ഗവർണറുടെ സാന്നിധ്യത്തിൽ വിയോജിപ്പ് തുറന്നടിച്ച് മുഖ്യമന്ത്രി; ‘ലേഖനം സർക്കാറിന്റെ അഭിപ്രായമായി ആരും കരുതേണ്ട’
text_fieldsരാജ്ഭവൻ പുറത്തിറക്കിയ ‘രാജഹംസ്’ത്രൈമാസികയുടെ പ്രകാശന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് വിളക്ക് കൈമാറുന്ന ഗവർണർ രാജേന്ദ്ര ആർലേക്കർ. ശശി തരൂർ എം.പി സമീപം ചിത്രം -പി.ബി. ബിജു
തിരുവനന്തപുരം: രാജ്ഭവൻ ജേർണൽ ‘രാജഹംസി’ലെ ലേഖനത്തോടുള്ള വിയോജിപ്പ് പ്രകാശനവേളയിൽ തന്നെ ഗവർണറുടെ സാന്നിധ്യത്തിൽ തുറന്നുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ.
തമിഴ്നാട് നിയമസഭ പാസാക്കിയ ബില്ലുകൾക്ക് അനുമതി വൈകുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി നടത്തിയ പരാമർശങ്ങളെ കുറിച്ച ലേഖനത്തോടുള്ള എതിർപ്പാണ് മുഖവുരയില്ലാതെ മുഖ്യമന്ത്രി രേഖപ്പെടുത്തിയത്. സർക്കാറുമായുള്ള കൊമ്പുകോർക്കലിനിടയിലെ മഞ്ഞുരുക്കമായിരുന്നു ചടങ്ങെങ്കിലും മുഖ്യമന്ത്രിയുടെ പരാമർശം രാജ്ഭവനും അപ്രതീക്ഷിതമായിരുന്നു.
ലേഖനം പ്രസിദ്ധീകരിച്ചത് രാജ്ഭവന്റെ ഔദ്യോഗിക ജേർണലിലായത് കൊണ്ട് ആ അഭിപ്രായങ്ങളെല്ലാം സർക്കാർ അതുപോലെ പങ്കിടുന്നു എന്ന് ആരും കരുതേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ഗവർണറുടെ അധികാരങ്ങൾ, നിയമസഭയുടെ അധികാരങ്ങൾ എന്നീ കാര്യങ്ങളിൽ ലേഖകൻ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെല്ലാം സർക്കാറിന്റെ അഭിപ്രായമാണോ എന്ന് ചോദിച്ചാൽ അല്ല എന്നാണുത്തരം. അത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാവാം. വിയോജനാഭിപ്രായങ്ങളെ അനുവദിക്കണോ കഴുത്തുഞെരിച്ചുകൊല്ലണോ എന്ന പ്രശ്നത്തിൽ ആദ്യത്തേതാണ് വേണ്ടതെന്ന് നിലപാടുള്ള സർക്കാറാണ് കേരളത്തിലേത്.
സംവാദാത്മകമാണ് നമ്മുടെ സമൂഹം. അതുകൊണ്ടുതന്നെ സർക്കാറിന്റേതിൽ നിന്നു വ്യത്യസ്തമോ വിരുദ്ധമോ ആയ നിലപാടുകൾ പ്രകടമാക്കുന്ന ലേഖനങ്ങൾ മാഗസിനിലുണ്ടാകാം. വിയോജനാഭിപ്രായങ്ങളെയും വിരുദ്ധാഭിപ്രായങ്ങളെയും അനുവദിക്കുന്ന ഒരു പൊതു ജനാധിപത്യ മണ്ഡലം, നവോത്ഥാന പൈതൃകത്തിന്റെ ഈടുവെയ്പായി കേരളത്തിന് കിട്ടിയിട്ടുണ്ട്. അത് ഭദ്രമായി നിലനിർത്തുക എന്നതാണു സർക്കാറിന്റെ നിലപാട് എന്നതിനാൽ വിരുദ്ധാഭിപ്രായങ്ങൾ സർക്കാറിനെ അലോസരപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം വിവാദവിഷയങ്ങൾ പരാമർശിക്കാനോ മറുപടി പറയാനോ ഗവർണർ മുതിർന്നില്ല. അതിഥികളായെത്തിയ മുഖ്യമന്ത്രിയെയും ശശി തരൂരിനെയും വാനോളം പുകഴ്ത്തിയായിരുന്നു ഗവർണറുടെ പ്രസംഗം. രാജ്ഭവന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് വേണ്ടി രൂപകൽപന ചെയ്ത ‘രാജഹംസ്’ ജേർണൽ ശശി തരൂരിന് നൽകിയാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്തത്.
ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ഗവർണറുമായി അകലം പാലിച്ചിരുന്ന മുഖ്യമന്ത്രി ഏറെ നാളത്തെ ഇടവേളക്ക് ശേഷമാണ് രാജ്ഭവനിലേക്കെത്തിയത്. സ്വാതന്ത്ര്യ ദിനത്തിലെ ഗവർണറുടെ വിരുന്നായ അറ്റ് ഹോമിൽ നിന്നും മുഖ്യമന്ത്രി വിട്ടുനിന്നിരുന്നു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കുമ്മനം രാജശേഖരൻ, മുൻ ചീഫ് സെക്രട്ടറി കേരള വി.സി ഡോ. മോഹനൻ കുന്നമ്മൽ, കുസാറ്റ് വി.സി ഡോ. ജുനൈദ് ബുഷ്രി, ഡിജിറ്റൽ യൂനിവേഴ്സിറ്റി വി.സി ഡോ. സിസ തോമസ്, സൂര്യ കൃഷ്ണമൂർത്തി, ആർക്കിടെക്ട് ജി. ശങ്കർ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, ജി. സുരേഷ് കുമാർ, മേനക സുരേഷ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ തുടങ്ങിയവർ സംബന്ധിച്ചു.
ഭാരതാംബ ചിത്രം ഒഴിവാക്കി രാജ്ഭവൻ; മഞ്ഞുരുക്കം അതിവേഗതയിൽ
തിരുവനന്തപുരം: ഭാരംതാബ ചിത്രം ഒഴിവാക്കി രാജ്ഭവനിലെ ജേർണൽ പ്രകാശന ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയനും ശശി തരൂരും പങ്കെടുത്ത പരിപാടിയിലാണ് ഭാരതാംബ ചിത്രത്തിന്റെ കാര്യത്തിലെ ശാഠ്യം രാജ്ഭവൻ ഒഴിവാക്കിയത്. വിളക്ക് കൊളുത്തൽ മാത്രമായി ചടങ്ങ് പരിമിതപ്പെടുത്തുകയും ചെയ്തു.
ഭാരതാംബ ചിത്രത്തിന്റെ പേരിൽ സർക്കാറും രാജ്ഭവനും തമ്മിലെ ഏറ്റുമുട്ടലിന്റെ അലയൊലികൾ പൂർണമായും കെട്ടടങ്ങും മുമ്പായിരുന്നു രാജ്ഭവനിൽ മുഖമന്ത്രിയെത്തിയത്. ഊഷ്മളമായിരുന്നു മുഖ്യമന്ത്രിക്കുള്ള രാജ്ഭവനിലെ വരവേൽപ്പ്. മുഖ്യമന്ത്രിക്കൊപ്പമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ വേദിയിലേക്കെത്തിയത്.
ദീപം തെളിയിക്കൽ ചടങ്ങും പതിവില്ലാത്ത സൗഹാർദക്കാഴ്ചയായിരുന്നു. വിളക്കെടുത്ത ഗവർണർ ആദ്യം കൊളുത്താൻ മുഖ്യമന്ത്രിയെ നിർബന്ധിച്ചു. സ്നേഹത്തോടെ നിരസിച്ച മുഖ്യമന്ത്രി ഗവർണറോട് തുടങ്ങാൻ ആവശ്യപ്പെട്ടു. ചിരിച്ചുകൊണ്ട് ഗവർണർ വീണ്ടും ആവർത്തിച്ചതോടെ മുഖ്യമന്ത്രി വിളക്കുവാങ്ങി. പിന്നാലെ തരൂർ, ഒടുവിൽ ഗവർണറും. ചടങ്ങ് കഴിഞ്ഞ ഗവർണറുടെ ചായസൽക്കാരത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. മടങ്ങുന്നതിനായി മുഖ്യമന്ത്രിക്ക് പുറത്തേക്ക് എത്തും വരെ ഗവർണറും അനുഗമിച്ചു. മുഖമന്ത്രിയെ വാഹനത്തിൽ കയറ്റി യാത്രയാക്കിയ ശേഷമാണ് ഗവർണർ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

