10.19 കോടി എന്ന റെക്കോഡ് കളക്ഷൻ; കെ.എസ്.ആർ.ടി.സി ജീവനക്കാരെയും മാനേജ്മെന്‍റിനെയും അഭിനന്ദിച്ച് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഓണാവധിക്ക് ശേഷമുള്ള ആദ്യം പ്രവൃത്തിദിനത്തിൽ 10.19 കോടി എന്ന റെക്കോർഡ് കളക്ഷൻ നേടിയ കെ.എസ്.ആർ.ടി.സി ജീവനക്കാരെയും മാനേജ്മെന്‍റിനെയും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. തകർന്നു പോകുമെന്ന് വിധിയെഴുതിയ സംവിധാനത്തെ ചരിത്ര നേട്ടത്തിലേക്ക് നയിച്ച ജീവനക്കാർക്കും മാനേജ്മെന്റിനും പ്രത്യേകം അഭിനന്ദനം അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ആത്മാർപ്പണവും അധ്വാനവും അത്ഭുതങ്ങൾ സൃഷ്ടിക്കും. കെ.എസ്.ആർ.ടി.സി പ്രതിസന്ധികളിൽ നിന്ന് കരകയറുന്നത് ഭാവനാ സമ്പന്നരായ നേതൃത്വത്തിന്റെയും അർപ്പണ മനോഭാവത്തോടെ അക്ഷീണം പ്രവർത്തിക്കുന്ന തൊഴിലാളികളുടെയും ജീവനക്കാരുടെയും കൂട്ടായ്മയിലാണ്. ‘നശിച്ചു നാനാവിധമാകും; ഇനി ഭാവിയില്ല; എന്തിനീ വെള്ളാനയെ പോറ്റുന്നു..’ എന്നിങ്ങനെയുള്ള ശാപവചനങ്ങളിൽ നിന്ന് മുക്തി നേടി പുരോഗതിയുടെ പാതയിലൂടെ അതിവേഗ സഞ്ചാരത്തിലാണ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ.
സൗകര്യപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി നവീകരണ പ്രവർത്തനങ്ങളാണ് സമീപകാലത്ത് കെ.എസ്.ആർ.ടി.സിയിൽ നടന്നത്. ഈ മാറ്റങ്ങൾ പൊതു ഗതാഗത രംഗത്ത് ഉണ്ടാക്കിയ ചലനത്തിന്റെ തെളിവ് കൂടിയാണ് സ്ഥാപനം കൈവരിച്ച ഈ ചരിത്ര നേട്ടം. ട്രാവൽ കാർഡ്, യു.പി.ഐ പേയ്മെൻറ് സൗകര്യം, ലൈവ് ട്രാക്കിങ് സംവിധാനം തുടങ്ങിയ പുതു രീതികൾക്ക് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത ലഭിച്ചു. കൂടാതെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബസുകൾ നിരത്തിലിറക്കി മികവാർന്ന യാത്രാനുഭവം ഒരുക്കാനും സാധിച്ചു. മുടങ്ങിക്കിടന്ന പല സർവീസുകളും പുനരാരംഭിച്ചതും വരുമാന വർധനവിന് സഹായകമായിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സെൻട്രൽ സോണിലെ ബസുകൾക്കൊപ്പം നിറഞ്ഞ് കെ.എസ്.ആർ.ടി.സിയുടെ വരുമാനപ്പെട്ടി
കൊച്ചി: ഓണാവധികഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമൊക്കെ മടങ്ങാൻ പൊതുജനം കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചപ്പോൾ ലഭിച്ചത് റെക്കോഡ് വരുമാനം. എറണാകുളം ഉൾപ്പെടുന്ന സെൻട്രൽ സോണിലെ ബസുകൾക്കൊപ്പം നിറഞ്ഞത് കെ.എസ്.ആർ.ടി.സിയുടെ വരുമാനപ്പെട്ടികൂടിയാണ്. ലക്ഷ്യമിട്ടതിനേക്കാൾ 112.42 ശതമാനം അധിക വരുമാനമാണ് സെൻട്രൽ സോണിന് കഴിഞ്ഞ തിങ്കളാഴ്ച ലഭിച്ചത്.
ഓണദിവസങ്ങളിലൊക്കെ ജനം കെ.എസ്.ആർ.ടി.സിയെ യാത്രകൾക്ക് ആശ്രയിച്ചു. അത്യാവശ്യ യാത്രകൾ മുതൽ വിനോദയാത്ര വരെ നീളുന്ന ആവശ്യങ്ങൾക്ക് അവർ പ്രധാനമായും പൊതുഗതാഗതത്തെ ഒപ്പം കൂട്ടിയതാണ് വരുമാന വർധനവിന് വഴിയൊരുക്കിയതിന് കാരണം. 3.06 കോടിയുടെ വരുമാനമാണ് കഴിഞ്ഞ എട്ടിന് അധികൃതർ ലക്ഷ്യമിട്ടത്. എന്നാൽ അന്നേദിവസം 3.44 കോടിയുടെ വരുമാനമാണ് ലഭിച്ചത്. കേരളത്തിലെ മൂന്ന് സോണുകളിൽ രണ്ടാം സ്ഥാനത്താണ് സെൻട്രൽ സോണിന്റെ സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

