'ഒരിക്കൽ പിടിവീഴും, പിന്നെ ആ കസേരയിൽ കാണില്ല'; സർക്കാർ ജീവനക്കാരുടെ ധാർഷ്ട്യത്തിനെതിരെ മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ജനങ്ങൾ ചില ആവശ്യങ്ങൾക്ക് സമീപിക്കുേമ്പാൾ അത്ര ആരോഗ്യകരമായ സമീപനം ചില സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാവുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ മുന്നിൽ കിട്ടിപ്പോയി എന്ന മട്ടിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ചിലരെന്നും കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
'നാടിനെ സേവിക്കാനാണ്, ആ വരുന്നവരെ വിഷമിപ്പിക്കാനോ പ്രയാസപ്പെടുത്താനോ അല്ല കസേരയിൽ ഇരിക്കുന്നത്. ആ ഉദ്ദേശ്യത്തോടെ കാര്യം നീക്കിയാൽ ഒരു ഘട്ടത്തിൽ പിടി വീഴും. പിന്നെ ഇരിക്കുന്നത് ആ കസേരയിൽ ആവില്ല, താമസം എവിടെയാകുമെന്ന് എല്ലാവർക്കും അറിയാം' -മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
പ്രളയസമയത്തടക്കം തദ്ദേശസ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനങ്ങളെ പുകഴ്ത്തിയായിരുന്നു മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്. തുടർന്നാണ്, ഇതിനപവാദമായി ചിലരുണ്ടെന്നും അത് വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയത്.

