100 ദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; 1284 പദ്ധതികളായി 15896 കോടിയുടെ വികസന പ്രവർത്തനങ്ങൾ
text_fieldsതിരുവനന്തപുരം: ഇടത് സർക്കാറിന്‍റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ച് 100 ദിന കർമപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത 100 ദിവസത്തിനുള്ളിൽ 1284 പദ്ധതികള്‍ വഴി 15896.03 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടെയാണ് സംസ്ഥാനതല ഉദ്ഘാടനം. പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തും. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം 100 ദിന പരിപാടിയുടെ മുഖ്യലക്ഷ്യമാണ്.
അത്യുല്‍പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉല്‍പാദനവും വിതരണവും ആരംഭിക്കും. റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായി വയനാട് സെന്‍റര്‍ ഓഫ് എക്സലന്‍സ് പദ്ധതി നടപ്പാക്കും. വ്യവസായ വകുപ്പിന്‍റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.
ജലവിഭവ വകുപ്പിൽ 1879.89 കോടിയുടെയും പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും വൈദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും തദ്ദേശ വകുപ്പിൽ 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികൾ നടപ്പാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പശ്ചാത്തല വികസന പരിപാടികളും 100 ദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മേയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും, 500 ഏക്കര്‍ തരിശുഭൂമിയില്‍ ഏഴ് ജില്ലകളില്‍ ‘ഒരു ജില്ലക്ക് ഒരു വിള’ പദ്ധതി നടപ്പാക്കും, േഫ്ലാട്ടിങ് സോളാര്‍ പ്ലാന്‍റുകള്‍ സ്ഥാപിക്കാൻ ഏകജാലക അനുമതി സംവിധാനം ഏര്‍പ്പെടുത്തും, ബ്രഹ്മപുരം സൗരോര്‍ജ പ്ലാന്‍റ് ഉദ്ഘാടനം ചെയ്യും, പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളില്‍ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും തുടങ്ങിയവും മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതികളിൽ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

