'നഷ്ടമായത് മാന്യനായ രാഷ്ട്രീയ നേതാവിനെ, വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി പൊതു താൽപര്യങ്ങളെ ഉയർത്തിപ്പിടിച്ചു'; തെന്നലയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സർവാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം പാർട്ടിയിലെ തർക്കങ്ങളിൽ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലക്ക് നൽകപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അർഹനാക്കിയതെന്ന് മുഖ്യമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ അനുശോചനം
സർവാദരണീയനും മാന്യനുമായ രാഷ്ട്രീയ നേതാവിനെയാണ് ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്. നിരവധി പതിറ്റാണ്ടുകൾ കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സാനിധ്യമായി ഉയർന്ന് നിന്ന വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു അദ്ദേഹം.
വാർഡ് പ്രസിഡണ്ട് മുതൽ കെ.പി.സി.സി പ്രസിഡന്‍റ് വരെയുള്ള ചുമതലകൾ നിർവഹിച്ച അദ്ദേഹം ആ പരിചയസമ്പത്ത് വാക്കിലും പ്രവൃത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമായാണ്. സ്വന്തം പാർട്ടിയിലെ തർക്കങ്ങളിൽ എല്ലാ പക്ഷത്തിനും സ്വീകാര്യനായിരുന്ന നേതാവ് എന്നതാണ് തെന്നലക്ക് നൽകപ്പെട്ടിരുന്ന വിശേഷണം. വിഷയങ്ങളോട് അദ്ദേഹം കാണിച്ച പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ നിലപാടാണ് അത്തരം ഒരു വിശേഷണത്തിന് അർഹനാക്കിയത്. നിയമസഭയിലും രാജ്യസഭയിലും ഏറെ വർഷങ്ങൾ അംഗമായിരുന്ന അദ്ദേഹം ഓരോ വിഷയത്തിലും സൂക്ഷ്മതയോടെയും അവധാനതയോടെയും ആണ് ഇടപെട്ടത്.
സഹകാരി എന്ന നിലയിൽ കേരളത്തിന്‍റെ സഹകരണ മേഖല ശക്തിപ്പെടുത്തുന്നതിനും അദ്ദേഹത്തിൻ്റെ സംഭാവന ഗണ്യമാണ്. വ്യക്തി താൽപര്യങ്ങൾക്ക് അതീതമായി പൊതു താൽപര്യങ്ങളെ ഉയർത്തിപ്പിടിക്കുന്ന സവിശേഷമായ ഒരു രാഷ്ട്രീയ പൈതൃകമാണ് അദ്ദേഹം ബാക്കി വെക്കുന്നത്. സൗമ്യവും ശുദ്ധവും തെളിമയുറ്റതുമായ രാഷ്ട്രീയ ജീവിതമാണ് അദ്ദേഹം നയിച്ചത്. ശ്രീ തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

