‘അന്ന് മൂന്ന് പരിപാടികൾ റദ്ദാക്കി, റോഡ് ഉദ്‌ഘാടനത്തിൽ പങ്കെടുക്കാത്തത് മാത്രം മറ്റെന്തോ കാരണം കൊണ്ടാണ് എന്ന രീതിയിൽ വാർത്ത പ്രചരിപ്പിക്കുന്നു’ -മന്ത്രിമാർ തമ്മിലുള്ള അവകാശത്തർക്ക വിവാദം നിഷേധിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നഗരത്തിലെ സ്‌മാർട്ട് റോഡുകളുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നത് സി.പി.എം മന്ത്രിമാർ തമ്മിലുള്ള അവകാശത്തർക്കത്തിന്റെ പേരിലെന്ന് ആരോപണം. കേന്ദ്ര-സംസ്ഥാന പദ്ധതിവിഹിതത്തിൽ പണം മുടക്കിയ തദ്ദേശവകുപ്പിനെക്കാൾ പ്രാധാന്യം പൊതുമരാമത്തിനാണ് ലഭിച്ചതെന്ന് മന്ത്രി എം.ബി. രാജേഷ് പരാതി പറഞ്ഞതായും ഇതിനെ തുടർന്നാണ് ഉദ്‌ഘാടനച്ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നതെന്നുമുള്ള വിവരം പുറത്തുവന്നതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്. എന്നാൽ, 12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കേന്ദ്ര, സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, സ്‌മാർട്ട് റോഡുകൾക്കായി തദ്ദേശ വകുപ്പ് നൽകിയത് 80 കോടിയോളം രൂപയാണ്. എന്നാല്‍, ഉദ്ഘാടന പരിപാടിയില്‍നിന്ന് തദ്ദേശമന്ത്രിയെ ഉള്‍പ്പെടെ പൂര്‍ണമായി ഒഴിവാക്കിയെന്നാണ് പരാതി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ മന്ത്രി വി. ശിവൻകുട്ടിയാണ് റോഡുകൾ നാടിനായി സമർപ്പിച്ചത്. ചടങ്ങിൽ മന്ത്രി രാജേഷിന്റെ അസാന്നിധ്യവും ശ്രദ്ധേയമായിരുന്നു.
ചൊവ്വാഴ്ച നടന്ന മന്ത്രിസഭ യോഗത്തിൽ മന്ത്രി രാജേഷ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് അതൃപ്തി അറിയിച്ചെന്ന വാർത്തകളും പുറത്തുവന്നു. എന്നാൽ, താൻ ആരോടും പരാതി പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകളിൽ വാസ്തവമില്ലെന്നുമാണ് മന്ത്രി രാജേഷ് പറയുന്നത്. സ്മാര്‍ട്ട് റോഡ് കടന്നുപോകുന്ന മണ്ഡലങ്ങളിലെ ജനപ്രതിനിധികളെല്ലാം പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിൽ കരാറുകാരന്‍റെ പിടിപ്പുകേടിൽ പൊതുമരാമത്ത് മന്ത്രിയുമായി കൊമ്പുകോര്‍ത്ത കടകംപള്ളി സുരേന്ദ്രന്‍റെ അസാന്നിധ്യവും ചർച്ചയായി.
അതേസമയം, സി.പി.എം മന്ത്രിമാർ തമ്മിൽ അവകാശത്തർക്കമുണ്ടായതിനെ തുടർന്ന് സ്മാർട്ട് റോഡുകളുടെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് മുഖ്യമന്ത്രി വിട്ടുനിന്നെന്ന പ്രചാരണം മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. ‘മേയ് 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യപരമായ കാരണങ്ങളാൽ ഉച്ചക്ക് ശേഷമുള്ള മൂന്ന് പരിപാടികൾ റദ്ദാക്കിയിരുന്നു. കാലവർഷ മുൻകരുതലുമായി ബന്ധപ്പെട്ട് വിളിച്ച പുനരവലോകന യോഗവും റോഡ് ഉദ്‌ഘാടനവും സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പരിപാടിയുമാണ് റദ്ദാക്കിയത്. ഇക്കാര്യം വിവിധ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തതുമാണ്. എന്നാൽ പിന്നീട് മറ്റെന്തോ കാരണങ്ങൾ കൊണ്ടാണ് റോഡ് ഉദ്‌ഘാടന പരിപാടിയിൽ മാത്രം പങ്കെടുക്കാത്തത് എന്ന രീതിയിൽ ചിലര്‍ വാർത്തകൾ പ്രചരിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക പരിപാടി വിജയകരമായി മുന്നേറുമ്പോൾ അതിൻ്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യത്തിന്റെ ഭാഗമാണിത്. മുഖ്യമന്ത്രിയുടെ ഓഫിസുമായോ മുഖ്യമന്ത്രിയുമായോ യാതൊരു തരത്തിലുള്ള അന്വേഷണവും നടത്താതെയാണ് ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത്’ -വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
വാർത്തകൾ നിഷേധിച്ച് മന്ത്രി രാജേഷ്
തിരുവനന്തപുരം: സ്മാർട്ട് റോഡ് ഉദ്ഘാടന വിവാദവുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾ നിഷേധിച്ച് മന്ത്രി എം.ബി. രാജേഷ്. മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടില്ലെന്നും വസ്തുതവിരുദ്ധമായ വാര്‍ത്തയാണ് വരുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം വാര്‍ത്തകള്‍ കൊടുക്കുന്നത് അന്യായമാണ്. നിഷ്കളങ്കമായി കൊടുക്കുന്നതല്ല ഇത്തരം വാര്‍ത്തകള്‍. മന്ത്രിസഭയിൽ ഭിന്നതയില്ല. സ്‌മാർട്ട് റോഡ് ഉദ്‌ഘാടനദിനത്തിൽ റവന്യൂ-തദ്ദേശ വകുപ്പുകളുടെ മറ്റൊരു യോഗത്തിൽ പങ്കെടുക്കുകയായിരുന്നു. യോഗം ആറുമണിവരെ നീണ്ടുപോയതുകൊണ്ടാണ് ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയത്. തെരഞ്ഞെടുപ്പ് വര്‍ഷങ്ങളിൽ ഇത്തരം വാര്‍ത്തകള്‍ പ്രതീക്ഷിക്കുന്നതാണ്. പുറത്തുവരുന്ന വാർത്തകൾ ശരിയല്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

