‘ഇവിടെയെല്ലാമുണ്ട് സാര്‍ പേക്ഷ, വീട്ടിലെത്തിയാല്‍ എന്തുചെയ്യും?’
text_fieldsപത്തനംതിട്ട: ‘‘ഇവിടെയെല്ലാമുണ്ട് സര് പേക്ഷ, വീട്ടിലേക്ക് മടങ്ങിയാല്‍ ഞങ്ങള്‍ എന്തുചെയ്യും. ഉപ്പുപാത്രം വരെ പ്രളയജലം കൊണ്ടുപോയി’’. ആറന്മുള ലക്ഷ്മിപാര്‍വതിയില്‍ ലത എന്ന വീട്ടമ്മ മുഖ്യമന്ത്രി പിണറായി വിജയന് കോഴഞ്ചേരി തെക്കേമലയിലെ എം.ജി.എം ഒാഡിറ്റോറിയത്തില്‍ എത്തിയപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞ വാക്കുകളാണിത്. വീട്ടിനുള്ളില്‍ മുട്ടറ്റം ജലമായപ്പോള്‍ കൈയില്‍ കിട്ടിയതുമെടുത്ത് അവശയായ അമ്മയെയും കൂട്ടി ലതയും സഹോദരിയും നാലു കുട്ടികളും ടെറസില്‍ അഭയം തേടുകയായിരുന്നു. കോരിച്ചൊഴിയുന്ന മഴയില്‍ ഒറ്റനില വീടിെൻറ ടെറസില്‍ മരണത്തെ മുഖാമുഖം കണ്ടു.
ടെറസിലേക്കും വെള്ളം കയറുന്ന നിലയിലേക്ക് സ്ഥിതി വഷളായി. ജലനിരപ്പ് അതിവേഗം ഉയരുന്നു. മൊബൈല്‍ ഫോണില്‍ കിട്ടാവുന്നവരെയൊക്കെ സഹായത്തിനു വിളിച്ചു. എല്ലാവരും നിസ്സഹായര്‍. മത്സ്യബന്ധനബോട്ടുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ആളുകളെത്തുമെന്ന മറുപടി ചിലരില്‍നിന്ന് ലഭിച്ചു. വെളുപ്പിനു മൂന്നരയോടെ ബോട്ടുകളെത്തി ടെറസില്‍നിന്ന് ഏറെ ബുദ്ധിമുട്ടി ഏഴു പേരെയും ബോട്ടിലാക്കി. അടുത്ത രണ്ടു വീട്ടിലെ എട്ടുപേരെക്കൂടി രക്ഷപ്പെടുത്തി തെക്കേമലയില്‍ എത്തിക്കുകയായിരുന്നു.
12 വര്‍ഷം മുമ്പ് ലതയുടെ ഭര്‍ത്താവ് മരിച്ചു. രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ കാലടി ശ്രീശങ്കര കോളജില്‍ ബി.എസ്സിക്ക് പഠിക്കുന്നു. ഇളയമകള്‍ തിരുവനന്തപുത്ത് ബി.ടെക്കിനും. ലതയുടെ മാതാവ് ശാന്തമ്മ, സഹോദരി സുധ, എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന ഇവരുടെ രണ്ട് ആണ്‍കുട്ടികള്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. പട്ടിക ജാതി വിഭാഗത്തിൽപെട്ട വിധവയായ ലതയും ഭര്‍ത്താവ് ഉപേക്ഷിച്ച സഹോദരിയും ഏറെ ബുദ്ധിമുട്ടിയാണ് കുട്ടികളെ പഠിപ്പിക്കുന്നത്. വ്യവസായ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായ ഇവര്‍ക്ക് കിട്ടുന്ന തുച്ഛവരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. പ്രളയജലം വീട്ടിലുള്ളതെല്ലാം വിഴുങ്ങിയപ്പോള്‍ ഇനിയെന്തു ചെയ്യുമെന്ന നിസ്സഹായാവസ്ഥയാണ് ഇവരുടെ മുന്നിലുള്ളത്.
പേരു ചോദിച്ച് മുഖ്യമന്ത്രി; അദ്ഭുതം മാറാതെ അന്നാമരിയ
ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ സ്കൂളിലെ ക്യാമ്പിൽ മുഖ്യമന്ത്രി വന്നതോടെ എങ്ങും തിക്കും തിരക്കും. തിരക്കിനിടയിൽപ്പെട്ട തന്നെ മുഖ്യമന്ത്രി തിരിച്ചുവിളിച്ചതിെൻറയും പേരും വിശേഷങ്ങളും ചോദിച്ചറിഞ്ഞതിെൻറയും അദ്ഭുതത്തിലാണ് ക്യാമ്പ്അംഗവും യു.കെ.ജി വിദ്യാർഥിയുമായ അന്നാമരിയ. പുളിങ്കുന്ന് സ്വദേശിയായ അന്നാമരിയയുടെ കുടുംബം ദുരിതാശ്വാസ ക്യാമ്പിലാണ്.
വെള്ളം കയറി ജീവിക്കാൻ മാർഗമില്ലാതെ വന്നപ്പോഴാണ് കിട്ടിയതെല്ലാമെടുത്ത് ക്യാമ്പിലേക്ക് പോന്നത്. പന്നുകുന്നം മേരിമാത എൽ.പി.എസിലെ വിദ്യാർഥിയായ അന്നയ്ക്കൊപ്പം രക്ഷിതാക്കളായ തോമസ്, ആൻസ് മേരി എന്നിവരും ക്യാമ്പിലുണ്ട്. അമ്മൂമ്മ അന്നമ്മവർക്കിക്കൊപ്പം നിന്നിരുന്ന അന്ന തിക്കിൽപ്പെട്ട് അകലേക്ക് മാറിയത് ശ്രദ്ധിച്ച മുഖ്യമന്ത്രി ഹാളിലെ അന്തേവാസികളോട് കുശലം പറഞ്ഞ് പുറത്തേക്കിറങ്ങിയപ്പോൾ ഇവരെ പ്രത്യേകം അന്വേഷിക്കുകയായിരുന്നു.
അന്നയോട് പേര് അന്വേഷിച്ചതോടെ ക്യാമ്പിലെ മറ്റ് സ്ത്രീകളും കുട്ടികളും മുഖ്യമന്ത്രിക്ക് ചുറ്റും കൂടി. വീട് പൂർണമായി മുങ്ങിയതും സാധനസാമഗ്രികൾ നഷ്ടപ്പെട്ടതും തന്നെയാണ് എല്ലാവരും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. എല്ലാവരുടെയും ആവലാതികൾ അദ്ദേഹം കേട്ടു. ക്യാമ്പിലെ സ്ഥിതിഗതികൾ മന്ത്രിമാർ വിശദീകരിച്ച് കൊടുത്തു. എല്ലാവരും ഒരു കുടുംബമായി കഴിയണമെന്ന് എടുത്ത് പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
