സ്വർണക്കൊള്ള: ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട് -സി.പി.എം ജില്ല സെക്രട്ടറി രാജു എബ്രഹാം
text_fieldsപത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സി.പി.എം പത്തനംതിട്ട ജില്ല കമ്മിറ്റി അംഗവുമായ എ. പത്മകുമാർ അറസ്റ്റിലായതിൽ പ്രതികരണവുമായി ജില്ല സെക്രട്ടറി രാജു എബ്രഹാം. ശബരിമല സ്വർണക്കൊള്ളയിൽ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നാണ് പാർട്ടി നിലപാടെന്ന് അദ്ദേഹം പറഞ്ഞു.
അന്വേഷണത്തിൽ വിട്ടുവീഴ്ചയുണ്ടാവില്ല. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ആരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇനി പാർട്ടി പ്രവർത്തകനാണെങ്കിലും കർശന നടപടി ഉണ്ടാകും. സ്വർണക്കൊള്ള കേസ് അന്വേഷണത്തിലൂടെ ഭക്തരുടെ വിശ്വാസം സർക്കാർ നേടിയെന്നും രാജു എബ്രഹാം അഭിപ്രായപ്പെട്ടു.
അതേസമയം, അറസ്റ്റിലായതിന് പിന്നാലെ പത്മകുമാറിന്റെ വീടിന് പൊലീസ് കനത്ത സുരക്ഷയേർപ്പെടുത്തി. ആന്മുളയിലെ വീടിന്‍റെ പരിസരത്ത് പൊലീസ് കാവൽ ശക്തമാക്കി. വീട്ടിലേക്കുള്ള വഴികളെല്ലാം ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് അടച്ചു. പ്രതിഷേധം കണക്കിലെടുത്താണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ പത്തനംതിട്ടയിലെ വീട്ടിൽനിന്ന് എസ്.ഐ.ടിക്ക് മുന്നില്‍ ചോദ്യംചെയ്യലിനായി പത്മകുമാര്‍ ഹാജരായിരുന്നു. തുടർന്ന് തലസ്ഥാനത്തെ രഹസ്യ കേന്ദ്രത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ നടന്നു. ശേഷമായിരുന്നു പത്മകുമാറിന്‍റെ അറസ്റ്റ്.
സ്വര്‍ണക്കൊള്ളക്കേസില്‍ നേരത്തേ അറസ്റ്റിലായ മുരാരി ബാബു മുതല്‍ എന്‍. വാസു വരെയുള്ളവരുടെയെല്ലാം മൊഴികൾ പത്മകുമാറിനെതിരായിരുന്നു. പത്മകുമാര്‍ പറഞ്ഞിട്ടാണ് സ്വര്‍ണം ചെമ്പാക്കി ഉത്തരവിറക്കിയതെന്നാണ് ഇവരുടെ മൊഴികളിലുള്ളതെന്നും സൂചനയുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി, ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബു, മുന്‍ എക്സിക്യുട്ടീവ് ഓഫിസര്‍ ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു തുടങ്ങിയവരാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇതുവരെ അറസ്റ്റിലായത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒത്താശചെയ്തത് പത്മകുമാറാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
ജയിലിലേക്ക് സി.പി.എം നേതാക്കളുടെ ഘോഷയാത്ര -വി.ഡി. സതീശൻ
കൊച്ചി: ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ജയിലിലേക്ക് ഘോഷയാത്ര നടത്തുകയാണെന്നും സി.പി.എം നേതാവ് പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ ജനങ്ങള്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുജനാധിപത്യ മുന്നണിക്ക് നല്‍കിയ അധികാരം ഉപയോഗിച്ചാണ് പവിത്രവും പരിപാവനവുമായ ശബരിമല ക്ഷേത്രം കൊള്ളയടിച്ചതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എന്‍. വാസുവിന് പിന്നാലെയാണ് പത്മകുമാറും ജയിലിലേക്ക് പോകുന്നത്. മുന്‍ ദേവസ്വം മന്ത്രിയെയാണ് എസ്.ഐ.ടി ഇനി ചോദ്യംചെയ്യേണ്ടത്. കടകംപള്ളി സുരേന്ദ്രനും കൊള്ളയില്‍ പങ്കുണ്ടെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത് -സതീശൻ പറഞ്ഞു.
മന്ത്രിക്ക് റോളില്ലെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം ഭരണസമിതിയെ തള്ളിപ്പറഞ്ഞ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം ബോർഡുകൾ സ്വതന്ത്രമായി ഭരിക്കുന്നവയാണെന്നും ബോർഡ് എടുത്ത ഒരു തീരുമാനവും സർക്കാറിന്‍റെ അറിവോടയല്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയായിരിക്കെ അഞ്ചുവർഷത്തിനിടയിൽ ദേവസ്വവുമായി ബന്ധപ്പെട്ട് ബോർഡിന്‍റെ ഒരു ഫയലും തന്‍റെ മുന്നിൽ വന്നിട്ടില്ല. ദേവസ്വം ബോർഡിന്‍റെ തീരുമാനങ്ങൾ അവരുടേത് മാത്രമാണ് -കടകംപള്ളി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

