Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഗവർണർ ചിലത്...

'ഗവർണർ ചിലത് വായിച്ചില്ല, ചിലത് കൈയിൽ നിന്നിട്ടു'; നയപ്രഖ്യാപനത്തിന് പിന്നാലെ സഭയിൽ അസാധാരണ നീക്കങ്ങൾ, വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി

text_fields
bookmark_border
ഗവർണർ ചിലത് വായിച്ചില്ല, ചിലത് കൈയിൽ നിന്നിട്ടു; നയപ്രഖ്യാപനത്തിന് പിന്നാലെ സഭയിൽ അസാധാരണ നീക്കങ്ങൾ, വിട്ട ഭാഗം വായിച്ച് മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ അവസാന സഭ സമ്മേളനത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തി ഗവർണർ രാജേന്ദ്ര അർലേക്കർ മടങ്ങിയതിന് പിന്നാലെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നയ പ്രഖ്യാപനത്തിൽ ഗവർണർ മാറ്റംവരുത്തിയാണ് വായിച്ചതെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി വിട്ട ഭാഗങ്ങൾ സഭയിൽ വായിക്കുകയും ചെയ്തു.

കേന്ദ്ര സർക്കാറിനെ വിമർശിക്കുന്ന ഭാഗത്ത് ചില കാര്യങ്ങൾ വായിക്കാതെ വിടുകയും ചിലത് കൂട്ടിച്ചേർക്കുകയും ചെയ്ത ഗവർണർ കാണിച്ചത് ചട്ടലംഘനമാണെന്നും കാബിനറ്റ് അംഗീകരിച്ച നയപ്രഖ്യാപനമാണ് സഭ അംഗീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്

" ഇന്ന് ബഹു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ചെയറിന്റെയും ശ്രദ്ധയില്‍പ്പെടുത്തുന്നു.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12, 15, 16 എന്നിവയില്‍ ബഹു. ഗവര്‍ണറുടെ പ്രസംഗത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുയിട്ടുണ്ട്. ഭരണഘടനയുടെ അന്തഃസത്തയ്ക്കും സഭയുടെ കീഴ്‌വഴക്കങ്ങള്‍ക്കും അനുസൃതമായി മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗമാണ് നിലനില്‍ക്കുന്നത്.

അനുച്ഛേദം 176 പ്രകാരം ബഹു. ഗവര്‍ണര്‍ ഒരു വര്‍ഷത്തിലെ ആദ്യത്തെ സമ്മേളനം ചേരുമ്പോള്‍ നിയമസഭയെ അഭിസംബോധന ചെയ്യാറുണ്ട്. ഗവണ്‍മെന്റിന്റെ നയപ്രഖ്യാപനമാണ് ബഹു. ഗവര്‍ണര്‍ സഭയില്‍ നടത്തുന്നത് എന്നതിനാല്‍ മന്ത്രിസഭ അംഗീകരിച്ച 12, 15, 16 ഖണ്ഡികകള്‍ അതേപടി നിലനില്‍ക്കുന്നതാണ്. ഇക്കാര്യം സംബന്ധിച്ച് ചെയറില്‍ നിന്നും നിരവധി തവണ റൂളിങ്ങുകളും ഉണ്ടായിട്ടുണ്ട്.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 12 ലെ ആദ്യ വാചകം ഇപ്രകാരമാണ്:

'ഇത്തരം സാമൂഹികവും സ്ഥാപനപരവുമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും, ധനകാര്യ ഫെഡറലിസത്തിന്റെ ഭരണഘടനാപരമായ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന യൂണിയന്‍ ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായ പ്രതികൂല നടപടികളുടെ ഫലമായി കേരളം ഗുരുതരമായ സാമ്പത്തിക ഞെരുക്കം നേരിട്ടുകൊണ്ടിരിക്കുകയാണ്.''

ഈ വാചകം ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 15 ലെ അവസാന രണ്ടു വാചകങ്ങള്‍ ഇപ്രകാരമാണ്:

'സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്. ''

ഈ വാചകം ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16 ലെ അവസാന വാചകം ഇപ്രകാരമാണ്:

'നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്.''

