മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ; സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം
text_fieldsമുഖ്യമന്ത്രി പിണറായി വിജയനും ബിനോയി വിശ്വവും
കോട്ടയം: സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നതെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെപ്പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നുമായിരുന്നു പ്രധാന വിമർശനം. സി.പി.എം മന്ത്രിമാരുടെ പ്രവർത്തനശൈലി സംബന്ധിച്ചും വിമർശനം ഉണ്ടായി.
സി.പി.ഐക്കെതിരായ സ്വയം വിമർശനവും പ്രതിനിധികൾ ഉന്നയിച്ചു. സി.പി.ഐ ദേശീയതലത്തിൽ കോൺഗ്രസിനൊപ്പം നിന്നകാലത്തെ ശക്തി പിന്നീടുണ്ടായിട്ടില്ലെന്നായിരുന്നു മറ്റൊരു വിമർശനം. ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ സി.പി.ഐ പിന്നോട്ടുപോകുന്നു എന്ന വിമർശനവുമുണ്ടായി.
സി.പി.എമ്മിന്റെ ആധിപത്യത്തിന് കീഴടങ്ങുന്ന സമീപനം തന്നെയാണ് പാർട്ടി പിന്തുടരുന്നത്. ബ്രൂവറി വിഷയത്തിലൊക്കെ ശക്തമായ നിലപാടെടുക്കുന്ന കാര്യത്തിൽ നേതാക്കൾ പരാജയപ്പെട്ടു. മുന്നണിയിലെ മറ്റു പാർട്ടികൾ വളർച്ചയുടെ പാതയിലാണെങ്കിൽ സി.പി.ഐ പിന്നിലേക്കാണ് സഞ്ചരിക്കുന്നത്.
എൽ.ഡി.എഫ് സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. എന്നാൽ ഇത് തിരുത്തി പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തി ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാനുള്ള യാതൊരു നടപടിയും എൽ.ഡി.എഫിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
തുടർച്ചയായി രണ്ടുതവണ അധികാരത്തിലെത്തിയിട്ടും സംഘടനാ വളർച്ചയുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് സി.പി.ഐ നേതൃത്വം ആത്മ പരിശോധന നടത്തണമെന്നും പ്രതിനിഥികൾ വിമർശനമുന്നയിച്ചു. കോൺഗ്രസിനൊപ്പം ദേശീയതലത്തിൽ നിന്നപ്പോഴുള്ള കാലത്തെ ശക്തി പിന്നീട് ഒരിക്കലും പാർട്ടിക്ക് ഉണ്ടായിട്ടില്ല.
ഉത്തരാഘണ്ഡിൽ കന്യാസ്ത്രീകൾക്കെതിരായ ആക്രമണവും അറസ്റ്റും നടന്ന സംഭവത്തിലൂടെ ബി.ജെ.പിയും ആർ.എസ്.എസും അവരുടെ അജണ്ട നടപ്പാക്കുകയാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള നീക്കമാണ് അവർ നടത്തുന്നതെന്ന അഭിപ്രായം പാർട്ടി ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

