കുടിവെള്ള സ്രോതസ്സുകള്‍ വൃത്തിയാക്കി ക്ലോറിനേഷന്‍ അടക്കമുള്ള ജല ശുചീകരണ നടപടികള്‍പൂര്‍ത്തിയാക്കണം. കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണം. സ്‌കൂളിനടുത്തുള്ള വെളളക്കെട്ടുകള്‍, കുളങ്ങള്‍, കിണറുകള്‍ എന്നിവയ്ക്ക് സുരക്ഷാഭിത്തികള്‍ നിര്‍മ്മിക്കണം. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ശ്രദ്ധിക്കണം.

സ്‌കൂള്‍ ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂള്‍ വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണം. റെയില്‍ ക്രോസ്സിന് സമീപമുളള വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് അപകടരഹിതമായി ട്രാക്ക് മുറിച്ച് കടക്കുന്നതിനുളള സംവിധാനം ഒരുക്കണം.

ദുരന്ത ലഘൂകരണത്തിന് വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മതിയായ പരിശീലനം ലഭ്യമാക്കണം. പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ സംഘടിപ്പിക്കണം. മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, വെളളപ്പൊക്കം എന്നിവയ്ക്ക് സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തണം.

അക്കാദമിക മികവ് ഉയര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനായി ആവിഷ്‌ക്കരിച്ച പ്രധാന പ്രവര്‍ത്തനമായ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ തുടരേണ്ടതുണ്ട്. എല്ലാ വിദ്യാലയങ്ങളും ജൂണ്‍ 15നകം നവീകരിച്ച അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശിപ്പിക്കണം. നാലാം ക്ലാസ്സ് പൂര്‍ത്തീകരിക്കുമ്പോഴേക്കും മുഴുവന്‍ കുട്ടികളും എഴുത്തിലും കണക്കിലും മികവ് പുലര്‍ത്തുമെന്ന് ഉറപ്പാക്കാന്‍ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കണം. സമഗ്രശിക്ഷാ കേരളം ഇതിന് മുന്‍കൈയ്യെടുക്കണം.

അവധിക്കാലം ആരംഭിക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കാന്‍ കഴിഞ്ഞത് മികച്ച നേട്ടമാണ്. ഒറ്റപ്പെട്ട വിദ്യാലയങ്ങളില്‍ പുസ്തകങ്ങള്‍ ലഭിച്ചിട്ടില്ലെങ്കില്‍ സൂക്ഷ്മമായി പരിശോധിച്ച് പാഠപുസ്തകങ്ങള്‍ ലഭ്യമായി എന്ന് ഉറപ്പാക്കണം. മതിയായ എണ്ണം കുട്ടികളില്ലാത്ത വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പ്രവര്‍ത്തന പാക്കേജ് വികസിപ്പിക്കണം. തീരദേശ നിവാസികളായ മുഴുവന്‍ കുട്ടികളും സ്‌കൂളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കണം. പഠന പിന്തുണയ്ക്കായി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.

പ്രാദേശിക പ്രതിഭാകേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം. കുട്ടികള്‍ക്ക് മതിയായ പഠന പിന്തുണ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണം. ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും മെന്റര്‍ ടീച്ചര്‍മാരെ നിയമിച്ചിരുന്നു. സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ മെന്റര്‍ ടീച്ചര്‍മാര്‍ സ്‌കൂളിലെത്തുമെന്ന് ഉറപ്പാക്കണം. കൂടുതല്‍ സ്‌കൂളുകളിലേക്ക് മെന്റര്‍ ടീച്ചര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കണം.

ഗോത്ര മേഖലകളിലെ കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിന് ആവിഷ്‌ക്കരിച്ച ഗോത്ര സാരഥി പദ്ധതി തുടരുന്നുണ്ടെന്ന് ഉറപ്പാക്കണം. ജൂണ്‍ ഒന്നുമുതല്‍ കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ആവശ്യമായ വാഹന സൗകര്യം ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കണം. ഗോത്ര വിദ്യാര്‍ത്ഥികളുടെ പഠന പിന്തുണയ്ക്കായി സമഗ്രശിക്ഷാ കേരളം നടത്തിവന്ന 60 ഊരു വിദ്യാകേന്ദ്രങ്ങള്‍ക്ക് ഇക്കുറി കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വിദ്യാവളണ്ടിയര്‍മാരുടെ സേവനം തുടര്‍ന്നും ഉറപ്പാക്കാന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികനസ വകുപ്പ് നടപടി സ്വീകരിക്കണം.

ലേണിംഗ് ഡിസബിലിറ്റി ഉള്‍പ്പെടെയുള്ള പരിമിതികള്‍ നേരത്തെ തിരിച്ചറിഞ്ഞ് അനുയോജ്യ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് നടപടി സ്വീകരിക്കണം. ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പുകള്‍ അദ്ധ്യയനവര്‍ഷ ആരംഭത്തില്‍ തന്നെ നടത്തണം. ഇടമലക്കുടി ഗവ. ട്രൈബല്‍ എല്‍.പി. സ്‌കൂളില്‍ നടപ്പിലാക്കിയ പഠിപ്പുറസി പദ്ധതിയുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ഭാഗമായി ഈ വിദ്യാലയം യു.പി സ്‌കൂളായി അപ്ഗ്രേഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ നടന്നുവരുന്ന ബ്രിഡ്ജ് സ്‌കൂളിന്റെ സൗകര്യം പ്രയോജനപ്പെടുത്തി ഈ അക്കാദമിക വര്‍ഷം തന്നെ അഞ്ചാംക്ലാസ്സ് ആരംഭിക്കാവുന്നതാണ്. അതിനാല്‍ മെയ് 27നകം അപ്ഗ്രേഡ് ചെയ്തുള്ള സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം.

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ മൂന്നാം ഘട്ടം ജൂണ്‍ 1 മുതല്‍ ആരംഭിക്കണം. എല്ലാ വിദ്യാലയങ്ങളിലും പ്രത്യേക ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പും എക്സൈസ് വകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ ‘തെളിമാനം വരയ്ക്കുന്നവര്‍’ എന്ന കൈപുസ്തകം പ്രയോജനപ്പെടുത്തണം. ഓരോ മാസവും ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് മാര്‍ഗ്ഗരേഖയായി എല്ലാ വിദ്യാലയങ്ങളിലും എത്തിക്കണം. പി.ടി.എ പ്രസിഡണ്ട് അദ്ധ്യക്ഷനും പ്രധാന അദ്ധ്യാപകന്‍ കണ്‍വീനറുമായി രൂപീകരിച്ചിട്ടുള്ള സ്‌കൂള്‍തല ജനജാഗ്രത സമിതി ഓരോ വിദ്യാലയത്തിന്റെയും സവിശേഷതകള്‍ പരിഗണിച്ച് തനത് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധന നടത്തി ലഹരി വസ്തുക്കളില്ലെന്ന് ഉറപ്പുവരുത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് ജില്ലകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. യോഗത്തില്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, കെ. രാധാകൃഷ്ണന്‍ എം.ബി. രാജേഷ്, ആന്റണി രാജു, കെ. കൃഷ്ണന്‍ കുട്ടി, ചീഫ് സെക്രട്ടറി വി.പി. ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chief Ministerschool open
News Summary - Chief Minister should consider the safety of the school as important
Next Story