'കേരളത്തിലെ വികസനം ലോകത്തിന് മാതൃകയാണെന്ന് വിശദീകരിക്കുകയാണ് ആ ജനപ്രതിനിധി'; ശശി തരൂരിന്റെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: ശശി തരൂർ എം.പിയുടെ ലേഖനത്തെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടരഞ്ഞിയിൽ മലയോര ഹൈവേ ആദ്യ റീച്ചിന്റെ ഉദ്ഘാടനം നിർവഹിക്കവെയാണ് പേരെടുത്തു പറയാതെ മുഖ്യമന്ത്രി തരൂരിനെ പുകഴ്ത്തിയത്.
ചില മേഖലകളിൽ വലിയ തോതിൽ വികസനമുണ്ടായി. അത് രാജ്യത്തിനും ലോകത്തിനും മാതൃകയാകുന്നതാണെന്ന് വസ്തുതകൾ ഉദ്ധരിച്ചുകൊണ്ട് സമൂഹത്തിന് മുന്നിൽ കാര്യങ്ങൾ വിശദമായി മനസിലാക്കുന്ന ജനപ്രതിനിധി വ്യക്തമാക്കി. അദ്ദേഹം ഒരു സാധാരണ പ്രസംഗം നടത്തുകയല്ല ചെയ്തത്. ഐ.ടി രംഗത്ത് സ്റ്റാർട്ടപ്പുകളുടെ വികസനത്തിന്റെ കണക്കെടുത്താൽ ലോകത്തുണ്ടായതിന്റെ എത്രയോ മടങ്ങ് വികസനം കേരളം നേടിയെടുത്തു. അതാണ് അക്കമിട്ട് ചൂണ്ടിക്കാണിച്ച കാര്യമെന്നും തരൂരിന്റെ ലേഖനത്തെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.
തരൂരിന്റെ ലേഖനത്തിനെതിരെ സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കേരളം നിക്ഷേപ സൗഹാർദമല്ലെന്നാണ് ഉത്തരവാദപ്പെട്ടചിലർ പരസ്യമായി പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
നിക്ഷേപ സൗഹൃദ സംസ്ഥാനം എന്ന പദവിക്ക് അർഹതയില്ലെന്ന് ഇവർ പറയുന്നു. നിരവധി പരിശോധനകൾക്ക് ശേഷമാണ് കേരളത്തിന് ആ സ്ഥാനം ലഭിച്ചതെന്നും ആ പദവിയിൽ സന്തോഷിക്കുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. ശിപാർശ കൊണ്ട് കിട്ടിയതല്ല ആ സ്ഥാനമെന്നും മുഖ്യമന്ത്രി എടുത്തു പറഞ്ഞു. പത്തു നിയമങ്ങൾ ഭേദഗതി ചെയ്തു. നിരവധി ചട്ടങ്ങൾ ഭേദഗതി ചെയ്തു. നിക്ഷേപമേഖലയിലെ മാറ്റം കേരളത്തെ വലിയ രീതിയിൽ മുന്നോട്ടു നയിക്കുന്നു. അതിന്റെ ഭാഗമായാണ് അംഗീകാരം ലഭിച്ചത്. എൽ.ഡി.എഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായി മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വെള്ളിയാഴ്ച ഒരു ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച ശശി തരൂരിന്റെ ലേഖനത്തിലാണ് കേരളത്തിലെ വ്യവസായ രംഗത്തെ അനുമോദിച്ചുള്ള പ്രതികരണമുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നത് ആശ്ചര്യകരമാണെന്നും സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും കേരളം രാജ്യത്ത് വേറിട്ട മാതൃകയായി നിലകൊള്ളുകയാണെന്നുമാണ് ലേഖനത്തില്‍ പറയുന്നത്.
ഇംഗ്ലീഷ് പത്രത്തില്‍ പ്രസിദ്ധീകരിച്ച അനുമോദന ലേഖനത്തോട് രൂക്ഷമായാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ. മുരളീധരനും പ്രതികരിച്ചത്. ശശി തരൂരിനെതിരെ രൂക്ഷ വിമർശനം നടത്തിയ പ്രതിപക്ഷ നേതാവ് ലേഖനത്തിലെ അവകാശവാദങ്ങൾ തള്ളി. എന്ത് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം പറഞ്ഞതെന്ന് അറിയില്ലെന്ന് വി.ഡി സതീശൻ തുറന്നടിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്നും ഒരുപാട് മെച്ചപ്പെട്ട് വരേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'നിലവില്‍ കേരളം മികച്ച വ്യവസായ അന്തരീക്ഷം ഉള്ള സംസ്ഥാനം അല്ല. സ്വാഭാവികമായി അത് മെച്ചപ്പെട്ട് വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. ശശി തരൂര്‍ എന്ത് സാഹചര്യത്തിലാണ്, ഏത് സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നറിയില്ല. കേരളത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് ലക്ഷം സംരംഭങ്ങള്‍ തുടങ്ങിയെന്നാണ് വ്യവസായമന്ത്രി പറയുന്നത്. ഏതാണെന്ന് താന്‍ മന്ത്രിയോട് ചോദിച്ചിരുന്നു. മന്ത്രിയുടെ കണക്ക് അനുസരിച്ചാണെങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി 2000 സംരംഭങ്ങള്‍ എങ്കിലും വേണം. അത് എവിടെയെങ്കിലും ഉണ്ടോ?'-സതീശന്‍ ചോദിച്ചു. ശശി തരൂർ പറഞ്ഞത് കേരളത്തിലെ കോൺഗ്രസിന്‍റെ നിലപാടല്ലെന്നാണ് കെ. മുരളീധരനും പറഞ്ഞു. തരൂരിന്‍റേത് കേരളത്തിലെ കോൺഗ്രസുകാർക്ക് അംഗീകരിക്കാൻ സാധിക്കുന്ന നിലപാടല്ല. ശശി തരൂർ ദേശീയ നേതാവും വിശ്വപൗരനുമാണ്. ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ തരൂരിന്‍റെ പ്രസ്താവനയെ വിലയിരുത്താൻ താൻ ആളല്ലെന്നും കെ. മുരളീധരൻ പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

