മുതിര്‍ന്ന നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകാനുള്ള മോഹം നടക്കില്ല, സതീശൻ പി.ആര്‍ പണി അവസാനിപ്പിക്കണം: ഡി.സി.സി ഓഫിസ് മുന്നിൽ ഫ്ലക്സ് ബോർഡ്
text_fieldsഎറണാകുളം: തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങൾ മാത്രം ബാക്കിനില്‍ക്കേ വി.ഡി. സതീശനെതിരെ എറണാകുളം ഡി.സി.സി ഓഫിസ് മുന്നിൽ ഫ്ലക്സ് ബോർഡ്. കോൺഗ്രസ് ഫാമലി എന്ന പേരിലാണ് ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. വി.ഡി. സതീശന്‍
പി.ആര്‍ പണി നിര്‍ത്തണമെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. പി.ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേശ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച് കാണിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള വി.ഡി. സതീശന്റെ വ്യാമോഹം നടക്കില്ലെന്നും പോസ്റ്ററില്‍ പറയുന്നു. വി.ഡി. സതീശന്റെ പി.ആര്‍ പണി അവസാനിപ്പിക്കണം. മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നുമാണ് മറ്റൊരു പോസ്റ്ററിലുള്ളത്.
എന്നാല്‍, മലപ്പുറത്ത് വീണ്ടും വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിടുണ്ട്. കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ എന്നാണ് ഫ്ലക്‌സില്‍ എഴുതിയത്. തവനൂര്‍ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്തലൂര്‍ ഭാഗത്താണ് ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടത്. നേരത്തെ തവനൂര്‍ പാറപ്പുറത്തും ഫ്ലക്‌സ് സ്ഥാപിച്ചിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്നു അവിടെ ഫ്ലക്‌സ് സ്ഥാപിച്ചിരുന്നത്. ഫ്ലലക്‌സിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരാതി ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുന്നേ മുഖ്യമന്ത്രി ചര്‍ച്ചകളും തര്‍ക്കങ്ങളും പരസ്യമായി ചേരിതിരിയലും അവസാനിപ്പിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം.
വോട്ടെണ്ണുന്നതിന് മുമ്പ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസ്താവനകൾ നടത്തി കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന സാഹചര്യത്തിൽ താക്കീതുമായി കെ.പി.സി.സി. മാധ്യമങ്ങളിൽ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും അനുചിതമായ നടപടിയിൽനിന്ന് മാറി നിൽക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.
ഇത്തരം പ്രസ്താവനകൾ കോൺഗ്രസ് അണികളിൽ കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയത്. ഇത്തരം ചർച്ചകളിൽനിന്ന് പിന്തിരിയാൻ എ.ഐ.സി.സിയും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, അത് മുഖവിലയ്‌ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദേശം നൽകാൻ കെ.പി.സി.സി വീണ്ടും നിർബന്ധിതമായതെന്നും സണ്ണി ജോസഫ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമായത്. മുഖ്യമന്ത്രി എറണാകുളത്ത് നിന്നുള്ള ആളാവണമെന്ന് പറഞ്ഞ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ആദ്യം ചർച്ചക്ക് തുടക്കമിട്ടത്. ഇതിനിടെ മുസ് ലിം ലീഗും കെ. മുരളീധരൻ, എം.കെ. രാഘവൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും ചർച്ച അനുചിതമാണെന്ന് പറഞ്ഞെങ്കിലും ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ചര്‍ച്ചയുമായി മുന്നോട്ടുപോവുകയായിരുന്നു. അതിനിടെ 'കേരള യാത്ര' എന്ന പേരിൽ രമേശ് ചെന്നിത്തല പോഡ്കാസ്റ്റ് ആരംഭിച്ചു. വി.ഡി. സതീശൻ നയിക്കട്ടെ എന്ന് പറഞ്ഞ് ആലുവയിൽ കൂറ്റൻ ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി നിലപാട് കടുപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

