ഫയലുകളിൽനിന്ന് പ്രക്ഷോഭപ്പകലിലേക്ക്; എട്ടു മണിക്കൂർ മുഖ്യമന്ത്രി സമരപ്പന്തലിൽ
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയൽത്തിരക്കുകളിൽനിന്ന് ഭരണനേതൃത്വം ഒരുപകൽ തെരുവിലെ സമരപ്പന്തലിലേക്ക് ചുവടുമാറ്റിയപ്പോൾ തലസ്ഥാനം സാക്ഷിയായത് അപൂർവ സമരചരിത്രത്തിനായിരുന്നു.
മറ്റെല്ലാ തിരക്കും മാറ്റിവെച്ച് രാവിലെ പത്ത് മുതൽ അഞ്ചുവരെയുള്ള എട്ടു മണിക്കൂർ മുഖ്യമന്ത്രി പിണറായി വിജയൻ സമരപ്പന്തലിൽ തന്നെയായിരുന്നു. രാവിലെ 9.50ഓടെയാണ് അദ്ദേഹം രക്തസാക്ഷി മണ്ഡപത്തിനരികെ പ്രത്യേകം തയാറാക്കിയ സമരപ്പന്തലിലെത്തിയത്. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മുഖ്യമന്ത്രിയെ സ്വീകരിച്ച് വേദിയിലേക്ക്. ഇതിനിടെ സദസ്സിൽനിന്ന് മുദ്രാവാക്യമുയർന്നു.
മുഖ്യമന്ത്രിയെത്തുമ്പോഴേക്കും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളുമെല്ലാം വേദിയിൽ ഹാജർ. ഇടതു എം.എൽ.എമാർ സദസ്സിലും. ടി.പി. രാമകൃഷ്ണന്റെ സ്വാഗതത്തിനും മന്ത്രി കെ. രാജന്റെ അധ്യക്ഷ പ്രസംഗത്തിനും ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ ഉദ്ഘാടനം. കണക്ക് നിരത്തിയുള്ള കേന്ദ്രവിമർശനവും കോൺഗ്രസിനെതിരായ കടന്നാക്രമണവും കേരളത്തിന്റെ മികവുകൾ എണ്ണിപ്പറയലും ഒടുവിൽ അമിത്ഷാക്കുള്ള മറുപടിയുമായി ഏകദേശം ഒന്നര മണിക്കൂറോളം അൽപം വിശദമായ ഉദ്ഘാടന പ്രസംഗം.
പ്രസംഗം കഴിഞ്ഞ് അധികം സമയം ചെലവഴിക്കാതെ മടങ്ങുന്ന പതിവ് ഇക്കുറി മാറ്റിവെച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മന്ത്രി കെ. രാജനും നടുവിലായിരുന്നു മുഖ്യമന്ത്രിയുടെ ഇരിപ്പിടം. മറ്റു നേതാക്കളുടെ പ്രസംഗങ്ങളെല്ലാം ശ്രദ്ധയോടെ കേട്ട് മുഖ്യമന്ത്രി ഇരിപ്പിടത്തിൽ തന്നെ തുടർന്നു.
ഭക്ഷണം തൊട്ടരികെ, ഫയലുകളുമായി സ്റ്റാഫുകൾ
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സമരത്തിനെത്തിയവർക്കുമടക്കം ഭക്ഷണ സൗകര്യം സമരപ്പന്തലിന് തൊട്ടടുത്തായി ഒരുക്കിയിരുന്നു. വേദിയിലും സദസ്സിലുമുള്ളവർ ഊഴം വെച്ചായിരുന്നു ഉച്ചഭക്ഷണത്തിനെത്തിയത്. മന്ത്രിമാരടക്കം റോഡ് വക്കിൽനിന്ന് തന്നെ ഭക്ഷണം കഴിഞ്ഞു.
മുഖ്യമന്ത്രി ഭക്ഷണം കഴിക്കാനെഴുന്നേൽക്കുമ്പോഴായിരുന്നു ആർ.ജെ.ഡി സെക്രട്ടറി ജനറൽ വർഗീസ് ജോർജ് സംസാരിക്കാനായി പ്രസംഗപീഠത്തിന് അടുത്തേക്ക് എത്തിയത്. മുഖ്യമന്ത്രിയെ കണ്ട് വർഗീസ് ജോർജ് അൽപമൊന്ന് നിന്നു. എന്നാൽ, ‘നിങ്ങൾ തുടങ്ങിക്കോ’ എന്ന് പറഞ്ഞ് മുഖ്യമന്ത്രി പുറത്തിറങ്ങി.
സമരത്തിനിടെ വിളിപ്പാടകലെയുള്ള സെക്രട്ടേറിയറ്റിൽ അടിയന്തരമായി മന്ത്രിമാർ ഒപ്പിടേണ്ട ഫയലുകളുമായി സ്റ്റാഫുകൾ വേദിയിലേക്ക് എത്തുന്നുണ്ടായിരുന്നു. ഭരണപരമായ അത്യാവശ്യ കാര്യങ്ങൾക്കായി മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് ഫോണിലൂടെ നിർദേശം നൽകുന്നതും കാണാമായിരുന്നു. നേതാക്കളുടെ പ്രസംഗങ്ങൾ പുരോഗമിക്കുമ്പോഴും അഭിവാദ്യമർപ്പിച്ച് വർഗബഹുജന സംഘടനകളുടെയും ഘടകകക്ഷികളുടെയും അഭിവാദ്യപ്രകടനങ്ങൾ എത്തുന്നുണ്ടായിരുന്നു.
ബലികുടീരങ്ങളേ... സമരം സർഗാത്മകം
ഉച്ചനേരത്തെ സ്വാഭാവിക വിരസത മാറ്റാൻ പ്രസംഗങ്ങൾക്കിടയിൽ വിപ്ലവ ഗാനങ്ങളുടെ അവതരണമുണ്ടായി. ‘ബലികൂടിരങ്ങളേ...’ വേദിയിലുയർന്നപ്പോൾ മന്ത്രി എം.ബി. രാജേഷ് കൂടെപ്പാടി. കെ.എൻ. ബാലഗോപാൽ താളംപിടിച്ചു. എം.എൽ.എമാർക്കിടയിലെ ഗായിക ദലീമക്കും അവസരം. ‘‘വയലാറിന്റെകണ്ണ് തുറക്കാത്ത ദൈവങ്ങളേ...’’ പാടിയാൽ മതിയോ എന്ന് ചോദിച്ചായിരുന്നു ദലീമ മൈക്കിന് മുന്നിലെത്തിയത്. ഈ ഗാനം പൂർത്തിയാക്കിയശേഷം മറ്റൊരു പാട്ടിന് കൂടി മുഖ്യമന്ത്രിയോട് അവർ അനുവാദം ചോദിച്ചു.
അങ്ങനെ ‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു...’ എന്ന ഗാനവും സദസ്സിലേക്ക്. ഇതിനിടെ വിപ്ലവ കവിതയുമായി മുരുകൻ കാട്ടാക്കടയും വേദിയിലെത്തി. ഇതെല്ലാം ആസ്വദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും. വൈകീട്ട് അഞ്ചോടെ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഉപസംഹാരത്തോടെയാണ് എട്ടുമണിക്കൂർ സമരത്തിന് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

