കോൺഗ്രസ് വിമതൻ എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി
text_fieldsപാലക്കാട്: കോൺഗ്രസ് വിമത നേതാവും മുൻ എം.എൽ.എയുമായ എ.വി. ഗോപിനാഥന്റെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. രാവിലെ കല്യാണമണ്ഡപത്തിൽ എത്തിയ മുഖ്യമന്ത്രി നവവധുവരന്മാരെ അനുഗ്രഹിച്ചു.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രി കെ. കൃഷ്ണൻകുട്ടി, സി.പി.എം മുതിർന്ന നേതാവ് എ.കെ. ബാലൻ, സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു അടക്കമുള്ളവരും ഉണ്ടായിരുന്നു.
2021ലെ ഡി.സി.സി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട് ഏറെക്കാലമായി കോൺഗ്രസുമായി ഇടഞ്ഞു നിൽക്കുകയായിരുന്ന എ.വി. ഗോപിനാഥിനെ നവകേരള സദസിൽ പങ്കെടുത്തതിന് പിന്നാലെ 2023 ഡിസംബർ നാലിന് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നവകേരള സദസിന്‍റെ ഭാഗമായ മുഖ്യമന്ത്രിയുടെ പ്രഭാതയോഗത്തിൽ പങ്കെടുത്ത പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തംഗം കൂടിയായ ഗോപിനാഥ് മുഖ്യമന്ത്രിയെയും ഇടത് സർക്കാറിനെയും പുകഴ്ത്തുകയും ചെയ്തിരുന്നു.
2024 സെപ്റ്റംബർ ഒന്നിന് പാലക്കാട്ട് ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിലും എ.വി. ഗോപിനാഥ് പങ്കെടുത്തിരുന്നു. ബി.ജെ.പി മുതിർന്ന നേതാവും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ പൗരപ്രമുഖരുമായി നടത്തിയ കൂട്ടിക്കാഴ്ചയിലാണ് ഗോപിനാഥ് പങ്കെടുത്തത്. അതേസമയം, കർഷകരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനാണ് കൂട്ടിക്കാഴ്ച നടത്തിയതെന്നായിരുന്നു ഗോപിനാഥിന്‍റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

