ബലിപെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാളെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ബലി പെരുന്നാൾ നൽകുന്ന സന്ദേശങ്ങളുടെ മൂല്യം ദൈനംദിന ജീവിതത്തിലും പ്രസരിപ്പിക്കാനാകണം. ആഘോഷങ്ങൾ നൽകുന്ന ആത്മീയ വെളിച്ചം സമൂഹത്തെ ഒന്നാകെ മാനവികതയിലേക്ക് നയിക്കട്ടെ. പ്രതിസന്ധികളിലൊന്നും തളരാതെ ജീവിതയാത്രയിൽ കരുത്ത് നൽകുന്നതാകണം നമ്മുടെ ആഘോഷങ്ങളെല്ലാമെന്നും അദ്ദേഹം ആശംസ സന്ദേശത്തിൽ പറഞ്ഞു.
പ്രത്യാശയുടെ ആഘോഷം -കാന്തപുരം
കോഴിക്കോട്: എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും വിശ്വാസം മുറുകെ പിടിച്ചും നിയമങ്ങൾ അനുസരിച്ചും ജീവിക്കുന്നവർക്ക് ആത്യന്തിക വിജയമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ.
ഏത് ദുർബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഇബ്റാഹിം നബിയുടെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങൾ മനുഷ്യർ മാതൃകയാക്കണം. ഒരുമയും സാഹോദര്യവും ഉദാരതയും നിറഞ്ഞുനിൽക്കുന്ന ആരാധനകളാണ് പെരുന്നാളിന്റെ സവിശേഷത.
ഹജ്ജും ബലികർമവും പെരുന്നാൾ നമസ്കാരവുമെല്ലാം ഈ മൂല്യങ്ങൾ വിളംബരം ചെയ്യുന്നുണ്ട്. പശ്ചിമേഷ്യൻ സംഘർഷം ലോകത്തെയാകെ പലവിധത്തിൽ അരക്ഷിതാവസ്ഥയിലാക്കിയ ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ ചേർത്തുപിടിച്ചും ദുഃഖിതരെ ആശ്വസിപ്പിച്ചും പെരുന്നാൾ ദിനങ്ങളെ അർഥവത്താക്കണമെന്ന് കാന്തപുരം പറഞ്ഞു.
ഭയരഹിതമായി ജീവിക്കാനുള്ള ആഹ്വാനം -പി. മുജീബ് റഹ്മാൻ
കോഴിക്കോട്: എല്ലാ വിഭാഗീയതകൾക്കുമതീതമായി മുഴുവൻ മനുഷ്യർക്കും നിർഭയമായും ക്ഷേമപൂർണമായും ജീവിക്കാനുതകുന്ന വിധത്തിൽ ലോകത്തെ മാറ്റിപ്പണിയാനുള്ള ആഹ്വാനമാണ് ബലി പെരുന്നാളെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ ഈദ് സന്ദേശത്തിൽ പറഞ്ഞു. ലോക ജനതക്ക് മാതൃകാപുരുഷനാണ് ഇബ്റാഹിം. ഇബ്റാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗപൂർണമായ ജീവിതമാണ് ബലിപെരുന്നാളിൽ അനുസ്മരിക്കപ്പെടുന്നത്. അത്തരമൊരു സമൂഹസൃഷ്ടിക്കുവേണ്ടി ജീവിതത്തെ സമർപ്പിക്കുകയും ദൈവത്തോട് പ്രാർഥിക്കുകയും ചെയ്തു ഇബ്റാഹിം പ്രവാചകൻ. ആ മാർഗത്തിൽ മറ്റെല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ചു.
അക്രമത്തെയും അനീതിയെയും ചോദ്യം ചെയ്തു. എന്നാൽ, സ്രഷ്ടാവായ ദൈവത്തിന്റെ കൽപനകൾക്ക് മുന്നിൽ ജീവിതത്തെ സമർപ്പിച്ചു. ജനങ്ങൾക്കിടയിൽ ജീവിച്ച് മാതൃകയായി തീരുന്നതിലൂടെ മാത്രമേ ദൈവസാമീപ്യം കരസ്ഥമാക്കാനാവൂ എന്നും പ്രവചാകൻ പഠിപ്പിച്ചു. സാഹോദര്യത്തിന്റെയും പരസ്പരസ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശമാണ് അഘോഷങ്ങൾ.