ഈ വാചകത്തിനോടൊപ്പം 'എന്റെ സര്‍ക്കാര്‍ കരുതുന്നു'' എന്നു ബഹു. ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നയപ്രഖ്യാപന പ്രസംഗത്തില്‍ ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നു." -

നയപ്രഖ്യാപനത്തിൽ കേന്ദ്രത്തെ വിമർശിച്ച് ഗവർണർ

മഹാത്മാ ​ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിയിൽ കേന്ദ്രം വരുത്തിയ ഭേദ​ഗതി സംസ്ഥാനത്തിന് തിരിച്ചടിയാണെന്ന് ​ഗവർണർ രാജേന്ദ്ര ആർലേക്കർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. കേരളത്തിന്‍റെ അധികാരത്തിൽ കേന്ദ്രം കൈകടത്തുകയാണ്, കേന്ദ്രനടപടികൾ കേരളത്തിന്‍റെ ആരോ​ഗ്യം ഉൾപ്പെടെയുള്ള മേഖലകളെ സാരമായി ബാധിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തിലുണ്ട്.

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രവിഹിതത്തിൽ ​ഗണ്യമായ രീതിയിൽ കുറവുണ്ടായി. കേന്ദ്രവിഹിതം കുറക്കുന്നത് കേരളത്തെ സമ്മർദത്തിലാക്കുകയാണ്. പദ്ധതിയിൽ കേന്ദ്രവിഹിതം നൂറിൽനിന്ന് 60 ശതമാനമായി കുറച്ചു. പഴയ പദ്ധതി തന്നെ തുടരണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ജി.എസ്.ടി വിഹിതത്തിൽ വലിയ കുറവ് ഉണ്ടായി. വിവിധ പദ്ധതികളിൽ കേന്ദ്രത്തിൽനിന്നും ലഭിക്കാനുള്ള കുടിശിക 5650 കോടി രൂപയാണ്. അവസാനപാദത്തിൽ വായ്പ പകുതിയായി കുറച്ചു. പൊതുവിപണി വായ്പയിൽ 17,000 കോടി രൂപ വെട്ടിക്കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന അധികാരങ്ങള്‍ക്കുമേല്‍ കൈ കടത്തുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ പറഞ്ഞു.

'ആരോഗ്യ ജാഗ്രതാ കലണ്ടര്‍ സംസ്ഥാനത്ത് കൊണ്ടുവരും. 4500 കോടി രൂപ ഇതുവരെ കാരുണ്യക്കായി ചെലവഴിച്ചുകഴിഞ്ഞു. ആശമാരുടെ വേതനം 7000ത്തില്‍ നിന്ന് 8000ആയി ഉയർത്തി. കേരളത്തിന്റെ തനത് വരുമാനം വർദ്ധിച്ചു. പൊതു കടം കുറഞ്ഞു. സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ പ്രവർത്തനങ്ങൾക്ക് സംസ്ഥാനം പണം നീക്കി വെച്ചു. സാമ്പത്തിക സുസ്ഥിരതക്ക് നിയമപരവും ഭരണഘടനാപരവുമായ എല്ലാ വഴികളും തേടും. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തും. ഭൂരഹിത ഭവനരഹിത ലക്ഷ്യത്തിലേക്ക് കേരളം അടുക്കുന്നു. സംസ്ഥാനത്തെ ക്രമ സമാധാനം സുരക്ഷിതമായ നിലയിലാണുള്ളത്. '. ഗവർണർ പ്രസംഗത്തിൽ വ്യക്തമാക്കി.

കേരളത്തോടുള്ള കേന്ദ്രസർക്കാരിന്‍റെ അവഗണനയെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. ധൂർത്താണ് സാമ്പത്തിക ഞെരുക്കത്തിന് കാരണമെന്ന വാദം നയപ്രഖ്യാപനം തള്ളുകയാണെന്നും ഗവർണർ പറഞ്ഞു.

തന്റെ ആദ്യ നയപ്രഖ്യാപനമാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ നടത്തുന്നത്. രാവിലെ ഒമ്പതോടെ സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് ബൊക്കെ നൽകി ഗവർണറെ നിയമസഭയിലേക്ക് സ്വീകരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assembly sessionPinarayi VijayanKeralaRajendra Arlekar
News Summary - Chief Minister criticizes Governor
Next Story