മുഖ്യമന്ത്രി-കെ.എസ്.യു മഞ്ഞുരുക്കം; സംസ്ഥാന അധ്യക്ഷനുമായി കൂടിക്കാഴ്ച, നാളെയോ മറ്റന്നാളോ കാണാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്
text_fieldsതിരുവനന്തപുരം: പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രി-കെ.എസ്.യു പോരിൽ മഞ്ഞുരുക്കം. മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുങ്ങുന്നു. നാളെയോ മറ്റന്നാളോ കാണാമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അലോഷ്യസ് സേവ്യറെ അറിയിച്ചതെന്നാണ് വിവരം. തിരുവനന്തപുരത്ത് വെച്ചായിരിക്കും കൂടിക്കാഴ്ച. വിഷയത്തിൽ കെ.പി.സി.സി നേതൃത്വവും മുതിർന്ന നേതാക്കളും ഇടപെട്ടിരുന്നു.
അതേസമയം, പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ കെ.എസ്.യു-മുഖ്യമന്ത്രി ഏറ്റുമുട്ടലിൽ കെ.എസ്.യു നേതാക്കൾ കെ.പി.സി.സി പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.എസ്.യുവിന് പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും പറയേണ്ട രീതിയിലും പാലിക്കേണ്ട പരിധിയിലുമാകണമെന്ന് കെ.സി പക്ഷത്തെ നേതാക്കൾ നിലപാടെടുത്തതാണ് മഞ്ഞുരുക്കത്തിന് കാരണമായത്. സമീപ ദിവസങ്ങളിൽ കൂടിക്കാഴ്ചക്ക് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കെ.എസ്.യു നേതൃത്വം പ്രതികരണങ്ങൾ മയപ്പെടുത്തി. വി.ഡി സതീശനെതിരെ അലോഷ്യസ് സേവ്യർ നടത്തിയ രൂക്ഷ പരാമർശങ്ങൾ സംഘടനയിലെ ചേരിപ്പോരിന് വഴിവെച്ചതും അനുനയത്തിന് കാരണമായിട്ടുണ്ട്.
സംസാരിച്ച് പരിഹരിക്കേണ്ട പ്രശ്നം ആഭ്യന്തര പ്രതിസന്ധിയായി മാറിയത് കെ.പി.സി.സി നേതൃത്വത്തിന്‍റെ പിടിപ്പുകേടാണെന്ന വിമർശനവും കോൺഗ്രസിലുണ്ട്. പാർട്ടി വേദിയിൽ പറയാതെ പരസ്യ പ്രതികരണത്തിന് മുതിർന്ന അലോഷ്യസ് സേവ്യർ, പിന്നീട് മുഖ്യമന്ത്രിയെ കണ്ട് പരാതി അറിയിക്കാൻ ശ്രമിച്ചത് അനൗചിത്യമായി എന്ന വിമർശനവും ശക്തമാണ്. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രിക്കും അതൃപ്തി. ബുധനാഴ്ച വാർത്തസമ്മേളനത്തിൽ ഇത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ തന്നോടാരും പരാതി പറഞ്ഞിട്ടില്ലെന്ന വി.ഡി. സതീശന്‍റെ പ്രതികരണത്തിന് കാരണമിതാണ്.
വ്യാഴാഴ്ച മുഖ്യമന്ത്രിയെ കാണാൻ അലോഷ്യസ് അനുവാദം തേടിയെങ്കിലും സതീശൻ കൊല്ലത്തായതിനാൽ നടന്നില്ല. വെള്ളിയാഴ്ച കാണാൻ കഴിയുമോ എന്നാരാഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫിസ് അലോഷ്യസിനെ തിരികെ ബന്ധപ്പെട്ടപ്പോൾ താൻ കന്യാകുമാരിയിൽ ആയിരിക്കുമെന്നാണ് അറിയിച്ചത്. എന്നാൽ, അന്ന് കൊച്ചിയിലെ പരിപാടിയിൽ അലോഷ്യസ് പങ്കെടുക്കുകയും ചെയ്തു. ഇവിടെവെച്ച് മുഖ്യമന്ത്രി മുഖം നൽകിയില്ലെന്നതാണ് പിന്നീട് വിവാദമായത്. പരാതികളും വിമർശനങ്ങളും ഉന്നയിക്കുന്നതിൽ സംഘടന നടപടി ക്രമങ്ങളും കീഴ്വഴക്കങ്ങളും പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നതാണ് കെ.എസ്.യുവിനെതിരായ വിമർശനം.
കെ.എസ്.യു പ്രവർത്തകർക്ക് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും ഇത്തരം കാര്യങ്ങൾ ബന്ധപ്പെട്ട വേദിയിലാണ് ആദ്യം ഉന്നയിക്കേണ്ടതെന്നുമായിരുന്നു എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിലപാട്. കെ.എസ്.യുവിന് അഭിപ്രായം പറയാം. പക്ഷേ, പരിധി വിടരുതെന്നേയുള്ളൂവെന്ന് എ.പി അനിൽകുമാറും പ്രതികരിച്ചു. കെ.എസ്.യുവിന് അഭിപ്രായമുണ്ടെങ്കിൽ അത് പറയുന്നതിന് തെറ്റൊന്നുമില്ലെന്നും അതിന് ചില രീതികളുണ്ടെന്നുമാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പരാതി ഉണ്ടെങ്കിൽ പരിശോധിക്കുമെന്നും അതിന് മുഖ്യമന്ത്രിതന്നെ മുൻകൈ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