അതിനെ ശക്തിപ്പെടുത്തുന്ന അവസരമായി ബലിപെരുന്നാൾ മാറണം. ദാനധർമങ്ങളും ജനസേവന പ്രവർത്തനങ്ങളും വർധിപ്പിക്കാനും പ്രയാസപ്പെടുന്നവരെ സഹായിക്കാനും നിർദേശിച്ച അമീർ, ഹജ്ജ് നിർവഹിക്കുന്നവരുടെ നന്മക്കായി പ്രാർഥിക്കുകയും ചെയ്തു.
ഉൾക്കൊള്ളലിന്റെ ആഘോഷം -കെ.എൻ.എം
കോഴിക്കോട്: ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പുതിയ അധ്യായങ്ങൾ തുന്നിച്ചേർക്കാൻ ബലിപെരുന്നാൾ പ്രചോദനം നൽകട്ടെയെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനിയും ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവിയും ഈദ് സന്ദേശത്തിൽ അറിയിച്ചു.
വർഗീയതയും വിഭാഗീയതയും നാടിന്റെ നന്മയും സ്വാസ്ഥ്യവും കവർന്നെടുക്കുമ്പോൾ മതവും നിറവും നോക്കാതെ മനുഷ്യരോടൊപ്പം നിൽക്കാൻ ജാഗ്രത കാണിക്കണം. ദുരിതമനുഭവിക്കുന്ന മനുഷ്യരെ സഹായിക്കാനും പ്രയാസപ്പെടുന്നവരുടെ കൂടെ നിൽക്കാനും സാധിക്കണം. മത ന്യൂനപക്ഷങ്ങളോടുള്ള കടുത്ത അനീതിക്കെതിരെ വിവേകത്തോടെ പ്രതികരിക്കാനും ഇടപെടാനും കഴിയണം. എസ്.ഐ.ആർ മറയാക്കി പുറന്തള്ളലിന്റെ വിദ്വേഷ രാഷ്ട്രീയം കളിക്കുന്നത് അങ്ങേയറ്റം ഭീരുത്വമാണെന്നും കെ.എൻ.എം നേതാക്കൾ അഭിപ്രായപ്പെട്ടു.
ജീര്‍ണതക്കെതിരെ ശബ്ദിക്കാനുള്ള പ്രചോദനം -വിസ്ഡം
കോഴിക്കോട്: സാമൂഹിക ജീര്‍ണതക്കും അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള പ്രചോദനമാണ് ബലി പെരുന്നാള്‍ വിശ്വാസി സമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി, ജനറല്‍ സെക്രട്ടറി ടി.കെ. അശ്റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു. തിന്മകളോട് പ്രതികരിക്കാതിരിക്കുകയും നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക എന്നത് വിശ്വാസി സമൂഹത്തിന് ഭൂഷണമല്ല.
ഇത് സ്രഷ്ടാവിന്റെ പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്ന് മനസ്സിലാക്കണം. വിശ്വാസ രംഗത്തെ ജീര്‍ണതകള്‍ ഗൗരവമായി കാണുകയും വിമലീകരണം ലക്ഷ്യമായി പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടത് ബാധ്യതയാണെന്നത് നാം വിസ്മരിക്കരുതെന്നും നേതാക്കള്‍ ഈദ് സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം -ഐ.എസ്.എം
കോഴിക്കോട്: ഇബ്റാഹിം നബിയുടെ ത്യാഗസന്നദ്ധതയും ദൈവാനുസരണത്തിന്റെ മഹത്തായ മാതൃകയും ഓർമിപ്പിക്കുന്ന മഹത്തായ ആഘോഷമാണ് ബലിപെരുന്നാളെന്ന് ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ, ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു.
പ്രയാസങ്ങളും പ്രതിസന്ധികളും അനിശ്ചിതത്വങ്ങളും നിറഞ്ഞ ലോകത്ത് സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമാണ് ഈദ് നൽകുന്നത്. ഈ ഈദുല്‍ അദ്ഹാ ദിനത്തിൽ പരസ്പര സ്നേഹവും ഐക്യവും കരുണയും സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടട്ടെയെന്ന് ആശംസിക്കുന്നു.
അനാഥരെയും അശരണരെയും ചേർത്തുപിടിച്ച് സഹജീവികളോടുള്ള കരുതലും ഉത്തരവാദിത്വവും ഉയർത്തിപ്പിടിക്കുന്ന ഈ ആഘോഷം സമൂഹത്തിൽ പ്രത്യാശയുടെ പുതുവെളിച്ചമാകട്ടെയെന്നും ഇരുവരും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

